ADVERTISEMENT

മലപ്പുറം ∙ മാറഞ്ചേരി, വന്നേരി സ്കൂളുകളിലെ ‍വിദ്യാർഥികൾക്കും അധ്യാപകർക്കും കോവിഡ് സ്ഥിരീകരിച്ചതോടെ മൂന്നു പഞ്ചായത്തുകളിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനം. രണ്ടു സ്കൂളുകളിലായി 262 പേരാണു കഴിഞ്ഞ ദിവസം പോസിറ്റീവായത്. ഇൗ സാഹചര്യത്തിൽ മാറഞ്ചേരി, പെരുമ്പടപ്പ്, വെളിയങ്കോട് പഞ്ചായത്തുകളിൽ രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി നിയന്ത്രണം ഏർപ്പെടുത്താൻ കലക്ടർ കെ.ഗോപാലകൃഷ്ണന്റെ അധ്യക്ഷതയിൽ‌ പൊന്നാനിയിൽ ചേർന്ന സർവകക്ഷിയോഗം തീരുമാനിച്ചു.

മാറഞ്ചേരി ഹയർസെക്കൻഡറി സ്കൂളിന് അടുത്തുള്ള ട്യൂഷൻ സെന്ററിൽനിന്നാണു രോഗവ്യാപനം ഉണ്ടായതെന്നു യോഗം വിലയിരുത്തി. സ്കൂളിനു സമീപത്തെ ട്യൂഷൻ സെന്ററുകൾ അനിശ്ചിത കാലത്തേക്ക് അടച്ചുപൂട്ടാൻ പൊലീസിനും പഞ്ചായത്തിനും കലക്ടർ നിർദേശം നൽകി. പൊന്നാനി താലൂക്കിലെ കൂടുതൽ സ്കൂളുകളിലെ വിദ്യാർഥികളിൽ കോവിഡ് പരിശോധന നടത്തും. ഈ പഞ്ചായത്തുകളിലെ ടർഫുകളുടെ പ്രവർത്തനം നിർത്തും. വിവാഹങ്ങളിൽ നൂറിലധികം പേർ പങ്കെടുക്കാൻ പാടില്ല. സ്കൂൾ നിൽക്കുന്ന വാർഡുകൾ കേന്ദ്രീകരിച്ച് കണ്ടെയ്ൻമെന്റ് സോണാക്കാനും തീരുമാനിച്ചു.

പൊതുസ്ഥലങ്ങളിൽ ആൾക്കൂട്ടം പാടില്ല. സെക്ടർ മജിസ്ട്രേറ്റുമാർ, പൊലീസ്, പഞ്ചായത്ത് സെക്രട്ടറി എന്നിവരുടെ മേൽനോട്ടത്തിലായിരിക്കും നിയന്ത്രണം ഏർപ്പെടുത്തുക. വിദ്യാർഥികളുമായി സമ്പർക്കമുള്ളവരുടെ സർവേ നടത്താൻ ആരോഗ്യവകുപ്പിനോടു നിർദേശിച്ചു. പൊന്നാനി നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം, പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇ.സിന്ധു, മാറഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് സമീറ ഇളേടത്ത്, വെളിയങ്കോട് പഞ്ചായത്ത് പ്രസിഡന്റ് ഷംസു കല്ലാട്ടയിൽ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

English Summary: Students and staff in two Malappuram school test positive for Covid, Vigil in 3 Panchayats

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com