ADVERTISEMENT

കോട്ടയം ∙ ഇന്ത്യയില്‍ ജനിക്കുമ്പോള്‍ എല്ലാവരും ഹിന്ദുക്കളാണെന്ന ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവതിന്റെ വാദം അംഗീകരിക്കുകയാണ് സിപിഎം കേന്ദ്രകമ്മറ്റി അംഗം എം.വി.ഗോവിന്ദനെന്നു വിമർശിച്ച് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. രണ്ടുപേർക്കും ഒരേ ഭാഷയാണെന്നും സംഘപരിവാര്‍ ശക്തികള്‍ ഉയര്‍ത്തുന്ന ഹിന്ദുരാഷ്ട്ര വാദത്തെ പൂര്‍ണമായും അംഗീകരിക്കുന്ന നിലപാടാണ് ഇതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

‘വൈരുധ്യാത്മക ഭൗതികവാദമെന്ന മാര്‍ക്‌സിയന്‍ തത്വം ഇന്നത്തെ കാലഘട്ടത്തില്‍ പ്രസക്തമല്ലെന്നാണ് എം.വി.ഗോവിന്ദന്റെ കണ്ടുപിടിത്തം. ഇത് എത്രയോ നാളായി ജനാധിപത്യ മതേതരകക്ഷികള്‍ പറയുന്നതാണ്. വൈരുധ്യാത്മക ഭൗതികവാദം ഒരു കാലത്തും പ്രസക്തമല്ലെന്ന കാര്യം ലോക കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പതനം തെളിയിച്ചതാണ്’– അദ്ദേഹം സമൂഹമാധ്യമത്തിൽ കുറിച്ചു.

വൈരുധ്യാത്മക ഭൗതികവാദം ഇന്ത്യന്‍ സമൂഹത്തില്‍ പ്രായോഗികമല്ലെന്ന് താന്‍ പറഞ്ഞെന്ന വാര്‍ത്തയ്ക്കെതിരെ എം.വി.ഗോവിന്ദൻ രംഗത്തെത്തി‍. താന്‍ പറഞ്ഞത് പ്രായോഗികമല്ലെന്നല്ല. ഇന്നത്തെ പരിതസ്ഥിതിയില്‍ എങ്ങനെ കൈകാര്യം ചെയ്യണമെന്ന പ്രായോഗികതയാണ്. വിശ്വാസിയായാലും അവിശ്വാസിയായാലും അമ്പലത്തിലോ പള്ളിയിലോ ചര്‍ച്ചിലോ പോകുന്നയാളായാലും ആ പോകുന്നവരുടെ ജനാധിപത്യ അവകാശം സംരക്ഷിക്കുക എന്നതാണ് വൈരുധ്യാത്മക ഭൗതികവാദത്തിന്റെ പ്രായോഗികമായ കാഴ്ചപ്പാടെന്നും ഗോവിന്ദന്‍ വിശദീകരിച്ചു.

മുല്ലപ്പള്ളി രാമചന്ദ്രന്റെ കുറിപ്പ്:

ഇന്ത്യയില്‍ ജനിക്കുന്നവരെല്ലാം ഹിന്ദുക്കളാണെന്ന ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവതിന്റെ അതേ ഭാഷയിലാണ് സിപിഎം കേന്ദ്രകമ്മറ്റി അംഗം എം.വി.ഗോവിന്ദന്‍ സംസാരിക്കുന്നത്. സംഘപരിവാര്‍ ശക്തികള്‍ ഉയര്‍ത്തുന്ന ഹിന്ദുരാഷ്ട്ര വാദത്തെ പൂര്‍ണമായും അംഗീകരിക്കുന്ന നിലപാടാണ് അദ്ദേഹത്തിന്റേത്. ജനിക്കുമ്പോള്‍ എല്ലാവരും ഹിന്ദുക്കളാണെന്നാണ് മോഹന്‍ ഭഗവത് വാദിക്കുന്നതും പറയുന്നതും.

അതേ വാദഗതിയാണ് ഇപ്പോള്‍ സിപിഎം നേതൃത്വം ഉയര്‍ത്തുന്നത്. ഇതിലൂടെ സിപിഎമ്മിന്റെയും ബിജെപിയുടെയും മാനസികാവസ്ഥയും നിലപാടും ഒന്നു തന്നെയെന്ന് കേരളീയ സമൂഹത്തിന് വ്യക്തമായി. രാഷ്ട്രീയ ലാഭത്തിന് ഏത് അടവുനയവും സ്വീകരിക്കാമെന്ന തന്ത്രമാണ് സിപിഎം പയറ്റുന്നത്.

വര്‍ഷങ്ങളായി സിപിഎം ജനമധ്യത്തില്‍ സ്വീകരിക്കുന്ന നിലപാടും ഇതു തന്നെയാണ്. അധികാരം നേടാനും നിലനിര്‍ത്താനും ഏത് ഹീനപ്രവര്‍ത്തിയും നടത്താം. അത്തരമൊരു നടപടിയാണ് ശബരിമല വിഷയത്തില്‍ സ്വീകരിച്ചത്. സംഘപരിവാര്‍ ശക്തികള്‍ക്ക് വളരാനുള്ള അവസരം നല്‍കുന്നതോടൊപ്പം വിശ്വാസികളെ വഞ്ചിക്കുകയും ചെയ്തു.

ജന്മിത്വത്തിന്റെ പിടിയില്‍നിന്നും നാം ഇതുവരെ മോചിതരായിട്ടില്ലെന്ന ഗോവിന്ദന്റെ തുറന്നുപറച്ചില്‍ സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം അക്ഷരാര്‍ത്ഥത്തില്‍ ശരിയാണ്. ചങ്ങാത്ത മുതലാളിത്തത്തിന്റെ പാതയില്‍ സിപിഎം സഞ്ചരിക്കാന്‍ തുടങ്ങിയിട്ട് നാളേറെയായി. ഇന്നത്തെ ചില സിപിഎം നേതാക്കളുടെ ജീവിതവും മനോഭാവവും ജന്മിത്വകാലത്തെ അനുസ്മരിപ്പിക്കുന്നതാണ്.

അധ്വാനവർഗം, മുദ്രാവാക്യം മുഴക്കുന്ന തൊഴിലാളികള്‍ മാത്രമാണെന്നാണ് സിപിഎം കരുതുന്നത്. അതിന് അപ്പുറം അവര്‍ക്ക് ഒരു പരിഗണനയും നല്‍കുന്നില്ല. കമ്യൂണിസ്റ്റ് ആശയങ്ങളും തത്വങ്ങളും സിപിഎം ഉപേക്ഷിച്ചു. വൈരുധ്യാത്മക ഭൗതികവാദമെന്ന മാര്‍ക്‌സിയന്‍ തത്വം ഇന്നത്തെ കാലഘട്ടത്തില്‍ പ്രസക്തമല്ലെന്നാണ് എം.വി.ഗോവിന്ദന്റെ കണ്ടുപിടിത്തം.

ഇത് എത്രയോ നാളായി ജനാധിപത്യ മതേതരകക്ഷികള്‍ തുടരെത്തുടരെ പറയുന്നതാണ്. വൈരുധ്യാത്മക ഭൗതികവാദം ഒരു കാലത്തും പ്രസക്തമല്ലെന്ന കാര്യം ലോക കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പതനം തെളിയിച്ചതാണ്. ഭൂരിപക്ഷ വര്‍ഗീയതയെ പ്രീണിപ്പിക്കാനാകുമോയെന്ന  അവസാന പരീക്ഷണത്തിലാണ് കേരളത്തിലെ സിപിഎം എന്നതിന് തെളിവാണ് ഗോവിന്ദന്റെ പ്രസ്താവന.

English Summary : Mullappally Ramachandran facebook post on MV Govindan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com