ADVERTISEMENT

സിനിമാക്കാർ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തെ വിഴുങ്ങുന്ന പരിപാടി മുൻപ് തമിഴ്നാട്ടിൽ നിന്നു മാത്രമാണ് കേട്ടിരുന്നത്. എന്നാൽ ഇന്ന് കഥ മാറി. കേരളത്തിലും ചില സീറ്റുകൾ പിടിക്കാൻ താരഭാരം വേണമെന്ന് രാഷ്ട്രീയക്കാർ തന്നെ കരുതുന്നു.  ഇന്ന് താരപദവിക്ക് രാഷ്ട്രീയത്തിൽ വലിയ പങ്കുണ്ടെന്നു വിശ്വസിക്കുന്നുണ്ട് ഒരു വിഭാഗം രാഷ്ട്രീയക്കാർ.

നിത്യഹരിത നായകൻ പ്രേംനസീർ കോൺഗ്രസിൽ ചേർന്നു എന്നതാണ് പഴയകാല സിനിമാ–രാഷ്ട്രീയ ബന്ധത്തിൽ മുഴങ്ങിക്കേട്ട സംഭവം. അല്ലറ ചില്ലറ രാഷ്ട്രീയ പരിപാടികളിലും പ്രചാരണവേദികളിലുമൊക്കെയെത്തിയ പ്രേംനസീർ തമിഴ്നാട്ടിലെ എംജിആറിനെപോലെ കേരള രാഷ്ട്രീയവും ഇളക്കിമറിക്കും എന്നു ചിന്തിച്ചവരുമുണ്ടായിരുന്നു. കെ. കരുണാകരൻ പാർട്ടിക്ക് നേതൃത്വം നൽകിയ അക്കാലത്ത് നടന്ന പ്രചാരണങ്ങളിലെത്തിയ നസീറിനെ കാണാൻ ആബാലവൃദ്ധം നാടും അത്യാവേശത്തോടെ കവലകളിൽ എത്തിച്ചേർന്നു. പക്ഷേ ഒരു തിരഞ്ഞെടുപ്പിനെയോ മത്സരത്തെയോ എതിരിടാൻ നിത്യഹരിതനായകന് സാധിച്ചില്ല.

താരഭാരം വേണോ നിലവിലെ രാഷ്ടീയ പരിതസ്ഥിതിയിൽ പാർട്ടികൾക്ക് ജയിക്കാൻ? അങ്ങനെ തോന്നുന്നെങ്കില്‍ അത്  തീർത്തും മോശം പ്രവണതയാണെന്ന് പറയുന്നു രാഷ്ട്രീയ, സാമൂഹിക നിരീക്ഷകൻ എം.എൻ. കാരശ്ശേരി.  സ്വന്തം പ്രത്യയശാസ്ത്രം കൊണ്ടും പ്രവർത്തനം കൊണ്ടും രാഷ്ട്രീയ നിലപാടു പറഞ്ഞും വോട്ടുപിടിക്കാൻ പറ്റാതെ വരുമ്പോൾ താരമൂല്യമുപയോഗിച്ച് വോട്ട് നേടുകയാണ് ലക്ഷ്യം. ഒറ്റവാക്കിൽ അരാഷ്ട്രീയത എന്നു മാത്രം പറയാവുന്ന കാര്യം. ഇടതുവലതു പക്ഷങ്ങളെല്ലാം താരങ്ങളെ നിർത്താൻ ആലോചനകൾ നടത്തുമ്പോൾ ചിന്തിക്കണം സ്വന്തം പ്രവർത്തനം പറഞ്ഞ് ജനതയെ നേരിടാനാവത്തതൊരു പരാജയമല്ലേയെന്ന്.

സിനിമാ താരങ്ങളെ രംഗത്തു വരുത്താം,അതൊക്കെ രാജ്യസഭയിലെ വകുപ്പാണ്. അല്ലാതെ നാടിന്റെ തുടിപ്പിനൊപ്പം നിൽക്കാനാവാത്ത ആളുകളെ രാഷ്ട്രീയത്തിലിറക്കുന്നത് അരാഷ്ട്രീയതയാണെന്ന കാര്യത്തിൽ സംശയമില്ല. വിജയം ഉറപ്പുള്ള മണ്ഡലങ്ങളിലൊന്നും താരങ്ങളെ നിർത്താത്തതിൽ നിന്നു തന്നെ വ്യക്തമാണ് കാര്യങ്ങൾ. ആ മണ്ഡലത്തിൽ ലഭിക്കുന്നത് രാഷ്ട്രീയ വോട്ടല്ല എന്നുറപ്പാണ്. മണ്ഡലത്തില്‍ പാർട്ടി നടത്തിയ പ്രവർത്തനങ്ങളും ഇടപെടലുകളുമാവണം വോട്ട് നേടാൻ അടിസ്ഥാനമെന്നും പറഞ്ഞുവെയ്ക്കുന്നു എം.എൻ. കാരശ്ശേരി.

English Summary : MN Karassery on film stars contesting for assembly elections

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com