ADVERTISEMENT

വാഷിങ്ടൻ ∙ ചൈനയുമായി യുഎസ് കടുത്ത മത്സരത്തിനു തയാറാണെന്നു യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. കടുത്ത വിമർശനങ്ങളും തീരുമാനങ്ങളും കൊണ്ട് ചൈനയെ വരിഞ്ഞുമുറുക്കിയ മുൻ പ്രസിഡന്റ് ഡോണൾ‌ഡ് ട്രംപിന്റെ ശൈലി സ്വീകരിക്കില്ലെങ്കിലും ചൈനീസ് ഭീഷണിയെ ഫലപ്രദമായി നേരിടുകതന്നെ ചെയ്യുമെന്നു രാജ്യാന്തര മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിൽ ബൈഡൻ വ്യക്തമാക്കി. ജനാധിപത്യ മൂല്യങ്ങളോട് ചൈന പുറംതിരിഞ്ഞു നിൽക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

യുഎസ് പ്രസിഡന്റായി സ്ഥാനമേറ്റശേഷം ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങുമായി സംസാരിച്ചിട്ടില്ലെന്നുള്ളത് സത്യമാണെന്നും ബൈഡൻ പറഞ്ഞു. പക്ഷേ എറെക്കാലമായി എനിക്ക് അദ്ദേഹത്തെ അടുത്തറിയാം. സമർഥനും കര്‍ക്കശക്കാരനുമായ ഷി, ജനാധിപത്യ മൂല്യങ്ങളോട് പുറംതിരിഞ്ഞു നിൽക്കുന്നുവെന്നത് ആർക്കും നിഷേധിക്കാൻ കഴിയാത്ത യഥാർഥ്യമാണ്. അദ്ദേഹത്തിന് ജനാധിപത്യത്തിന്റെ എല്ലില്ല. ഇതൊരു വിമര്‍ശനമായി പറയുന്നതല്ലെന്നും ബൈഡൻ പറഞ്ഞു.

യുഎസ് മുഖ്യ എതിരാളിയായി കാണുന്നത് ചൈനയെ തന്നെയാണ്. ചൈനയുമായുള്ള ബന്ധത്തിൽ രാജ്യാന്തര നിയമങ്ങൾ അനുസരിച്ചു മാത്രമേ മുന്നോട്ടു പോകൂ. ചൈന രാജ്യാന്തര നിയമങ്ങൾ അനുസരിച്ച് പെരുമാറണം. ചൈന ഉയർത്തുന്ന വെല്ലുവിളികളെക്കുറിച്ച് കൃത്യമായ ധാരണയുണ്ട്. ചൈനയുടെ സാമ്പത്തിക അധിനിവേശത്തെ യുഎസ് ചെറുത്തു തോൽപിക്കും. എന്നാൽ യുഎസിന്റെ താൽപര്യങ്ങൾകൂടി പരിഗണിച്ചു മുന്നോട്ടു പോകാൻ തയാറാണെങ്കിൽ ചേർന്നു പ്രവർത്തിക്കുന്നതിനു മറ്റു തടസ്സങ്ങളില്ലെന്നും ബൈഡൻ പറഞ്ഞു.

മനുഷ്യാവകാശ നിഷേധവും സാമ്പത്തിക ദുരുപയോഗവുമടക്കമുള്ള ചൈനീസ് നടപടികളെ അമേരിക്ക ശക്തമായി നേരിടുമെന്നു ബൈഡൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ബറാക് ഒബാമയുടെ ഭരണകാലത്ത് വൈസ് പ്രസിഡന്റായിരുന്ന ബൈഡൻ ചൈനയെ അത്ര വലിയ ശത്രുവായല്ല കണ്ടിരുന്നതെന്നും ഇനിയും ചൈനയോട് കടുത്ത സമീപനം സ്വീകരിക്കില്ലെന്നുമായിരുന്നു രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.

ചൈന അയൽരാജ്യങ്ങൾക്കു ഭീഷണിയെങ്കിൽ ഇടപെടുകതന്നെ ചെയ്യുമെന്നു അധികാരത്തിൽ എത്തിയ ഉടനെ ബൈഡൻ വ്യക്തമാക്കി. ബൈഡന്റെ വിജയം ചൈനയുമായുള്ള യുഎസിന്റെ മത്സരം കൂട്ടാനാണു സാധ്യതയെന്ന് ഔദ്യോഗിക മാധ്യമം ഗ്ലോബൽ ടൈംസ് അഭിപ്രായപ്പെട്ടിരുന്നു. ഒബാമ ഭരണത്തിൽ, 2009–2017 വരെ, വൈസ് പ്രസിഡന്റ് ആയിരുന്ന ബൈഡൻ ബെയ്ജിങ്ങിനോടു നല്ല അടുപ്പമാണു സൂക്ഷിച്ചിരുന്നത്.

സാമ്പത്തികമായും സൈനികമായും ചൈന ശക്തിയാർജിച്ചിരുന്ന അക്കാലത്ത്, ഏറ്റുമുട്ടലിന്റേതല്ല സഹകരണത്തിന്റേതായ പാതയാണു യുഎസ് സ്വീകരിച്ചത്. ഇതിൽ ബൈഡനും നിർണായക പങ്കുണ്ടായിരുന്നു. 2013ലെ ഒരു യാത്രയിൽ ബൈഡനെ, പ്രസിഡന്റ് ഷി ചിൻപിങ് ‘ചൈനയുടെ പഴയ സുഹൃത്ത്’ എന്നാണു വിശേഷിപ്പിച്ചത്. ട്രംപിനേക്കാൾ മര്യാദയോടെയും എന്നാൽ വിട്ടുവീഴ്ചയില്ലാതെയും ചൈനയെ ബൈഡൻ കൈകാര്യം ചെയ്യുമെന്നാണു കരുതുന്നത്.

English Summary: China should expect ‘extreme competition’ from US: Joe Biden

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com