ADVERTISEMENT

തൃശൂർ ∙ ‌‘എനിക്ക് ഇടയ്ക്കൊക്കെ ചെവികേൾക്കാനും വല്ലപ്പോഴും മിണ്ടാനും പറ്റും. ഞാനൊരു പ്രത്യേകതരം ഊമയാ..’ പഞ്ചാബി ഹൗസ് സിനിമയിൽ ബധിരനും മൂകനുമായി അഭിനയിച്ച ദിലീപിന്റെ കഥാപാത്രം പറയുന്ന ഈ പ്രശസ്ത ഡയലോഗ് നേരിട്ടു കേൾക്കാനിടയായതിന്റെ ഞെട്ടലിലാണ് തൃശൂർ ഈസ്റ്റ് സ്റ്റേഷനിലെ പൊലീസുകാർ. സ്ഥാപനങ്ങളുടെ ഓഫിസിൽ കടന്നുചെന്നു ബധിരനും മൂകനുമായി അഭിനയിച്ചു പണം അടിച്ചുമാറ്റുന്നതു പതിവാക്കിയ മോഷ്ടാവിനെ കയ്യോടെ പിടികൂടിയപ്പോഴാണു വേറിട്ട തട്ടിപ്പുരീതി പുറത്തുവന്നത്.

തമിഴ്നാട് വേലൂർ ശങ്കരപുരം സ്വദേശി മുരുകനെ (49) ആണ് അറസ്റ്റ് ചെയ്തത്. എങ്ങനെയാണ് എല്ലാവരുടെയും കണ്ണുവെട്ടിച്ചു പണം കവരുന്നതെന്നു ചോദിച്ചപ്പോൾ പൊലീസുകാർക്കു മുന്നിൽ തന്റെ മോഷണരീതി മുരുകൻ അഭിനയിച്ചു കാണ‍ിക്കുകയും ചെയ്തു. ബാങ്കുകൾ, സ്വകാര്യ ധനകാര്യ സ്ഥാപനങ്ങൾ തു‌ടങ്ങിയവയുടെ ഓഫിസുകളാണ് മുരുകന്റെ ഉന്നം. ബധിര–മൂക അസോസിയേഷന്റെ വ്യാജസീൽ പതിച്ച ലെറ്റർപാഡും കൊണ്ടാണ് മുരുകൻ സ്ഥാപനങ്ങളുടെ ഓഫിസിലെത്തുക.

മുരുകൻ
മുരുകൻ

ഓഫിസുകളിലെ കൗണ്ടറുകളിൽ മേശപ്പുറത്തു മൊബൈൽ ഫോണോ പണമോ ഇരിക്കുന്നതു കണ്ടാൽ ലെറ്റർപാഡ് മേശയ്ക്കു മുകളിൽ വച്ച് ആംഗ്യഭാഷയിൽ സഹായം അഭ്യർഥിക്കും. ജീവനക്കാരുടെ ശ്രദ്ധമ‍ുഴുവൻ ആംഗ്യത്തിലേക്കു തിരിയുമ്പോള്‍ മേശപ്പുറത്തിരിക്കുന്ന പണവും ഫോണും ലെറ്റർപാഡിനടിയ‍ിൽ തിരുകിയെടുത്ത് ഇയാൾ മടങ്ങും. പൊലീസ് പിടികൂടിയെങ്കിലും താൻ ബധിരനും മൂകനുമല്ലെന്നു സമ്മതിക്കാൻ മുരുകൻ തയാറായില്ല. ഒടുവിൽ മണിക്കൂറുകളോളം ചോദ്യംചെയ്തപ്പോൾ മണിമണിയായി മുരുകൻ തമിഴിൽ കുറ്റമേറ്റു!

കഴിഞ്ഞ വർഷം ഗ‍ുരുവായൂരിൽ ഗ്രാമീൺ ബാങ്കിലെ കൗണ്ടറിൽ നിന്ന് ഇതേരീതിയിൽ 11 പവൻ പണയസ്വർണം മുരുകൻ മോഷ്ടിച്ചിരുന്നു. ഈസ്റ്റ് എസ്എച്ച്ഒ പി.ലാൽകുമാർ, എസ്ഐ സിനോജ്, സൈബർസെൽ എഎസ്ഐ ഫീസ്റ്റോ, മിഥുൻ, നിഴൽ പൊലീസ് എസ്ഐ ടി.ആർ. ഗ്ലാഡ്സ്റ്റൺ, രാജൻ, എൻ.ജി. സുവൃതകുമാർ, റാഫി, ഗോപാലകൃഷ്ണൻ, എഎസ്ഐമാരായ രാജേഷ്, ജിനുകുമാർ, സീനിയർ സിപിഒമാരായ പഴനിസ്വാമി, ടി.വി. ജീവൻ, എം.എസ്. ലിഗേഷ്, വിപിൻദാസ് എന്നിവർ ഉൾപ്പെടുന്ന സംഘമാണ് മോഷ്ടാവിനെ പിടികൂടിയത്.

English Summary: Deaf Thief Caught at Thrissur

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com