ADVERTISEMENT

കോട്ടയം∙ കാഞ്ഞിരപ്പള്ളി സീറ്റിൽ വിട്ടുവീഴ്ചയ്ക്ക് സിപിഐ തയാറാകുന്നു. കാഞ്ഞിരപ്പള്ളി സീറ്റ് കിട്ടിയില്ലെങ്കിൽ ചങ്ങനാശേരി ചോദിച്ചു വാങ്ങണമെന്ന് സിപിഐ ജില്ലാ കൗൺസിൽ യോഗത്തിൽ തീരുമാനം. രണ്ട് മണ്ഡലങ്ങളിലെയും സ്ഥാനാർഥി സാധ്യതാ പട്ടിക ജില്ലാ കൗൺസിൽ തയാറാക്കി. ചങ്ങനാശേരിയിൽ മുൻ എംഎൽഎ എ.എൻ. കല്യാണ കൃഷ്ണൻ നായരുടെ മകനാണ് മുൻതൂക്കം.

ഇന്നലെ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ സാന്നിധ്യത്തിൽ ചേർന്ന ജില്ലാ കൗൺസിൽ യോഗത്തിലാണ് ചുവടുമാറ്റം. കഴിഞ്ഞയാഴ്ച കാനം രാജേന്ദ്രന്റെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗം കാഞ്ഞിരപ്പള്ളി വിട്ടു കൊടുക്കരുതെന്ന് തീരുമാനം എടുത്തിരുന്നു. അതിനു ശേഷമാണ് ചുവടുമാറ്റം. കാനം ഇന്നലെയാണ് കോട്ടയത്തുനിന്നു മടങ്ങിയത്.

കേരള കോൺഗ്രസിന്റെ (എം) സിറ്റിങ് സീറ്റാണ് കാഞ്ഞിരപ്പള്ളി. ഡോ. എൻ.ജയരാജ് എംഎൽഎ തന്നെ ഇവിടെ വീണ്ടും മത്സരിക്കുമെന്നാണ് അറിവ്. ചങ്ങനാശേരിയും കേരള കോൺഗ്രസിന്റെ (എം) സിറ്റിങ് സീറ്റാണ്. 40 വർഷമായി മാണി വിഭാഗം ഇവിടെ ജയിക്കുന്നു. 2016ൽ വിജയിച്ച സി.എഫ്.തോമസ് എംഎൽഎ പിന്നീട് ജോസഫ് വിഭാഗത്തിൽ ചേർന്നു.

ചങ്ങനാശേരിയിൽ വീണ്ടും തർക്കത്തിന് സാധ്യതയുണ്ട്. ഈ സീറ്റ് കേരള കോൺഗ്രസിന് (എം) നൽകാമെന്ന് മുന്നണി പ്രവേശന ചർച്ചാ വേളയിൽ കേരള കോൺഗ്രസിന് വാക്കു നൽകിയിരുന്നതാണ്. സീറ്റ് കേരള കോൺഗ്രസ് (എം) വിട്ടു കൊടുക്കുമോ എന്ന് സംശയമുണ്ട്. 2016ൽ എൽഡിഎഫിലെ മറ്റൊരു ഘടക കക്ഷിയായ ജനാധിപത്യ കേരള കോൺഗ്രസ് ചെയർമാൻ ഡോ. കെ.സി. ജോസഫാണ് ഇവിടെ മത്സരിച്ചത്. സീറ്റിനു വേണ്ടി അവരും രംഗത്തുണ്ട്.

സ്ഥാനാർഥി സാധ്യതാ പട്ടിക

∙ വൈക്കം – സി.കെ. ആശ എംഎൽഎ
∙ കാഞ്ഞിരപ്പള്ളി – അഡ്വ വി.ബി. ബിനു. ജില്ലാ സെക്രട്ടറി സി.കെ.ശശിധരൻ, ജില്ലാ എക്സിക്യൂട്ടിവ് അംഗം മോഹൻ ചേന്നംകുളം
∙ ചങ്ങനാശേരി – കെ.മാധവൻ പിള്ള, ജില്ലാ സെക്രട്ടറി സി.കെ. ശശിധരൻ, എഐടിയുസി സംസ്ഥാന കൗൺസിൽ അംഗം ഷാജി ജോർജ്

Content Highlights: Changanassery, Kanjirappally assembly constituencies, CPI, Kerala Assembly Elections 2021

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com