ADVERTISEMENT

ലക്നൗ ∙ സുപ്രീം‌കോടതി വിധിയെത്തുടർന്ന് അയോധ്യയിൽ മുസ്‌ലിം പള്ളി പണിയാൻ  സുന്നി വഖഫ് ബോർഡിനു നൽകിയ ഭൂമിയിൽ അവകാശം ഉന്നയിച്ച്  അലഹബാദ് ഹൈക്കോടതിയിൽ ഹർജി. അയോധ്യയിലെ ധന്നിപുർ ഗ്രാമത്തിൽ  5 ഏക്കർ സ്ഥലത്താണ് പള്ളി നിർമിക്കുന്നത്. ഈ സ്ഥലം തങ്ങളുടെ പിതാവ് ഗ്യാൻ ചന്ദ്രയുടെ പേരിലുള്ള 28 ഏക്കറിൽ പെടുന്ന സ്ഥലമാണെന്നു ചൂണ്ടിക്കാട്ടി ഡൽഹി സ്വദേശിനികളായ റാണി കപൂർ, രമാ റാണി എന്ന സഹോദരിമാരാണ് അലഹബാദ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. ഹർജി ഹൈക്കോടതിയുടെ ലക്‌നൗ ബെഞ്ച് ഈ മാസം എട്ടിനു പരിഗണിക്കും.

വിഭജനകാലത്ത് പഞ്ചാബിൽ നിന്നെത്തിയ പിതാവ് ഫൈസാബാദിൽ താമസം തുടങ്ങിയപ്പോഴാണ് ധന്നിപുർ ഗ്രാമത്തിൽ വിവാദ ഭൂമി ഉൾപ്പെടുന്ന സ്ഥലമടക്കം അദ്ദേഹത്തിനു പതിച്ചു കിട്ടിയത്. റവന്യൂ രേഖകളിലും ഈ വിവരമുണ്ട്. പിന്നീട്  രേഖകളിൽ നിന്ന് അദ്ദേഹത്തിന്റെ പേര് നീക്കം ചെയ്തിരുന്നു. ഇതിനെതിരെ അപ്പീൽ പോകുകയും അനുകൂല വിധി സമ്പാദിക്കുകയും ചെയ്തു. എന്നാൽ കൺസോളിഡേഷൻ ഓഫിസർ തങ്ങളുടെ പിതാവിന്റെ പേര് രേഖകളിൽ നിന്ന് നീക്കി. ഇതിനെതിരെയുള്ള അപ്പീൽ സെറ്റിൽമന്റ് ഓഫിസറുടെ പരിഗണനയിലിരിക്കെയാണ് ഭൂമി സുന്നി വഖഫ് ബോർഡിനു കൈമാറിയതെന്നും ഹർജിയിൽ പറയുന്നു. 

അപ്പീലിൽ തീരുമാനം ആകുന്നത് വരെ ഭൂമി  വഖഫ് ബോർഡിനു കൈമാറിയ നടപടി മരവിപ്പിക്കണമെന്നാണ് ഹർജിക്കാരുടെ ആവശ്യം. 15,000 ചതുരശ്ര അടിയുള്ള പള്ളിയുടെ നിർമാണം റിപ്പബ്ലിക് ദിനത്തിൽ ആരംഭിച്ചിരുന്നു. മരത്തൈകൾ നട്ടും ദേശീയ പതാക ഉയർത്തിയുമായിരുന്നു നിർമാണ പ്രവർത്തനങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം നടത്തിയത്.

രാമക്ഷേത്രം നിർമിക്കുന്നതിന്റെ 25 കിലോമീറ്റർ മാറിയുള്ള അഞ്ച് ഏക്കറിലാണ് പള്ളിയും അനുബന്ധ സ്ഥാപനങ്ങളും വരിക. ഇന്തോ – ഇസ്‌ലാമിക് കൾച്ചറൽ ഫൗണ്ടേഷൻ (ഐഐസിഎഫ്) ട്രസ്റ്റിനാണ് നിർമാണ ചുമതല. പള്ളി കൂടാതെ, ആശുപത്രി, മ്യൂസിയം, ലൈബ്രറി, സാമൂഹിക അടുക്കള, ഇന്തോ – ഇസ്‌ലാമിക് കൾച്ചറൽ റിസർച് സെന്റർ, പബ്ലിക്കേഷൻ നിലയം തുടങ്ങിയവയാണ് ഈ അഞ്ച് ഏക്കറിൽ വരുന്നത്. 

English Summary: Delhi Sisters Claim Ownership Of Land Offered For Ayodhya Mosque, Move High Court

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com