ADVERTISEMENT

തിരുവനന്തപുരം∙ സംസ്ഥാനത്ത് വാക്സീന്‍ വിതരണത്തിന്റെ ആദ്യ ഘട്ടം ഇന്ന് അവസാനിക്കുമ്പോൾ ഇതുവരെ വാക്സീൻ സ്വീകരിച്ചവർ 70 ശതമാനത്തിൽ താഴെ മാത്രം. ആരോഗ്യ പ്രവർത്തകരുടെ വിമുഖതയും തുടക്കം മുതൽ ഉണ്ടായ ഏകോപന കുറവും വാക്സീൻ വിതരണം പ്രതീക്ഷിച്ച വേഗം കൈവരിക്കാത്തതിന് പിന്നിലുണ്ട്. ഇതിനിടെ പരീക്ഷണം പൂർത്തിയാകാത്ത കോവാക്സിൻ ഉപയോഗിക്കാനാകില്ലെന്ന് സംസ്ഥാനം കേന്ദ്രത്തെ അറിയിച്ചു. 

ഫെബ്രുവരി അഞ്ചോടെ മുന്‍നിര ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വാക്സീന്‍ വിതരണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. റജിസ്റ്റര്‍ ചെയ്തത് നാലേമുക്കാൽ  ലക്ഷത്തോളം ആരോഗ്യപ്രവര്‍ത്തകര്‍. 25 ദിവസം കൊണ്ട് വാക്സീന്‍ നൽകാൻ സാധിച്ചത് 3,26,545 പേര്‍ക്ക് മാത്രം. ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍, കോവിഡ് ബാധിതര്‍ തുടങ്ങിയവരെ ഒഴിവാക്കി ബാക്കിയുളള  90 ശതമാനം പേര്‍ക്ക് വാക്സീന്‍ നൽകാനായിരുന്നു പദ്ധതി. 

എന്നാല്‍ പല ജില്ലകളിലും പ്രതിദിനം 70 ശതമാനം പോലും ലക്ഷ്യം കൈവരിക്കാനായില്ല.  മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തന്നെ വാക്സീന്‍ സ്വീകരിച്ച് മാതൃക കാട്ടിയിട്ടും വലിയൊരു വിഭാഗം അലംഭാവം തുടർന്നു.  നിസാര കാരണങ്ങൾ പറഞ്ഞ്  കിട്ടിയ അവസരം വിനിയോഗിച്ചില്ല. കുത്തിവയ്പ് സ്വീകരിക്കുന്നതിന്റെ ദൃശ്യങ്ങൾ പോലും പകർത്താൻ അനുവദിക്കാതെ സുതാര്യത പുലർത്താത്ത ഏക സംസ്ഥാനമായിരുന്നു കേരളം. 

വാക്സീൻ സ്വീകരണവുമായി ബന്ധപ്പെട്ട് ബോധവത്കരണ ശ്രമങ്ങൾക്കും ഇതുവരെ തുടക്കമിട്ടിട്ടില്ല. മികച്ച രീതിയിൽ വാക്സീൻ വിതരണം നടത്തിയ ആദ്യ 12 സംസ്ഥാനങ്ങളുടെ പോലും ഗണത്തിൽ ആരോഗ്യ കേരളം ഉൾപ്പെടാതെ പോയി. നാളെ മുതൽ പൊലീസ്, അർധ സൈനിക വിഭാഗങ്ങൾ, റവന്യൂ, പഞ്ചായത്ത്, മുനിസിപ്പാലിറ്റി ജീവനക്കാർ എന്നിവരുടെ വാക്സിനേഷൻ ആരംഭിക്കും. പഞ്ചായത്ത്, മുനിസിപ്പാലിറ്റി ജീവനക്കാരുടെ റജിസ്ട്രേഷൻ എങ്ങുമെത്തിയിട്ടില്ല.  മുതിർന്ന പൗരന്മാരുടെ റജിസ്ട്രേഷൻ സംബന്ധിച്ചും വ്യക്തതയില്ല. രോഗബാധിതരുടെ എണ്ണം രാജ്യത്ത് ഏറ്റവുമുയർന്നു നിൽക്കുന്ന സംസ്ഥാനത്ത് വാക്സിനേഷൻ വേഗത്തിലാക്കാൻ കൃത്യമായ തന്ത്രമൊരുക്കണമെന്നാണ് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്.

English Summary: Covid vaccination: Kerala fails to finish phase 1 on time

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com