വിആർഎസ് നടപ്പാക്കി, ശമ്പള ചെലവ് കുറഞ്ഞു; പക്ഷേ ‘ബിഎസ്എന്‍എൽ 4ജി’ മാത്രം വന്നില്ല!

bsnl-4g-1200
SHARE

കോട്ടയം ∙ വിആർഎസ് കഴിഞ്ഞിട്ട് ഒരു വർഷം; 4 ജി എന്നിട്ടും എത്തിയില്ല. ബിഎസ്എൻഎൽ പുനരുദ്ധാരണ പാക്കേജിന്റെ ഭാഗമായി 50 വയസ്സിനു മുകളിലുള്ള ജീവനക്കാർക്കു സ്വയം വിരമിക്കൽ പദ്ധതി (വിആർഎസ്) നടപ്പാക്കിയിട്ട് ഒരു വർഷം പൂർത്തിയായി. പകുതിയിൽ അധികം ജീവനക്കാർ ബിഎസ്എൻഎല്ലിൽനിന്നു പുറത്തു പോയി. എന്നാൽ അടിസ്ഥാന പരമായ മാറ്റങ്ങൾ ബിഎസ്എൻഎല്ലില്‍ സംഭവിച്ചിട്ടില്ലെന്നു ജീവനക്കാരും യൂണിയനുകളും.

4ജി എത്തിയില്ല

പുനരുദ്ധാരണ പാക്കേജിന്റെ പ്രധാന നിർദേശങ്ങളിൽ ഒന്ന് രാജ്യവ്യാപകമായി ബിഎസ്എൻഎൽ 4ജി സേവനം ആരംഭിക്കും എന്നതായിരുന്നു. എന്നാൽ വിആർഎസ് നടപ്പാക്കി ഒരു വർഷം കഴിഞ്ഞിട്ടും 4ജി സേവനം ലഭ്യമാക്കുന്നതിന്റെ അടിസ്ഥാന നടപടികൾ പോലും ആയിട്ടില്ല. 4ജി സ്പെക്ട്രം അനുവദിച്ചിട്ടുണ്ടെങ്കിലും ഇതു ലഭ്യമാക്കാനുള്ള സാങ്കേതിക സൗകര്യങ്ങൾ ഒരുക്കിയിട്ടില്ല.

ടെലികോം ഭീമന്മാരായ വാവെയ്, ഇസഡ്ടിഇ, നോക്കിയ, എറിക്സൻ, സാംസങ് കമ്പനികളിൽ നിന്ന് ഉപകരണങ്ങൾ വാങ്ങുന്നതിനു പകരം തദ്ദേശിയമായി സാങ്കേതിക വിദ്യ വികസിപ്പിക്കാനാണു കേന്ദ്രസർക്കാർ ആത്മനിർഭർ ഭാരതിന്റെ ഭാഗമായി ബിഎസ്എൻഎല്ലിനു നിർദേശം നൽകിയത്. ഇതോടെ 4ജി സേവനം ലഭ്യമാക്കുന്നതു നീണ്ടു പോകുകയാണ്. 4ജി ഇല്ലാത്തതു ബിഎസ്എൻഎല്ലിന്റെ മൊബൈൽ സേവനങ്ങളെ കാര്യമായി ബാധിക്കുന്നെന്നു കാണിച്ചു യൂണിയനുകളും എംപിമാരും കേന്ദ്രത്തെ ഒട്ടേറെത്തവണ സമീപിച്ചു.

ശമ്പള ചെലവ് പകുതിക്കു താഴെ

ബിഎസ്എൻഎല്ലിൽ ശമ്പള ചെലവ് പകുതിക്കു താഴെയായി മാറി. സ്ഥിരം ജീവനക്കാരുടെ എണ്ണം കുത്തനെ കുറഞ്ഞതാണു കാരണം

ബിഎസ്എൻഎൽ ജീവനക്കാരുടെ കണക്ക്

∙ വിആർഎസിന് മുൻപുണ്ടായിരുന്ന ജീവനക്കാർ– 1,53,203
∙ വിആർഎസ് നടപ്പാക്കിയ ശേഷം കഴിഞ്ഞ ഫെബ്രുവരിയിലെ ജീവനക്കാർ– 74,634
∙ ഈ ഫെബ്രുവരിയിലെ ജീവനക്കാരുടെ എണ്ണം– 72,000

കേരളത്തിലെ കണക്ക്

∙ വിആർഎസിന് മുൻപുണ്ടായിരുന്ന ജീവനക്കാർ– 9381
∙ വിആർഎസ് നടപ്പാക്കിയ ശേഷം കഴിഞ്ഞ ഫെബ്രുവരിയിലെ ജീവനക്കാർ– 4785
∙ ഈ ഫെബ്രുവരിയിലെ ജീവനക്കാരുടെ എണ്ണം– 3965

ജീവനക്കാരുടെ എണ്ണത്തിൽ വന്ന കുറവ് ശമ്പള വിതരണത്തിനു വേണ്ട തുകയിലും വൻ കുറവ് വരുത്തിയിട്ടുണ്ട്. എന്നാൽ ഇൗ ഗുണം ലഭിക്കുന്നില്ലെന്നു ജീവനക്കാർ പറയുന്നു. ഇപ്പോഴും ശമ്പള വിതരണത്തിലെ പ്രശ്നങ്ങള്‍ പരിഹരിച്ചിട്ടില്ല.

നടപ്പായ പദ്ധതികൾ

വിആർഎസിനു പുറമെ കടപ്പത്രങ്ങൾ പുറത്തിറക്കി പണം സമാഹരിക്കുന്ന നടപടിയും ബിഎസ്എൻഎൽ പൂർത്തിയാക്കി. 8500 കോടി രൂപയാണു കടപ്പത്രങ്ങൾ വഴി ബിഎസ്എൻഎൽ സമാഹരിച്ചത്. പുനരുദ്ധാരണ പാക്കേജജിനും കമ്പനിയുടെ മുന്നോട്ടുള്ള പ്രവർത്തനത്തിനുമാണു പണം സമാഹരിക്കുന്നത്. സേവനങ്ങൾ പുറംകരാറിലേക്ക് മാറ്റുന്ന നടപടികൾ തുടർന്നു വരികയാണ്. ഇതനുസരിച്ചു ഉപഭോക്തൃ സേവന കേന്ദ്രങ്ങളുടെ നടത്തിപ്പ് അടക്കം പുറംകരാർ നൽകിക്കഴിഞ്ഞു. ലാൻഡ് ഫോൺ, ബ്രോഡ്ബാൻഡ് എന്നിവയുടെ പരിപാലനവും ഇപ്പോൾ പല സ്ഥലങ്ങളിലും പുറംകകാർ വഴിയാണ് നടപ്പാക്കുന്നത്.

മുന്നോട്ടു പോകേണ്ടത്

18,000 കോടി രൂപയോളം കയ്യിലുള്ള വസ്തു ഈടുവയ്ക്കുകയോ വിൽക്കുകയോ വഴി സമാഹരിക്കാൻ ലക്ഷ്യമിട്ടിട്ടുണ്ട്. എന്നാൽ ഇക്കാര്യത്തിൽ കാര്യമായി മുന്നോട്ടു പോയിട്ടില്ല. സാമ്പത്തികമായി ബിഎസ്എൻഎല്ലിനെ സ്ഥിരപ്പെടുത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ബിഎസ്എൻഎൽ–എംടിഎൻഎൽ ലയന നടപടികളും പൂർത്തിയാക്കണം.

അടിസ്ഥാനപരമായ മാറ്റങ്ങൾ പോലും വന്നില്ല: എസ്എൻഇഎ

ബിഎസ്എൻഎൽ പുനരുദ്ധാരണ പാക്കേജിന്റെ ഭാഗമായി പ്രാഥമിക പരിഷ്കാരങ്ങൾ പോലും നടപ്പാക്കിയിട്ടില്ലെന്നു സഞ്ചാർ നിഗം ലിമിറ്റഡ് എക്സിക്യൂട്ടീവ്സ് അസോസിയേഷൻ (എസ്എൻഇഎ) ദേശിയ ജനറൽ സെക്രട്ടറി കെ.സെബാസ്റ്റ്യൻ പറഞ്ഞു. 4ജി സേവനം അവതരിപ്പിക്കൽ, വായ്പകൾ തിരിച്ചടയ്ക്കുന്നതിനു തുക കണ്ടെത്തൽ. ജീവനക്കാരുടെ ശമ്പളത്തിലടക്കമുള്ള പ്രശ്നങ്ങൾ എന്നിവ ഇതു വരെ പരിഹരിക്കാതെ കിടക്കുന്നു. ഇത്തരം കാര്യങ്ങൾ ചൂണ്ടിക്കാട്ടി അസോസിയേഷൻ കേന്ദ്ര ടെലിംകോം മന്ത്രി., ടെലികോം സെക്രട്ടറി, ബിഎസ്എൻഎൽ സിഎംഡി എന്നിവർക്കു പരാതി നൽകി.

വരുമാനം ‘വയർ’ വഴി

ബിഎസ്എൻഎൽ വരുമാനത്തിനായി പ്രധാനമായും ആശ്രയിക്കുന്നതു ബ്രോഡ്ബാൻഡ്, ലീഡ്ഡ് ലൈൻ തുടങ്ങിയ വയേർഡ് കണക്‌ഷനുകളെ. മൊബൈൽ ഫോണ്‍ വിഭാഗത്തില്‍ നിന്നുള്ള വരുമാനത്തിൽ വലിയ വർധനയില്ല. ചെറിയ കുറവുണ്ടു താനും. 4ജി എത്തിയാൽ മൊബൈല്‍ സേവനത്തിൽ വരുമാന വർധന ഉണ്ടാകുമെന്നാണു പ്രതീക്ഷ. ഫൈബർ ടു ദ് ഹോം (എഫ്ടിടിഎച്ച്), ബ്രോഡ്ബാൻഡ് സേവനങ്ങൾക്ക് വലിയ ആവശ്യക്കാരാണുള്ളത്. ഇത്തരം സേവനങ്ങളിൽ ബിഎസ്എന്‍എല്ലിനാണു കുത്തക. കൂടാതെ വലിയ കമ്പനികൾക്കും സേവനങ്ങൾക്കുമായി നൽകുന്ന പ്രത്യേക ലൈനുകളായ ലീസ്ഡ് ലൈന്‍ ബിസിനസും കമ്പനിക്ക് വരുമാനം നൽകുന്നു.

English Summary: BSNL 4G Yet to Come

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA