'10 ലെയര്‍ ബാരിക്കേഡ്, ഇടയില്‍ മുള്ളുകമ്പി; യുദ്ധസമാന സാഹചര്യം: ഭീകര അവസ്ഥ'

nk-premachandran-am-arif
കർഷക സമരത്തിന് അഭിവാദ്യമർപ്പിക്കാൻ ഗാസിപ്പുരിലെത്തിയ എ.എം. ആരിഫ്, എൻ.കെ. പ്രേമചന്ദ്രൻ, കനിമൊഴി, ഹർസിമ്രത് ബാദൽ തുടങ്ങിയ എംപിമാരുടെ സംഘം. ഹർസിമ്രത് ബാദൽ ട്വീറ്റ് ചെയ്ത ചിത്രം.
SHARE

കോട്ടയം∙ ഇന്ത്യ – പാക്ക് അതിർത്തിയിൽ യുദ്ധസമാനമായ സാഹചര്യത്തിൽ കാണുന്ന തരത്തിലെ സന്നാഹമാണ് കർഷകരെ പ്രതിരോധിക്കാനുള്ള നടപടികളായി ഗാസിപ്പുരിൽ കണ്ടതെന്ന് എൻ.കെ. പ്രേമചന്ദ്രൻ എംപി. അതിർത്തിയിലേക്കാൾ ഭീകരമായ അവസ്ഥയാണ് കണ്ടതെന്ന് എ.എം. ആരിഫ് എംപിയും പ്രതികരിച്ചു. ഇവർ ഉൾപ്പെടെ കർഷക സമരത്തിന് പിന്തുണയുമായി പോയ പ്രതിപക്ഷ എംപിമാരുടെ സംഘത്തെ അതിർത്തിയിൽ തടഞ്ഞിരുന്നു. 15 എംപിമാരാണ് സംഘത്തിലുണ്ടായിരുന്നത്. ഗാസിപ്പുരിൽ കണ്ട ഞെട്ടിക്കുന്ന സാഹചര്യത്തെക്കുറിച്ച് മനോരമ ഓൺലൈനിനോടു പ്രതികരിക്കുകയായിരുന്നു ഇരുവരും.

പത്തോളം ലെയർ ബാരിക്കേഡുകളാണ് സ്ഥാപിച്ചിരിക്കുന്നതെന്ന് ആരിഫ് പറഞ്ഞു. അതിനിടയിൽ മുള്ളുകമ്പി വളച്ചു കെട്ടിയിരിക്കുന്നു. വലിയ കോൺക്രീറ്റ് ബ്ലോക്കുകളാണ് വച്ചിരിക്കുന്നത്. ഒരുവിധത്തിലും മുന്നോട്ടുപോകാനാകാത്ത സാഹചര്യമാണുണ്ടായത്. ഫ്ലൈ ഓവറിനു മുകളിലും അതുപോലെതന്നെയാണ് ചെയ്തിരിക്കുന്നത്. മാധ്യമപ്രവർത്തകർക്കുപോലും ഞങ്ങളുടെ അടുത്തേക്ക് വരാനാകാത്ത വിധത്തിലാണ് ബാരിക്കേഡുകൾ. ആദ്യ ബാരിക്കേഡ് എടുത്തുമാറ്റി ഞങ്ങൾ മുന്നോട്ടുപോയെങ്കിലും പിന്നീടുള്ളവ എടുത്തുമാറ്റാനോ ചാടിക്കടക്കാനോ കഴിയാത്ത തരത്തിലുള്ളവയായിരുന്നുവെന്നും സംഘർഷാത്മകമായ സാഹചര്യമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

ഗാസിപ്പുർ ഉൾപ്പെടെയുള്ള ഡൽഹി അതിർത്തിയിൽ കർഷക സമരത്തെ ഉപരോധിക്കാനുള്ള കേന്ദ്ര, യുപി സർക്കാരുകളുടെ നടപടികൾ നേരിൽക്കണ്ട് ബോധ്യപ്പെടുന്നതിനായാണ് പോയതെന്ന് എൻ.കെ. പ്രേമചന്ദ്രൻ വ്യക്തമാക്കി. പാർലമെന്റ് എംപിമാരുടെ ഒരു സൗഹൃദക്കൂട്ടായ്മയിലാണ് സംഘം എന്ന നിലയിൽ പോകാമെന്ന തീരുമാനം വന്നത്. ഒരു തരത്തിലെ രാഷ്ട്രീയമാനവും ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘അവിടെയെത്തിയപ്പോൾ ശരിക്കും ഞെട്ടിക്കുന്ന അനുഭവമാണ് ഉണ്ടായത്. രണ്ടു കിലോമീറ്ററോളം പ്രദേശം ബാരിക്കേഡ്, കമ്പി, കോൺക്രീറ്റ് വേലി, മൂർച്ചയുള്ള പാര ഘടിപ്പിച്ച കോൺക്രീറ്റ് ബ്ലോക്കുകൾ ഉൾപ്പെടെ വിവിധ സെക്ടറുകളായി പലതരത്തിൽ ഇത്തരത്തിൽ ബ്ലോക്ക് ചെയ്തിരിക്കുന്നതാണ് കണ്ടത്. ജനാധിപത്യപരമായി നടക്കുന്ന സമരത്തെ അമർച്ച ചെയ്യാൻ ഇത്രയും വലിയ സന്നാഹങ്ങൾ ചെയ്യുക എന്നത് ആരെയും അദ്ഭുതപ്പെടുത്തുന്നതാണ്.

ഈ സമരത്തെ ഏതുവിധേനെയും ഇല്ലാതാക്കുകയെന്ന ബോധപൂർവമായ ഉദ്ദേശത്തോടുകൂടിയാണ് ഇത്തരത്തി‌ലെ ധാരാളം സംവിധാനങ്ങൾ ഇവിടെ സ്ഥാപിച്ചിരിക്കുന്നത്. ഞങ്ങൾ ചെല്ലുമ്പോൾ ആദ്യം അകത്തേക്കു കടക്കാൻപോലും പൊലീസ് സമ്മതിച്ചില്ല. വാക്കുതർക്കത്തിനുശേഷമാണ് അകത്തേക്കു കടക്കാൻ അനുവദിച്ചത്. എന്നാൽ പൊലീസുകാർക്കുപോലും പോകാൻ കഴിയാത്ത തരത്തിലാണ് ബാരിക്കേഡുകൾ സ്ഥാപിച്ചിരിക്കുന്നത്. ഇവിടെനിന്നും ഒരു കിലോമീറ്ററോളം അപ്പുറത്താണ് കൃഷിക്കാർ അവരുടെ സമരം നടത്തുന്നത്. ഇവിടെനിന്ന് അഭിവാദ്യം അർപ്പിച്ചു പോരാനേ ഞങ്ങൾക്കു കഴിഞ്ഞുള്ളൂ.

ജനാധിപത്യപരമായി നടക്കുന്ന സമരത്തെ പരിഷ്കൃത ജനാധിപത്യ സമൂഹത്തിൽ ഒരു ഭരണകൂടം ഇത്തരത്തിൽ നേരിടുന്ന നടപടി ഒട്ടുംതന്നെ സ്വീകാര്യമല്ല. ഇതു നീതീകരിക്കാൻ കഴിയുന്നതല്ല. സമവായത്തിലൂടെയും ചർച്ചയിലൂടെയും സമരം പരിഹരിക്കാനുതകുന്ന ക്രിയാത്മകമായ നടപടികൾ സ്വീകരിക്കുന്നതിനു പകരം ഭരണകൂടത്തിന്റെ ശക്തമായ ആയുധങ്ങൾ ഉപയോഗിച്ച് ഉപരോധങ്ങൾ ഏർപ്പെടുത്തുകയാണ് സർക്കാർ. പൊതു അഭിപ്രായം പരിഗണിച്ച് നിയമം പിൻവലിച്ച് പാർലമെന്റിൽ ചർച്ച ചെയ്യണം. ജനാധിപത്യ സ്വഭാവത്തിലൂടെ പ്രശ്നം പരിഹരിക്കാൻ രാഷ്ട്രീയ ദുരഭിമാനം ഒരു തടസ്സമാണ്. അതാണ് ഇന്നു സർക്കാരിനെ നയിക്കുന്നത്. ഇതു സർക്കാരിനു ഭൂഷണമല്ല. പുനരാലോചിക്കണം.

സമരം ചെയ്യുന്ന കൃഷിക്കാർ നമ്മുടെ രാജ്യത്തെ ജനങ്ങളാണ്. രാജ്യത്തിന്റെ ഭക്ഷ്യശേഖരം വർധിപ്പിക്കുന്ന പ്രധാന സ്രോതസ്സാണ്. ആ സമൂഹത്തെ വിശ്വാസത്തിലെടുത്ത് സമരം അവസാനിപ്പിക്കാൻ ഉതകുന്ന രീതിയിൽ കേന്ദ്രം നടപടിയെടുക്കണം’ – പ്രേമചന്ദ്രൻ കൂട്ടിച്ചേർത്തു.

പാർലമെന്റ് അംഗങ്ങളാണെന്നും സമാധാനപരമായി കൃഷിക്കാർക്ക് അഭിവാദ്യം അർപ്പിക്കാൻ വന്നതാണെന്നു പറഞ്ഞിട്ടും കടത്തിവിട്ടില്ലെന്ന് ആരിഫ് വ്യക്തമാക്കി. വെള്ളമില്ല, വെളിച്ചമില്ല, അത്രത്തോളം ഭീകരമായ സാഹചര്യമാണ് അവിടെ. ഇത്രയും ഭീകരാന്തരീക്ഷം അവിടെ സൃഷ്ടിക്കേണ്ട ഒരു കാര്യവുമില്ല. ജനാധിപത്യവിരുദ്ധമായ നടപടിയാണിത്. അതിശക്തമായ പ്രതിഷേധം ഉയരേണ്ടത് അത്യാവശ്യമാണ്, ആരിഫ് കൂട്ടിച്ചേർത്തു.

ശിരോമണി അകാലിദളിന്റെ ഹർസിമ്രത് കൗർ ബാദൽ, തൃണമൂൽ കോൺഗ്രസ് മുതിർന്ന നേതാവ് സുഗത റോയി, എൻസിപി നേതാവ് സുപ്രിയ സുലെ, ഡിഎംകെ നേതാവ് കനിമൊഴി, സിപിഎമ്മിലെ മധുര എംപി വെങ്കിടേഷ് തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു.

English Summary: NK Premachandran & AM Arif MPs explaining what they saw in Gazipur border

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA