ADVERTISEMENT

ജറുസലം∙ ഇറാന്റെ ആണവപദ്ധതികളുടെ പിതാവ് എന്ന് അറിയപ്പെട്ടിരുന്ന മൊഹ്‌സീന്‍ ഫക്രിസദേയെ കൊലപ്പെടുത്തിയത് ഇസ്രയേലി രഹസ്യാന്വേഷണ സംഘടനയായ മൊസാദാണെന്നു വെളിപ്പെടുത്തൽ. ഇറാനിൽനിന്നുള്ള ഏജന്റുമാരുടെ ഉൾപ്പെടെ പിന്തുണയോടെയായിരുന്നു കൊലപാതകമെന്നും ബ്രിട്ടിഷ് പത്രമായ ‘ദ് ജൂവിഷ് ക്രോണിക്കിളി’ന്റെ വെബ്സൈറ്റ് വ്യക്തമാക്കി. ടെഹ്‌റാനില്‍ 2020 നവംബർ 27നാണ് മൊഹ്‌സീൻ കൊല ചെയ്യപ്പെട്ടത്. കാറിൽനിന്നിറങ്ങുന്നതിനിടെ അജ്ഞാതർ വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നു എന്നായിരുന്നു ഇറാന്റെ ഔദ്യോഗിക വിശദീകരണം. ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെയായിരുന്നു മരണം സംഭവിച്ചത്.

ആക്രമണത്തിനു പിന്നിൽ ഇസ്രയേലാണെന്ന് ആരോപിച്ച് ഇറാൻ വിദേശകാര്യ മന്ത്രി ജവാദ് ശരീഫ് അന്ന് ട്വീറ്റും ചെയ്തിരുന്നു. അധികാരമൊഴിയുന്നതിനു മുന്നോടിയായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പിന്തുണയോടെ നടത്തിയ ആക്രമണമാണെന്നും റിപ്പോർട്ടുകൾ പുറത്തുവന്നു. എന്നാൽ അന്നു നിശബ്ദരായിരുന്ന ഇസ്രയേൽ പുതിയ റിപ്പോർട്ടിനെതിരെ രംഗത്തു വന്നിട്ടുണ്ട്. ‘ഇത്തരം കാര്യങ്ങളിലൊന്നും ഞങ്ങൾ അഭിപ്രായം പറയാനില്ല. ഞങ്ങളുടെ അത്തരം നിലപാടിൽ ഒരു മാറ്റം വരുത്താനുമില്ല...’ എന്നായിരുന്നു സർക്കാർ വക്താവിന്റെ മറുപടി.  

Iran Mossad
ഇറാനിൽ മൊഹ്സീൻ ഫക്രിസാദെയുടെ ചിത്രം പതിച്ച ബോർഡുകളിലൊന്ന്. ഫയൽ ചിത്രം: ATTA KENARE / AFP

ഇറാനിലേക്ക് കടത്തിയ പ്രത്യേക തോക്ക് ഉപയോഗിച്ചാണ് (one-ton gun) കൊല നടത്തിയതെന്ന് വെബ്സൈറ്റ് റിപ്പോർട്ട് ചെയ്യുന്നു. പല കഷ്ണങ്ങളാക്കിയാണ് തോക്ക് ഇറാനിലേക്ക് കടത്തിയത്. മൊസാദിന്റെ ഇരുപതോളം ഏജന്റുമാർ ഈ നീക്കത്തിൽ പങ്കെടുത്തു. ഇസ്രയേൽ, ഇറാൻ സ്വദേശികളുണ്ടായിരുന്നു കൂട്ടത്തിൽ. സംഘം എട്ടു മാസത്തോളം മൊഹ്സീനെ പിന്തുടർന്നു നിരീക്ഷിച്ചാണ് കൊല നടത്തിയതെന്നും ഇന്റലിജൻസ് റിപ്പോർട്ടിനെ അടിസ്ഥാനമാക്കി പത്രം റിപ്പോർട്ട് ചെയ്തു. ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന പത്രമാണ് ‘ദ് ജൂവിഷ് ക്രോണിക്കിൾ’. ജൂതവിഭാഗത്തിന്റെ ഏറ്റവും പഴക്കംചെന്ന പത്രവുമാണിത്.

അൻപത്തിയൊൻപതുകാരനായ മൊഹ്‌സീൻ നേരത്തേത്തന്നെ യുഎസിന്റെയും ഇസ്രയേലിന്റെയും ഉൾപ്പെടെ കണ്ണിലെ കരടായിരുന്നു. പാശ്ചാത്യലോകത്തിനെതിരെ ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ രഹസ്യ ആണവ ബോംബ് പദ്ധതി തയാറാക്കുന്നുവെന്നായിരുന്നു പ്രധാന സംശയം. 2003ലാണ് ഇത്തരമൊരു ആണവ പദ്ധതി ഇറാൻ താൽക്കാലികമായി നിർത്തിവച്ചത്. എന്നാൽ പിന്നീട് ഇത് പുനഃരാരംഭിച്ചു. ഈ രഹസ്യ പദ്ധതിയുടെ ചുക്കാൻ പിടിച്ചത് മൊഹ്സീനാണെന്നായിരുന്നു ഇസ്രയേലി ഇന്റലിജൻസ് ഉൾപ്പെടെ ആരോപിച്ചത്. വർഷങ്ങളോളം പല രഹസ്യാന്വേഷണ സംഘടനകളുടെയും നിരീക്ഷത്തിലായിരുന്നു ഇദ്ദേഹം. 

Iran Mossad
മൊഹ്സീൻ ഫക്രിസാദെയുടെ മൃതദേഹം വഹിച്ചുള്ള വിലാപയാത്രയിൽനിന്ന്. ഫയൽ ചിത്രം: IRANIAN DEFENCE MINISTRY / AFP

ഒരു പിക്കപ് വാഹനത്തിനു മുകളിൽ ഘടിപ്പിച്ച ഓട്ടമേറ്റഡ് തോക്കാണ് കൊലപാതകത്തിനായി ഉപയോഗിച്ചത്. അത്യാധുനിക സാങ്കേതികവിദ്യയാൽ നിർമിച്ച തോക്ക് വിദൂരത്തിരുന്ന് റിമോട്ട് വഴിയാണു പ്രവർത്തിപ്പിച്ചത്. മൊഹ്‌സീന്റെ ഓരോ നീക്കവും നിരീക്ഷിച്ചുകൊണ്ടായിരുന്നു ഒടുവിൽ പദ്ധതിയിട്ടതു പ്രകാരമുള്ള സ്ഥലത്തെത്തിയപ്പോൾ വെടിവച്ചത്. തോക്കിന് ഒരു ടണ്ണോളം ഭാരമുണ്ടാകുന്നതിനും കാരണമുണ്ടായിരുന്നു–വെടിവച്ചു കഴിഞ്ഞാലുടൻ സ്വയം പൊട്ടിത്തെറിക്കുന്ന വിധത്തിൽ തോക്കിൽ വൻ ബോംബും ഘടിപ്പിച്ചിരുന്നു. തെളിവുകൾ പൂർണമായും നശിപ്പിച്ചായിരുന്നു കൊലപാതകം. 

ഇസ്രയേൽ ഏജൻസി തനിയെയായിരുന്നു കൊലപാതകം നടത്തിയത്. യുഎസിനു വിഷയത്തെപ്പറ്റി അറിയില്ലായിരുന്നെങ്കിലും ഇതു സംബന്ധിച്ച് ഉദ്യോഗസ്ഥർക്ക് ഇസ്രയേൽ മുന്നറിയിപ്പ് നൽകിയിരുന്നെന്നും റിപ്പോർട്ടിലുണ്ട്. മൊഹ്സീനെ കൊലപ്പെടുത്തിയില്ലായിരുന്നെങ്കില്‍ വെറും മൂന്നര മാസംകൊണ്ട് ഇറാന് ആണവബോംബ് നിർമിക്കാനാകുമായിരുന്നെന്നും റിപ്പോർട്ടിൽ പറയുന്നു. മൊഹ്സീനെപ്പോലെ പരിചയസമ്പന്നനായ ഒരു ശാസ്ത്രജ്ഞൻ ഇറാന്റെ തലപ്പത്തെത്തി ആണവപദ്ധതി വീണ്ടും ശക്തമാകണമെങ്കിൽ കുറഞ്ഞത് ആറു വർഷമെങ്കിലും വേണം. പിന്നെയും രണ്ടു വർഷം കൂടി കഴിഞ്ഞാലേ ബോംബ് നിർമാണത്തെപ്പറ്റി ആലോചിക്കാനാകൂ! എന്നാൽ ആണവോർജത്തെ ആയുധ നിർമാണത്തിനായി ഉപയോഗിക്കുന്നുവെന്ന ആരോപണത്തെ ഇറാൻ തള്ളിയിരുന്നു.

English Summary: Iranian top nuclear scientist killed by one-ton automated gun in Israeli hit

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com