ADVERTISEMENT

ന്യൂ‍ഡൽഹി∙ ഉത്തരാഖണ്ഡിലെ മഞ്ഞുമലയിടിച്ചിലിനെ തുടർന്ന് തപോവൻ വിഷ്ണുഗഡ് ജലവൈദ്യുത പദ്ധതി മുഴുവനായും ഒലിച്ചു പോയെന്ന് ഇന്ത്യൻ വ്യോമസേന വൃത്തങ്ങള്‍. വ്യോമസേനയുടെ നിരീക്ഷണവിമാനങ്ങളിൽനിന്നുള്ള ദൃശ്യങ്ങളിൽ അണക്കെട്ട് പൂർണമായും തകർന്നതായി വ്യക്തമാണ്. ഡെറാഡൂണിൽനിന്ന് 280 കിലോമീറ്റർ കിഴക്കുമാറി ധൗളിഗംഗ, ഋഷിഗംഗ നദികളുടെ സംഗമസ്ഥലത്തു സ്ഥിതി ചെയ്യുന്നതാണിത്. തപോവനു സമീപം മലരി താഴ്‌വരയോടു ചേർന്ന രണ്ട് പാലങ്ങളും ഒഴുകിപ്പോയിട്ടുണ്ട്.

അതേസമയം, ജോഷിമത്തിനും തപോവനും ഇടയ്ക്കുള്ള പ്രധാന റോഡിന് കേടുപാടുകൾ സംഭവിച്ചിട്ടില്ല. താഴ്‌വരയിലെ നിർമാണപ്രവർത്തനങ്ങളും കുടിൽത്താവളങ്ങളും തകർന്നതായും വ്യോമസേന വ്യക്തമാക്കുന്നു. മൂവായിരം കോടി രൂപയോളം രൂപ ചെലവഴിച്ചാണ് സംസ്ഥാന എൻടിപിസി ലിമിറ്റഡ് 520 മെഗാവാട്ടിന്റെ തപോവൻ ഹൈഡ്രോ ഇലക്ട്രിക് പ്രോജക്ട് നിർമിച്ചത്. കാണാതായവരിലേറെയും ഇവിടത്തെ തൊഴിലാളികളാണ്. എൻടിപിസിയുടെ തപോവൻ വിഷ്ണുഗഡ് ജലവൈദ്യുത പദ്ധതിക്കും സാരമായ കേടുപാടുണ്ട്. ഇവിടെ തുരങ്കത്തിൽ കുടുങ്ങിയ 12 പേരെ ഇന്തോ–ടിബറ്റൻ ബോർഡർ പൊലീസ് (ഐടിബിപി) രക്ഷിച്ചു. 16 പേരെ രക്ഷിച്ചെന്നും അനൗദ്യോഗിക കണക്കുണ്ട്.

ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ മഞ്ഞുമലയിടിഞ്ഞുണ്ടായ മിന്നൽപ്രളയത്തിൽ നൂറ്റൻപതിലേറെപ്പേരെ കാണാതായിട്ടുണ്ട്. 14 മൃതദേഹങ്ങൾ കണ്ടെത്തി. നന്ദാ ദേവി മഞ്ഞുമലയുടെ ഒരു ഭാഗം ഇടിഞ്ഞാണ് അളകനന്ദയുടെ പോഷകനദിയായ ധൗളിഗംഗയിൽ പ്രളയമുണ്ടായത്.

ഐടിബിപിക്കു പുറമേ, ദേശീയ ദുരന്ത പ്രതികരണ സേനയും (എൻഡിആർഎഫ്) കരസേനയുടെ എൻജിനീയറിങ് ടാസ്ക് ഫോഴ്സും രക്ഷാപ്രവർത്തനത്തിനുണ്ട്. നാവികസേനാ മുങ്ങൽ വിദഗ്ധർ ഏതുനിമിഷവും എത്താനായി നിലയുറപ്പിച്ചിട്ടുണ്ട്. വ്യോമസേനാ വിമാനങ്ങളും സജ്ജം. രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാൻ ഡെറാഡൂണിലും ഋഷികേശിലും സേനകൾ താവളം സജ്ജമാക്കി.

English Summary: Uttarakhand's Tapovan Dam "Completely Washed Off", Shows Initial Survey

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com