ഭരണം കുട്ടിക്കളിയാക്കിയെന്ന് ബിജെപി; തിരുവനന്തപുരം മേയർക്കെതിരെ സമരം
Mail This Article
തിരുവനന്തപുരം∙ കോര്‍പ്പറേഷനില്‍ വിദ്യാര്‍ഥിനിയെ മേയറാക്കി സിപിഎം നേടിയ മേല്‍ക്കൈ പിന്‍സീറ്റ് ഡ്രൈവിങ് എന്ന ആരോപണം ഉയര്‍ത്തി പ്രതിരോധിക്കാൻ ബിജെപി. വാര്‍ഷിക പദ്ധതി തയാറാക്കുന്ന യോഗങ്ങളില്‍ പോലും പങ്കെടുക്കാതെ മേയര്‍ ആര്യ രാജേന്ദ്രന്‍ കോര്‍പ്പറേഷന്‍ ഭരണം കുട്ടിക്കളിയാക്കിയെന്ന് ആരോപിച്ചാണ് സമരം. തിരഞ്ഞെടുപ്പ് അടുത്തതോടെയാണ് സിപിഎം–ബിജെപി പോര് രൂക്ഷമായത്.
നിയമസഭ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടായിരുന്നു 21കാരിയെ മേയറാക്കിയുള്ള സിപിഎം പരീക്ഷണം. ചരിത്രം കുറിച്ച നീക്കത്തിന്റെ ഗുണം സംസ്ഥാനത്തെമ്പാടും പ്രത്യേകിച്ച് കടുത്ത മല്‍സരം നടക്കുന്ന തലസ്ഥാനത്തും ഗുണം ചെയ്യുമെന്നായിരുന്നു സിപിഎം കണക്കുകൂട്ടല്‍. നിയമസഭ തിരഞ്ഞെടുപ്പിലും ആര്യ രാജേന്ദ്രനെ സിപിഎം കളത്തിലിറക്കുമെന്ന പ്രചാരണം ശക്തമാകുന്നതിനിടെയാണ് മേയർക്കെതിരെ നിർണായക നീക്കവുമായി ബിജെപി രംഗത്തെത്തിയത്.
കോര്‍പ്പറേഷന്‍ വാര്‍ഷിക പദ്ധതി തയാറാക്കാനുള്ള യോഗത്തില്‍ മേയറോ ഡെപ്യൂട്ടി മേയറോ പങ്കെടുത്തിരുന്നില്ല. യോഗം വിളിച്ചുകൂട്ടിയ മേയര്‍ പാര്‍ട്ടി പരിപാടിക്കായി കണ്ണൂരിലേക്കു പോയി. ഭരണത്തെക്കുറിച്ച് ഒന്നും അറിയാതെ നേതാക്കന്‍മാര്‍ പറയുന്നതനുസരിച്ച് പ്രവര്‍ത്തിക്കുന്നതു കൊണ്ടാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നതെന്നാണ് ബിജെപി ആക്ഷേപം.
എന്നാല്‍ അതീവ പ്രധാനമുള്ള യോഗം അല്ലായിരുന്നെന്നും വികസന സെമിനാറില്‍ പങ്കെടുത്തില്ലെന്നത് രാഷ്ട്രീയ ആരോപണം മാത്രമെന്നുമാണ് മേയറുടെ മറുപടി. മേയർക്കെതിരെയുള്ള സമരം വരുംദിവസങ്ങളിൽ ശക്തിപ്പെടുത്താനാണ് ബിജെപി നീക്കം.
English Summary: BJP blames Mayor for not taking part in meet