ADVERTISEMENT

തിരുവനന്തപുരം ∙ ‘‘ശബരിമലയാണ് ഞങ്ങളുടെയും പ്രശ്നം. സാമ്പത്തിക പ്രശ്നമാണ്. ശബരിമലയുടെ വരുമാനം കൊണ്ടാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് മുന്നോട്ടുപോകുന്നത്. കോവിഡ് ലോക്ഡൗണിലെ തീർഥാടനകാലത്ത് വരുമാനം വെറും 21 കോടി രൂപയായിരുന്നു. 100 കോടി രൂപ അടിയന്തരമായി കിട്ടിയില്ലെങ്കിൽ ഒരു ദിവസം പോലും മുന്നോട്ടുപോകാൻ ബോർഡിനു കഴിയില്ല. അയ്യായിരത്തോളം ജീവനക്കാർക്ക് ശമ്പളം നൽകാനും നിവൃത്തിയില്ല. 1250 ക്ഷേത്രങ്ങളിലെ കാര്യങ്ങൾ നടക്കില്ല’’ – ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ. വാസു വ്യക്തമാക്കുന്നു. 

കോവിഡ് മാനദണ്ഡങ്ങൾ മൂലം ശബരിമല തീർഥാടനത്തിനു നിയന്ത്രണം വന്നപ്പോൾ ദേവസ്വം ബോർഡിന്റെ നട്ടെല്ലൊടിഞ്ഞു. 21 കോടി രൂപയാണ് കഴിഞ്ഞ സീസണിലെ വരുമാനം. തൊട്ടുമുൻപുള്ള സീസണിൽ വരുമാനം 269 കോടിയായിരുന്നു. റെക്കോർഡ് വരുമാനമായിരുന്നു ആ വർഷം. 

2018 ൽ, യുവതീപ്രവേശന വിഷയത്തിലെ സുപ്രീം കോടതി വിധിയെ തുടർന്ന് കലുഷിതമായ തീർഥാടനകാലത്ത് ഭക്തരുടെ പ്രതിഷേധവും കാണിക്കയിടാതിരിക്കാൻ ഹിന്ദു സംഘടനകളുടെ ആഹ്വാനവും ഉണ്ടായപ്പോഴാണ് ബോർഡിന് ആദ്യ തിരിച്ചടി കിട്ടിയത്. ശബരിമലയിൽ പതിവായി കിട്ടിയിരുന്ന 260 കോടി രൂപയുടെ വരുമാനത്തിൽ 100 കോടിയുടെ ഇടിവ്. അടുത്ത വർഷം അതിനു പരിഹാരമായി. യുവതീപ്രവേശനവിഷയം വിശാലബഞ്ചിലേക്ക് വിട്ടു സുപ്രീം കോടതിയുടെ തീരുമാനം വന്നപ്പോൾ, യുവതീപ്രവേശനം വേണ്ടെന്നു സർക്കാർ നിലപാടെടുത്തതോടെ ഭക്തർ വാരിക്കോരി കാണിക്ക നൽകി. ആ തീർഥാടന കാലത്തു ദേവസ്വം ബോർഡിനു ലഭിച്ചത് സർവകാല റെക്കോർഡ് വരുമാനം.– 269 കോടി രൂപ. 

പിന്നാലെ വന്ന കോവിഡ് കാലമാണ് ബോർഡിനു വീണ്ടും തിരിച്ചടിയായത്. ശബരിമല ക്ഷേത്രത്തിലെ വരുമാനം കൊണ്ടു മാത്രം കാര്യങ്ങൾ നടന്നുപോകുന്ന 1250 ക്ഷേത്രങ്ങളാണ് ബോർഡിനു കീഴിലുള്ളത്. ക്ഷേത്രങ്ങളിൽ ഭക്തർക്കു പ്രവേശനം വിലക്കിയതോടെ, അവിടെയൊക്കെ പൂജ അടക്കം അത്യാവശ്യകാര്യങ്ങൾക്കുള്ള വരുമാനം പോലും ഇല്ലാതായി. ശബരിമലയിൽനിന്ന് 21 കോടി വരുമാനം ലഭിച്ചപ്പോൾ 69 കോടി ചെലവും വന്നു. ഇതോടെ ബോർഡിന്റെ നില ആകെ പരുങ്ങലിലായി. 

5000 ജീവനക്കാരും 4000 പെൻഷൻകാരുമാണ് ദേവസ്വം ബോർഡിനുള്ളത്. പ്രതിസന്ധിഘട്ടങ്ങളിലെല്ലാം സർക്കാർ കൂടെ നിന്നു പണം നൽകിയെന്നും ബോർഡ് പ്രസിഡന്റ് പറയുന്നു. 70 കോടിയോളം രൂപയാണ് പ്രതിസന്ധി ഘട്ടത്തിൽ ദേവസ്വം ബോർഡിനു സർക്കാർ കൈമാറിയത്. 100 കോടി രൂപയുടെ സഹായം  വീണ്ടും തേടിയിട്ടുണ്ട്.

English Summary: The loss of revenue from Sabarimala will affect the functioning of other small temples says N Vasu, President of Travancore Devaswom Board

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com