ADVERTISEMENT

ത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ മഞ്ഞുമല ഇടിഞ്ഞുവീണതിനെ തുടർന്നുണ്ടായ അതിശക്തമായ വെള്ളപ്പൊക്കം സൃഷ്ടിച്ച നാശനഷ്ടങ്ങളുടെ കണക്ക് പുറത്തു വരുന്നതേയുള്ളൂ. ഇവിടെ ജലവൈദ്യുത പദ്ധതിയിൽ പ്രവർത്തിച്ചുവന്ന നൂറ്റിയൻപതോളം തൊഴിലാളികൾ ഉൾപ്പെടെ 170 പേരെ കാണാനില്ലെന്നാണ് ഒടുവിലെ വിവരം. എന്‍ടിപിസിയുടെ തപോവന്‍ ഋഷിഗംഗ ജലവൈദ്യുത നിലയം പൂര്‍ണമായും ഒലിച്ചുപോയതാണ് ദുരന്തത്തിന്റെ വ്യാപ്തി വർധിപ്പിച്ചത്.

രക്ഷാപ്രവർത്തനത്തിനു കര, വ്യോമസേനകൾ രംഗത്തുണ്ട്. 2013ലെ ദുരന്ത സമയത്തെ മാതൃകയിലാണു രക്ഷാപ്രവർത്തനം. അളകനന്ദ, ധൗലിഗംഗ നദികൾ കരകവിഞ്ഞതാണു വൻ ദുരന്തത്തിലേക്കു നയിച്ചത്. ആയിരക്കണക്കിനു പേരെ പ്രദേശത്തുനിന്ന് ഒഴിപ്പിച്ചു. നിരവധി വീടുകൾ ഒലിച്ചുപോയി. എന്താണ് ഉത്തരാഖണ്ഡിൽ സംഭവിച്ചത്? ഇത്രയും വലിയ അപ്രതീക്ഷിത ദുരന്തത്തിനു കാരണമെന്തെന്നു നോക്കാം.

∙ എന്താണ് വെള്ളപ്പൊക്കത്തിനു കാരണം?

തപോവൻ മേഖലയിലെ ഹിമാനി അഥവാ ഗ്ലേഷ്യർ പൊട്ടി ഋഷിഗംഗ വൈദ്യുത നിലയത്തിനു നാശമുണ്ടായതാണു വെള്ളപ്പൊക്കത്തിനു കാരണമെന്നാണു ചമോലി പൊലീസ് പറയുന്നത്. അളകനന്ദ നദീതിരത്തോടു ചേർന്നു താമസിക്കുന്നവരെ സുരക്ഷിത സ്ഥാനത്തേക്കു മാറ്റി.

∙ എന്താണ് ഹിമാനി സ്ഫോടന വെള്ളപ്പൊക്കം?

പർവതാഗ്രങ്ങളിലും ധ്രുവപ്രദേശങ്ങളിലുമായി ഒഴുകിനടക്കുന്ന മഞ്ഞുപാടങ്ങളാണു ഹിമാനി അഥവാ ഗ്ലേഷ്യർ. ഹിമാലയത്തിലും ഹിമാനികൾ ഏറെയുണ്ട്. 90 മീറ്റർ മുതൽ 3000 മീറ്റർ വരെ ഇവയ്ക്കു കനമുണ്ടാകും. ദിവസവും ഒരു സെന്റിമീറ്റർ മുതൽ ഒരു മീറ്റർ വരെ ദൂരം സഞ്ചരിക്കും. വലിയ ശുദ്ധജല സ്രോതസ്സുകളായ ഇവ സമുദ്രങ്ങൾ കഴിഞ്ഞാൽ ഏറ്റവും വലിയ ജലസംഭരണികളുമാണ്.

സിയാച്ചൻ ഗ്ലേസിയർ (Image Courtesy - Sandeep Singh Reyal / Shuitterstock)
സിയാച്ചൻ ഗ്ലേസിയർ (Image Courtesy - Sandeep Singh Reyal / Shuitterstock)

ഹിമാനികൾ പൊട്ടി അതിനുള്ളിൽ സംഭരിച്ച വെള്ളം അതിവേഗം പുറത്തേക്ക് ഒഴുകുന്നതാണു ഹിമാനി തടാക സ്ഫോടന വെള്ളപ്പൊക്കം (Glacial Lake Outburst Flood- GLOF) എന്നറിയപ്പെടുന്നത്. വലുപ്പം വ്യത്യസ്തമായിരിക്കുമ്പോഴും നൂറു മുതൽ ലക്ഷക്കണക്കിനു വരെ ദശലക്ഷം ക്യുബിക് മീറ്റർ ജലം ഓരോ ഹിമാനികളിലും ഉണ്ടാകാമെന്നതാണു ദുരന്തതീവ്രത കൂട്ടുന്നത്. 

∙ എപ്പോഴാണ് ഹിമാനികൾ തകരുന്നത്?

പല കാരണങ്ങളാൽ ഹിമാനികൾ പൊട്ടി ദുരന്തമുണ്ടാകാം. മണ്ണൊലിപ്പ്, ജലത്തിന്റെ മർദം കൂടുന്നത്, മഞ്ഞിന്റെയോ പാറകളുടെയോ പ്രവാഹം, ഭൂകമ്പം, കാലാവസ്ഥ വ്യതിയാനം തുടങ്ങിയവയെല്ലാം കാരണങ്ങളാണ്. രണ്ടു ഹിമാനികൾ കൂട്ടിമുട്ടി വൻതോതിൽ വെള്ളം ഇടകലരുമ്പോഴും അപകടമുണ്ടാകാം. ഏതാനും മിനിറ്റുകൾ മുതൽ മണിക്കൂറുകളും ദിവസങ്ങളും വരെ നീളുന്ന ജലപ്രവാഹം ഹിമാനികളിൽ ഉണ്ടാകാറുണ്ട്.

Melting Alaska glacier could soon unleash ‘mega-tsunami’

വേനൽക്കാലത്ത് ഹിമാനികൾ കൂടുതലായി ഉരുകുമ്പോൾ നദികളിൽ വെള്ളപ്പൊക്കം സാധാരണമാണ്. ഹിമാനികളിലെ വെള്ളത്തിന്റെ അളവ് മനസ്സിലാക്കാൻ പറ്റാത്തതും ഭൂകമ്പം പോലുള്ള അപ്രതീക്ഷിത കാരണങ്ങളും കാരണം ഹിമാനിത്തകർച്ച മുൻകൂട്ടി പ്രവചിക്കുക അസാധ്യമാണ്. കുത്തിയൊലിച്ചു വരുന്ന വെള്ളത്തിന്റെ അളവ് അപകടനില കൂട്ടുന്നു.

∙ 2013ൽ മേഘസ്‌ഫോടന ദുരന്തം

മേഘസ്‌ഫോടനത്തെ തുടർന്നുണ്ടായ പ്രളയം ഹിമാലയൻ മേഖലയിൽ കൊടുംനാശം വിതച്ചത് 2013ലാണ്. 2004ലെ സൂനാമിക്കു ശേഷം രാജ്യം കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തമായ ഇത് ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ് സംസ്‌ഥാനങ്ങളെ കശക്കിയെറിഞ്ഞു. ഹിമാലയൻ പർവതനിരകളുടെ മടിത്തട്ടിലുള്ള സംസ്‌ഥാനങ്ങളുടെ ജീവശ്വാസമായിരുന്ന വിനോദസഞ്ചാര മേഖല ഈ ദുരന്തത്തിൽ തകർന്നു. ഔദ്യോഗിക കണക്കുപ്രകാരം 5,700 പേരാണു ദുരന്തത്തിൽ കൊല്ലപ്പെട്ടത്.

ഹിമാലയൻ തീർഥാടന കേന്ദ്രങ്ങളായ കേദാർനാഥ്, ബദരീനാഥ് എന്നിവിടങ്ങളിലും അന്ന് പ്രളയം വൻനാശം വിതച്ചു. കേരളത്തിൽനിന്നുൾപ്പെടെ ക്ഷേത്രങ്ങൾ സന്ദർശിക്കാനെത്തിയ തീർഥാടകർ മരിച്ചു. ഹിമാലയ പർവതനിരകളിലുണ്ടായ മേഘസ്‌ഫോടനത്തിൽ കേദാർനാഥിലെ മന്ദാകിനി നദി കരകവിഞ്ഞതാണു ദുരന്തത്തിനു തുടക്കമിട്ടത്.

Melting Alaska glacier could soon unleash ‘mega-tsunami’

നിനച്ചിരിക്കാതെ കുത്തിയൊലിച്ചെത്തിയ പ്രളയജലത്തിൽ പരിസര പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. പല ഗ്രാമങ്ങളും ഇല്ലാതായി. പ്രദേശങ്ങളിലെ നദികളെല്ലാം കരകവിഞ്ഞൊഴുകിയതോടെ മണ്ണിടിച്ചിലും രൂക്ഷമായി. റോഡുകൾ ഭൂരിഭാഗവും തകർന്നു.

ഹിമാലയൻ മേഖലയെ പുറംലോകവുമായി ബന്ധിപ്പിക്കുന്ന എൻഎച്ച് 58 ഏറെക്കുറെ ഒലിച്ചുപോയി. നാലു ദിവസം നിർത്താതെ മഴ പെയ്‌തതും മലനിരകളിൽ മഞ്ഞുരുകിയതും സ്‌ഥിതി വഷളാക്കി. മേഘസ്‌ഫോടനം മുൻകൂട്ടി കാണുന്നതിൽ കാലാവസ്‌ഥാ വകുപ്പിനു പോലും സാധ്യതകളില്ലാതെ പോയതും അന്ന് ദുരന്തത്തിന്റെ വ്യാപ്‌തി കൂട്ടി.

Uttarakhand Glacier Burst
ഉത്തരാഖണ്ഡിൽ ഹിമാനി സ്ഫോടനത്തെ തുടർന്നു നാശനഷ്ടമുണ്ടായ പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനം നടത്തുന്ന ഐടിബിപി സേനാംഗങ്ങൾ. ചിത്രം: Indo Tibetan Border Police / AFP

English Summary: Uttarakhand glacier burst: What is glacial outburst flood? How and why a glacier breaks?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com