ADVERTISEMENT

തിരുവനന്തപുരം∙ തിരഞ്ഞെടുപ്പിൽ മത്സരിക്കണോയെന്ന് പാർട്ടിയാണ് തീരുമാനിക്കുന്നതെന്നു ബിജെപി ദേശീയ വൈസ് പ്രസിഡൻറ് എ.പി.അബ്ദുള്ളക്കുട്ടി. കേരളം ഭരിക്കാനാണ് ബിജെപി ഇത്തവണ മത്സരിക്കുന്നത്. ഈ തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ യുഡിഎഫിൽ ബാക്കിയാക്കുന്നത് മുസ്‌ലിം ലീഗ് മാത്രമായിരിക്കും.  ന്യൂനപക്ഷ പ്രീണനമെന്ന നിലയിലാണ് പാർട്ടി സെക്രട്ടറി എ.വിജയരാഘവന്റെ പ്രസ്താവന സിപിഎം തിരുത്തിയത്. എൽഡിഎഫിനു തുടർഭരണം ലഭിക്കില്ലെന്നും പിണറായി സർക്കാരിനെ ജനം വലിച്ചു താഴെയിടുമെന്നും അബ്ദുള്ളക്കുട്ടി ‘മനോരമ ഓൺലൈനോട്’ പറഞ്ഞു. സോളർ തട്ടിപ്പ് കേരളം കണ്ട ഞെട്ടിപ്പിക്കുന്ന തട്ടിപ്പാണ്. അതിലെ യഥാർഥ കുറ്റവാളികള്‍ വിചാരണ ചെയ്യപ്പെടുന്ന കാലം വിദൂരമല്ലെന്നായിരുന്നു താനുൾപ്പെടുന്ന കേസ് സിബിഐയ്ക്കു വിട്ടതിനെക്കുറിച്ച് അദ്ദേഹത്തിന്റെ പ്രതികരണം.

∙ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമോ?

സ്ഥാനാർഥി പട്ടികയിൽ ചർച്ചയ്ക്കുപോലും എന്റെ പേര് ഉണ്ടാകാനിടയില്ല. എനിക്കു ചുമതല നൽകിയിരിക്കുന്നത് ലക്ഷദ്വീപിലാണ്. അവിടെ വലിയ ഉത്തരവാദിത്തമുണ്ട്. അങ്ങനെയുള്ളപ്പോൾ മത്സരിക്കുമോ എന്ന ചോദ്യത്തിനു പ്രസക്തിയില്ല. ഇപ്പോൾ പാർട്ടി നിർദേശിച്ചത് അനുസരിച്ച് കേരളത്തിനു പുറത്താണ് പ്രവർത്തിക്കുന്നത്. എങ്കിലും കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ സജീവമായി ഉണ്ടാകും. മത്സരിക്കുന്നതിൽ അന്തിമതീരുമാനമെടുക്കുന്നത് പാർട്ടിയാണ്.

∙ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് എത്രത്തോളം സാധ്യതയുണ്ട്?

32 സീറ്റിൽ ബിജെപി നിർണായക ശക്തിയാണെന്നാണ് മാധ്യമ റിപ്പോർട്ട്. തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ സീറ്റും വോട്ടുവിഹിതവും കൂടി. കേരളം ഭരിക്കാനാണ് ബിജെപി ഇത്തവണ മത്സരിക്കുന്നത്. ഇരുമുന്നണികളും വോട്ടു മറിച്ചില്ലെങ്കിൽ ബിജെപിക്കു വൻമുന്നേറ്റം ലഭിക്കും, നിർണായക ശക്തിയാകും. ത്രിപുരയിൽ ബിജെപിക്കു കേരളത്തിലെപോലെ വോട്ട് ഷെയറോ സംഘടനാ ശക്തിയോ നേതൃത്വപരിചയമോ ഇല്ലായിരുന്നു. പഴയ എംപിയുടെ സ്റ്റാഫായിരുന്നു ഇപ്പോഴത്തെ ത്രിപുര മുഖ്യമന്ത്രി. ആ സ്ഥലത്ത് ജനവികാരം ബിജെപിക്ക് അനുകൂലമായി. അതുപോലെ അട്ടിമറി നടക്കേണ്ട ജനവികാരമുള്ള സ്ഥലമാണ് കേരളം.

∙ യുഡിഎഫ് അധികാരത്തിലെത്തുന്നത് തടയാൻ ബിജെപി എൽഡിഎഫിനു വോട്ടുമറിക്കുമെന്ന് കോൺഗ്രസ് നേതൃത്വം ആരോപിക്കുന്നുണ്ട്?

abdullakutty
എ.പി.അബ്ദുല്ലക്കുട്ടി

കോൺഗ്രസുകാരുടെ പ്രചാരണം മാത്രമാണത്. ബിജെപി സംസ്ഥാന നേതൃത്വം അതേക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല. സമൂഹമാധ്യമത്തിൽ നടക്കുന്ന ചർച്ചകൾ മാത്രമാണത്.

∙ യുഡിഎഫിൽ ലീഗിന്‍റെ അപ്രമാദിത്വമാണെന്നാണ് എൽഡിഎഫ് ആരോപണം?

ഈ തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ യുഡിഎഫിൽ ബാക്കിയാക്കുന്നത് ലീഗ് മാത്രമായിരിക്കും. പക്ഷേ പഴയ പ്രതാപമുണ്ടാകില്ല. കടുത്ത ജനവികാരം ലീഗിനെതിരെ ഉണ്ട്. എംപിയായ കുഞ്ഞാലിക്കുട്ടി തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ രാജിക്കൊരുങ്ങുന്നു. വളരെ തെറ്റായതും ഏകാധിപത്യ രാജ്യത്തു നടക്കുന്നതുമായ കാര്യമാണ്. കടുത്ത ഇസ്‌ലാമിക വികാരം ഇളക്കിവിട്ടും തീവ്ര ജമാഅത്തെ ഗ്രൂപ്പിനെ നിലനിർത്തിയുമായിരിക്കും ലീഗ് തിരഞ്ഞെടുപ്പിൽ പിടിച്ചു നിൽക്കുന്നത്. ഭാവിയിൽ കോൺഗ്രസിന്റെ നാശ ചരിത്രം എഴുതുമ്പോൾ അതിന്റെ ഉത്തരവാദിത്തം ലീഗിനായിരിക്കും. ലീഗ് കോൺഗ്രസിനെ കുളിപ്പിച്ചു കിടത്തുകയാണ്. രാഹുൽ ഗാന്ധിയെ വയനാട്ടിൽ മത്സരിപ്പിച്ചതും, മുഖ്യമന്ത്രിയെ സൃഷ്ടിക്കുന്നതുമെല്ലാം ഞങ്ങളാണ് എന്ന ലീഗിന്റെ അഹങ്കാരം അപക്വമാണ്. അത് കോൺഗ്രസിനെ ഈ ഗതിയിലാക്കി. കോൺഗ്രസിന്റെ നാശത്തിന്റെ മൂലകാരണം ലീഗിന്റെ അപ്രമാദിത്വമാണ്. നേതൃത്വം അത് തിരിച്ചറിയാൻ വൈകി.

∙ ഭൂരിപക്ഷവോട്ടുകൾ ലക്ഷ്യമിട്ടാണോ സിപിഎം സംസ്ഥാന ആക്ടിങ് സെക്രട്ടറി ലീഗിനെ കടന്നാക്രമിക്കുന്നത്. അത് തിരഞ്ഞെടുപ്പിൽ എങ്ങനെ പ്രതിഫലിക്കും?

കേരളത്തിൽ സിപിഎമ്മിനു വലിയ തോതിൽ വോട്ട്, സീറ്റ് ഷെയർ പോകും. അവരുടെ കാലിനടിയിലെ മണ്ണ് ഒഴുകിപോകുന്നു. അതിൽനിന്ന് അവർ പലപ്പോഴും രക്ഷപ്പെട്ടത് മുസ്‌ലിം പ്രീണനം നടത്തിയാണ്. കേന്ദ്രം നൽകുന്ന മൈനോറിറ്റി ഫണ്ട് 81 ശതമാനവും മുസ്‌ലിമിനു നൽകി ക്രൈസ്തവരടക്കമുള്ളവരെ ഒഴിവാക്കുന്നു. അങ്ങനെയാണ് വോട്ട് നിലനിർത്തിയത്. വിജയരാഘവന്റെ പ്രസ്താവനയിലൂടെ ഇത്തവണ മുസ്‌ലിം പിന്തുണ കുറയുമോ എന്നു പിണറായിക്കു പേടിയുണ്ട്. ന്യൂനപക്ഷ പ്രീണനമെന്ന നിലയിലാണ് സിപിഎം വിജയരാഘവന്റെ പ്രസ്താവന തിരുത്തിയത്. മുസ്‌ലിം വിഭാഗത്തിൽ പഴയ വർഗീയ കാർഡിറക്കിയിട്ടു കാര്യമില്ല. വിദ്യാഭ്യാസമുള്ളവർ മാറി ചിന്തിക്കും. പഴയ എസ്എഫ്ഐക്കാരൻ എന്ന നിലയിൽ വിജയരാഘവൻ വികാരപരമായി സത്യം  വിളിച്ചു പറഞ്ഞു. സത്യത്തിൽ തിരുത്തേണ്ട കാര്യമില്ല. മനസിലുള്ള കാര്യമാണ് പറഞ്ഞത്.

∙ എൽഡിഎഫിനു തുടർഭരണമുണ്ടാകുമോ?

AP Abdullakutty
എ.പി.അബ്ദുല്ലക്കുട്ടി

തുടർഭരണമുണ്ടാകുമെന്ന് പ്രതീക്ഷിച്ചാണ് നായനാരുടെ കാലത്ത് ഒരു  വർഷം മുൻപ് സർക്കാരിനെ പിരിച്ചുവിട്ടത്. അത് ഭീകരമായ ദയനീയമായ പാളിപോയ സ്വപ്നമായിരുന്നു. അതിനേക്കാൾ വലിയ തിരിച്ചടിയാണ് തിരഞ്ഞെടുപ്പിൽ പിണറായി സർക്കാരിനെ കാത്തിരിക്കുന്നത്. എൽഡിഎഫിനു ഭരണം നഷ്ടപ്പെടും.

∙ സോളർ കേസ് സിബിഐയ്ക്കു വിട്ടതിനെക്കുറിച്ച്?

ചെന്നിത്തല പൊലീസും പിണറായി പൊലീസും സോളർ കേസ് അന്വേഷിച്ചിട്ടും എനിക്കെതിരെ ഒന്നും കണ്ടെത്തിയില്ല. എന്നെ 501 വെട്ടു വെട്ടാൻ പകയുമായി നടക്കുന്ന ആളുകളാണ് ഇപ്പോൾ ഭരിക്കുന്നത്. അവരുടെ അന്വേഷണത്തിലും ഒന്നും കണ്ടെത്തിയില്ല. സോളർ തട്ടിപ്പ് കേരളം കണ്ട ഞെട്ടിപ്പിക്കുന്ന തട്ടിപ്പാണ്. അതിലെ യഥാർഥ കുറ്റവാളികള്‍ വിചാരണ ചെയ്യപ്പെടുന്ന കാലം വിദൂരമല്ല.

English Summary: Interview with AP Abdullakutty

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com