ADVERTISEMENT

കോഴിക്കോട് ∙ നിയമസഭാ തിരഞ്ഞെടുപ്പിൽ ബാലുശ്ശേരിയിൽ കോൺഗ്രസ് സ്ഥാനാർഥിയാകുമെന്ന അഭ്യൂഹങ്ങൾക്കിടെ മണ്ഡലത്തിൽ സജീവമായി നടൻ ധർമജൻ ബോൾഗാട്ടി. മലബാർ മേഖലയുടെ ചുമതലയുള്ള എഐസിസി സെക്രട്ടറി പി.വി.മോഹനുമായുള്ള കൂടിക്കാഴ്ചയ്ക്കു പിന്നാലെയാണു 3 ദിവസത്തെ സന്ദർശനത്തിനായി കുടുംബസമേതം ധർമജൻ ബാലുശ്ശേരിയിലെത്തിയത്.

മണ്ഡലത്തിലെ ഒട്ടേറെ പൊതു, സ്വകാര്യ ചടങ്ങുകളിൽ പങ്കെടുത്ത ധർമജൻ, പ്രധാന കോൺഗ്രസ് പ്രവർത്തകരുടെ വീടുകൾ സന്ദർശിച്ചു. ബാലുശ്ശേരി പഞ്ചായത്ത് സ്റ്റേഡിയം തുറക്കാത്തതിനെതിരെ കോൺഗ്രസ് നടത്തിയ ഉപവാസം ഉദ്ഘാടനം ചെയ്തു. മണ്ഡലം പരിധിയിൽ പെടുന്ന കോട്ടൂർ പഞ്ചായത്തിൽ ജനശ്രീ കുടുംബസംഗമം, പനങ്ങാട് പഞ്ചായത്തിൽ കോൺഗ്രസ് അനുഭാവികളുടെ സാംസ്കാരിക സംഘടന സംഘടിപ്പിക്കുന്ന നാട്ടരങ്ങ് പരിപാടി എന്നിവയിലും പങ്കെടുത്തു.

കോഴിക്കോട് കലക്ടറേറ്റിനു മുന്നിൽ പിഎസ്‌സി ലാസ്റ്റ് ഗ്രേഡ് സെർവന്റ് പട്ടികയിലെ ഉദ്യോഗാർഥികൾ നടത്തുന്ന റിലേ നിരാഹാര വേദിയിലുമെത്തി. ബുധനാഴ്ച ഉണ്ണികുളം പഞ്ചായത്തിൽ സന്ദർശനം നടത്തും. ആർഎംപി നേതാവ് കെ.കെ.രമയെ സന്ദർശിക്കാനും പരിപാടിയുണ്ട്. ബാലുശ്ശേരിയിൽ മത്സരിക്കുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ലെന്നാണു ധർമജന്റെ പ്രതികരണം.

‘പാർട്ടി എവിടെ മത്സരിക്കാൻ പറഞ്ഞാലും മത്സരിക്കും. സ്ഥാനാർഥിയായാലും ഇല്ലെങ്കിലും യുഡിഎഫിനായി പ്രചാരണത്തിനിറങ്ങും. ബാലുശ്ശേരി, കോങ്ങാട് തുടങ്ങി പല മണ്ഡലങ്ങളിലും തന്റെ പേര് ഉയരുന്നുണ്ട്. ബാലുശ്ശേരിയിലെ വോട്ടർമാരെയല്ല, സുഹൃത്തുക്കളെ കാണാനാണ് വന്നത്’–  ധർമജൻ പറഞ്ഞു. ധർമജൻ ധർമടത്തു മത്സരിക്കട്ടെ എന്ന ജില്ലയിലെ ദലിത് കോൺഗ്രസ് പ്രവർത്തകരുടെ ആവശ്യത്തെക്കുറിച്ചുള്ള ചോദ്യത്തിന് പാർട്ടി പറഞ്ഞാൽ ധർമടത്തും മത്സരിക്കുമെന്നായിരുന്നു മറുപടി. 

ഇതിനിടെ, ചേലക്കരയിൽ ധർമജന്റെ ബാനർ ഉയർത്തി യൂത്ത് കോൺഗ്രസ് പ്രവർത്തകർ. ശബരിമല വിഷയത്തില്‍ പ്രതികരിക്കാന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചേലക്കരയിലെ വേദിയ്ക്കരികിലേക്ക് എത്തിയപ്പോഴാണ് സംഭവം. ഈ സമയം, ചേലക്കരയിലെ കെഎസ്‌യു, യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ധര്‍മജനു വേണ്ടി ബാനര്‍ ഉയര്‍ത്തി. പ്രതിപക്ഷ നേതാവ് ഇതിനോട് പ്രതികരിച്ചില്ല. ചേലക്കര സംവരണ മണ്ഡലമാണ്. നിലവില്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസി‍ഡന്റ് സി.സി.ശ്രീകുമാറിന്റെ പേരാണ് ഡിസിസി നിര്‍ദേശിച്ചിട്ടുള്ളത്. 

ചേലക്കര മണ്ഡലം മുസ്‌ലിം ലീഗിന് വിട്ടുകൊടുക്കുമെന്ന് അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. പക്ഷേ, ലീഗിന് കരുത്തുകാട്ടാന്‍ കഴിവുള്ള മണ്ഡലമല്ല ഇതെന്നാണ് പ്രാദേശിക യുഡിഎഫ് നേതാക്കള്‍ പറയുന്നത്. ഐ ഗ്രൂപ്പിന്റെ പ്രതിനിധിയാണ് ഇവിടെ മത്സരിക്കാറുള്ളത്. ഇതിനിടെയാണ്, ധര്‍മജന്റെ  പേരുമായി എ ഗ്രൂപ്പിലെ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയത്. ലോക്സഭയിലും തദ്ദേശ തിരഞ്ഞെടുപ്പിലും യുഡിഎഫിന് ചേലക്കര മണ്ഡലത്തില്‍ മികച്ച വേരോട്ടം കാഴ്ചവയ്ക്കാന്‍ കഴിയാറുണ്ട്. നിയമസഭയില്‍ കെ.രാധാകൃഷ്ണന്‍ ജയിച്ച ശേഷം പിന്നെ മണ്ഡലം എല്‍ഡിഎഫ് കൈവിട്ടിട്ടില്ല.

Content Highlights: Dharmajan Bolgatty, Kerala Assembly Elections 2021, Chelakkara, UDF, Balussery

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com