ADVERTISEMENT

തിരുവനന്തപുരം∙ കോവിഡിനെത്തുടർന്നു പ്രതിസന്ധിയിലായ ടൂറിസം മേഖലയ്ക്കു സർക്കാർ പ്രഖ്യാപിച്ച 455 കോടി രൂപയുടെ വായ്പാ പദ്ധതിയിൽ ഇതുവരെ വായ്പ ലഭിച്ചത് 40 സംരംഭകർക്കു മാത്രം. ബാങ്കുകൾ വായ്പ നൽകാൻ തയാറാകുന്നില്ലെന്ന പരാതിയെത്തുടർന്നു സർക്കാർ ബാങ്കുകളുമായി ചർച്ച നടത്തിയെങ്കിലും കാര്യമായ ഫലമുണ്ടായില്ലെന്നു ടൂറിസം സംരംഭകർ പറയുന്നു.

ടൂറിസം മേഖലയിലെ 5000 സംരംഭകർക്കു 355 കോടിയും തൊഴിലാളികൾക്കു 100 കോടിയും വായ്പയായി നൽകാനായിരുന്നു പദ്ധതി. സർക്കാർ പദ്ധതി പ്രഖ്യാപിച്ച് 6 മാസം കഴിഞ്ഞു. ആദ്യ വർഷത്തെ പലിശയുടെ പകുതി സബ്സിഡിയായി നൽകാനായിരുന്നു ടൂറിസം വകുപ്പിന്റെ തീരുമാനം. ഹോട്ടലുകളും റിസോർട്ടുകളും തുറക്കാൻ അനുമതി നൽകിയെങ്കിലും സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് പലതും തുറന്നിട്ടില്ല. തുറന്നവ പലതും  സഞ്ചാരികളില്ലാത്തതിനാൽ മുന്നോട്ടു പോകാനാകാത്ത അവസ്ഥയിലാണെന്നും സംരംഭകർ പറയുന്നു.

ബാങ്കുകൾ വഴി സംരംഭകർക്ക് 25 ലക്ഷം രൂപ വരെ വായ്പ അനുവദിക്കുമെന്നായിരുന്നു പ്രഖ്യാപനം. 2500 ചെറുകിട സംരംഭകർക്ക് ഒരു ലക്ഷം മുതൽ 3 ലക്ഷം രൂപ വരെയും 2500 വൻകിട സംരംഭകർക്ക് 5 മുതൽ 25 ലക്ഷം വരെയുമാണു വായ്പ നൽകാൻ തീരുമാനിച്ചിരുന്നത്. 6 മാസത്തേക്കു തിരിച്ചടവ് ഒഴിവാക്കിയിരുന്നു. പലിശ സബ്സിഡി നൽകാൻ 15 കോടി രൂപ ടൂറിസം വകുപ്പ് പ്ലാൻ ഫണ്ടിൽ നിന്നു വിനിയോഗിക്കാനും തീരുമാനിച്ചു.

തൊഴിലാളികൾക്കു കേരള ബാങ്കിന്റെ സഹകരണത്തോടെയുള്ള 100 കോടിയുടെ വായ്പ പദ്ധതി ചിലയിടങ്ങളിൽ തുടങ്ങിയിട്ടുണ്ട്. അര ലക്ഷം തൊഴിലാളികൾക്ക് 20,000 മുതൽ 30,000 രൂപ വരെ വായ്പ നൽകാനായിരുന്നു തീരുമാനം. 9% ആണു പലിശ. ഇതിൽ 3% മാത്രം തൊഴിലാളികൾ അടച്ചാൽ മതി. 6% ടൂറിസം വകുപ്പു നൽകും. 4 മാസത്തേക്കു തിരിച്ചടവില്ലെന്നും സർക്കാർ പ്രഖ്യാപിച്ചിരുന്നു.

English Summary: Government announces Rs 455 crore for tourism; Only 40 entrepreneurs got loan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com