ADVERTISEMENT

വാഷിങ്ടന്‍∙ ജനുവരി ആറിനു നടന്ന ക്യാപ്പിറ്റല്‍ കലാപത്തില്‍ യുഎസ് മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കുറ്റക്കാരനാണെന്നു വിധിച്ചില്ലെങ്കില്‍ അദ്ദേഹം വീണ്ടും അത്തരം നടപടികള്‍ ആവര്‍ത്തിക്കുമെന്ന് ഡമോക്രാറ്റ് പ്രതിനിധികള്‍. ട്രംപിന്റെ നടപടി അമേരിക്കയുടെ സുരക്ഷയ്ക്കും രാജ്യാന്തര പ്രതിഛായയ്ക്കും ദീര്‍ഘകാല ഹാനിയാണു വരുത്തിയതെന്നും ഡമോക്രാറ്റുകള്‍ ആരോപിച്ചു. 

ട്രംപിന്റെ രണ്ടാം ഇംപീച്ച്‌മെന്റ് നടപടികളില്‍ ഡമോക്രാറ്റുകള്‍ വാദം പൂര്‍ത്തിയാക്കി. കലാപകാരികളുടെ തന്നെ വാക്കുകള്‍ ഉദ്ധരിച്ചാണ് ട്രംപിന്റെ ബന്ധം ഇംപീച്ച്‌മെന്റ് പ്രോസിക്യൂട്ടര്‍മാര്‍ അവതരിപ്പിച്ചത്. പൊലീസ്, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍, വിദേശ മാധ്യമങ്ങള്‍ എന്നിവരില്‍നിന്നുള്ള വിവരങ്ങളും ഡമോക്രാറ്റുകള്‍ ഹാജരാക്കി. 

വെള്ളിയാഴ്ച മുതല്‍ ട്രംപിന്റെ സംഘം പ്രതിവാദം നടത്തും. വിചാരണ രാഷ്ട്രീയനീക്കമാണെന്നും ഭരണഘടനാവിരുദ്ധമാണന്നും ട്രംപ് വിഭാഗം നേരത്തേതന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഈയാഴ്ച വാദപ്രതിവാദങ്ങളുമായി പോകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സാക്ഷികളെ വിസ്തരിക്കാന്‍ ചിലപ്പോള്‍ ആവശ്യപ്പെട്ടേക്കാം. ബ്രൂസ് കാസ്റ്റര്‍ നയിക്കുന്ന ട്രംപ് അഭിഭാഷസംഘത്തിന്റേത് ദയനീയ പ്രകടനമായെന്നും സെനറ്റില്‍ കാസ്റ്ററിന്റെ ദുര്‍ബലമായ വാദം ടിവിയില്‍ കണ്ടു നിരാശനായ ട്രംപ് രോഷം കൊണ്ടെന്നും റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു.

100 അംഗ സെനറ്റില്‍ ഡെമോക്രാറ്റുകള്‍ക്കും റിപ്പബ്ലിക്കന്‍മാര്‍ക്കും തുല്യ അംഗബലമുണ്ട്. ട്രംപിനെ ശിക്ഷിക്കണമെങ്കില്‍ മൂന്നില്‍ രണ്ട് വോട്ട് വേണം. ക്യാപ്പിറ്റല്‍ അതിക്രമത്തെ എതിര്‍ത്ത് ഏതാനും ചില റിപ്പബ്ലിക്കന്‍മാര്‍ രംഗത്തെത്തിയെങ്കിലും ഭൂരിഭാഗവും ഇപ്പോഴും ട്രംപിനെ അനുകൂലിച്ച് നിശബ്ദരായിരിക്കുന്നവരാണ്. അതിനാല്‍ ഇംപീച്ച്‌മെന്റ്് വിജയിക്കുമോ എന്നതില്‍ വ്യക്തതയില്ല. എന്നാല്‍ കുറ്റക്കാരനാണെന്നു കണ്ടെത്തിയാല്‍ ട്രംപിന് ഇനി പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിക്കാനാകാത്ത തരത്തില്‍ വോട്ട് ചെയ്യാനും സെനറ്റിനു കഴിയും. 

USA-ELECTION/PROTESTS

ഡമോക്രാറ്റുകള്‍ക്ക് ഭൂരിപക്ഷമുള്ള പ്രതിനിധി സഭ ഡിസംബറിലാണ് ട്രംപിനെ ഇംപീച്ച് ചെയ്തത്. മുമ്പു നടന്ന തെറ്റിനെതിരായ ഇംപീച്ച്‌മെന്റ് അല്ല മറിച്ച് അമേരിക്കയുടെ ഭാവിക്കു വേണ്ടിയുള്ള നടപടിയാണിതെന്നാണ് ഡമോക്രാറ്റ് നേതാക്കള്‍ പറയുന്നത്. ഭാവിയില്‍ ഒരു പ്രസിഡന്റും ഇത്തരത്തില്‍ നടപടി സ്വീകരിക്കില്ല എന്ന് ഉറപ്പുവരുത്താനുള്ള നീക്കമാണിതെന്നും അവര്‍ വ്യക്തമാക്കുന്നു. 

ട്രംപ് ഏതെങ്കിലും ഒരു വ്യക്തിയായിരുന്നില്ലെന്നും പ്രസിഡന്റ് എന്ന നിലയിലാണ് അക്രമത്തിനു സജ്ജരായിനിന്ന തന്റെ അനുയായികളെ അഭിസംബോധന ചെയ്തതെന്നും ഹൗസ് പ്രോസിക്യൂട്ടര്‍ ജോ നെഗുസെ പറഞ്ഞു. ട്രംപ് ആഗ്രഹിച്ചതനുസരിച്ചാണ് തങ്ങള്‍ വാഷിങ്ടന്‍ ഡിസിയിലേക്കു വന്നതെന്നു കലാപകാരികള്‍ പറയുന്നതിന്റെ ദൃശ്യങ്ങളും ഡമോക്രാറ്റുകള്‍ ഹാജരാക്കിയിരുന്നു. 

us-capitol-police-security-twitter-pic

സ്പീക്കര്‍ നാന്‍സി പെലോസിയെയും വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിനെയും വധിക്കാന്‍ പദ്ധതിയിട്ടിരുന്നതായി ചില കലാപകാരികള്‍ സമ്മതിച്ചതായി ഹൗസ് മാനേജര്‍ ഡേവിഡ് സിസില്ലിന്‍ പറഞ്ഞു. ജനപ്രതിനിധികളെ താഴത്തെ നിലയില്‍ അടച്ച് ഗ്യാസ് തുറന്നുവിടുന്നതിനെക്കുറിച്ചാണ് ചില കലാപകാരികള്‍ സംസാരിച്ചിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സ്പീക്കര്‍ നാന്‍സി പെലോസിയെയും വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിനെയും തേടി കലാപകാരികള്‍ നടക്കുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങുന്ന വിഡിയോ പുറത്തുവന്നിരുന്നു. അക്രമം വിശദീകരിക്കുന്ന ഗ്രാഫിക് വിഡിയോകളും ഓഡിയോ ഫയലുകളും വാദത്തിനു ബലം പകരാന്‍ ഡമോക്രാറ്റുകള്‍ ഉപയോഗിച്ചു. 

പ്രതിഷേധക്കാര്‍ പൊലീസുകാരുമായി നേരിട്ട് ഏറ്റുമുട്ടുന്നതും അവര്‍ സഹായത്തിനായി കേഴുന്നതും വിഡിയോയില്‍ കാണാം. അക്രമികള്‍ പ്രവേശിക്കുന്നതിനു ഏതാനും നിമിഷങ്ങള്‍ മുന്‍പ് സെനറ്റര്‍മാരെ സുരക്ഷിതസ്ഥാനത്തേക്കു മാറ്റുന്നതും ദൃശ്യങ്ങളിലുണ്ട്. അക്രമികളെ പ്രചോദിപ്പിച്ചത് ട്രംപിന്റെ വാക്കുകളും ട്വീറ്റുകളുമാണെന്നും ഡമോക്രാറ്റ് അംഗങ്ങള്‍ വാദിച്ചു.

Capitol-Building-protestor

പടച്ചട്ട പോലുള്ള സുരക്ഷാജായ്ക്കറ്റുകള്‍ ധരിച്ച കലാപകാരികള്‍ എങ്ങനെയാണ് ക്യാപ്പിറ്റല്‍ മന്ദിരത്തില്‍ പ്രവേശിക്കുന്നതെന്നും കെട്ടിടത്തില്‍ എന്തൊക്കെ നാശനഷ്ടങ്ങള്‍ വരുത്തിയെന്നും വിഡിയോയില്‍ വ്യക്തമാണ്. ബാറ്റുകള്‍ വീശിയും കണ്ണീര്‍ വാതകം പ്രയോഗിച്ചും ഇവര്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കുനേരെ ആഞ്ഞടിക്കുന്നതും വിഡിയോയില്‍ ഉള്‍പ്പെടുന്നു. ഗ്രാഫിക് വിവരങ്ങള്‍ കൂടി ഉള്‍പ്പെടുത്തി ക്യാപ്പിറ്റല്‍ മന്ദിരത്തില്‍ നടന്ന സംഭവങ്ങളുടെ തുടക്കം മുതല്‍ ഒടുക്കം വരെ കൃത്യമായി അവതരിപ്പിക്കുന്നുമുണ്ട്. മറ്റൊരു വിഡിയോയില്‍ മൈക്ക് പെന്‍സിനെയും കുടുംബത്തെയും സുരക്ഷിത സ്ഥാനത്തേക്കു മാറ്റുന്നതുമുണ്ട്. തിരഞ്ഞെടുപ്പ് ഫലം അംഗീകരിക്കാന്‍ തയാറായ പെന്‍സിനെ തൂക്കിലേറ്റണമെന്നും ജനക്കൂട്ടം വിളിച്ചു പറയുന്നത് വിഡിയോയിലുണ്ട്. കലാപകാരികളില്‍നിന്ന് 100 അടി മാത്രം അകലെയായിരുന്നു ഒരു ഘട്ടത്തില്‍ മൈക്ക് പെന്‍സും കുടുംബവും.

സ്പീക്കര്‍ നാന്‍സി പെലോസിയുടെ ഓഫിസിലേക്ക് അതിക്രമിച്ചുകയറിയവര്‍ അവരെവിടെയെന്ന് ആക്രോശിക്കുന്നതും വിഡിയോയില്‍നിന്നു വ്യക്തമാണ്. പെലോസി സഹപ്രവര്‍ത്തകര്‍ക്കൊപ്പം രക്ഷപ്പെടുന്നതും കാണാം. ജനപ്രതിനിധി സഭയുടെ ലോബിയിലേക്ക് അതിക്രമിച്ചു കയറാനൊരുങ്ങുന്ന വനിതയെ വെടിവച്ചുകൊല്ലുന്നതും വാതില്‍ക്കല്‍നിന്ന പൊലീസുകാരനെ ജനക്കൂട്ടം മര്‍ദിച്ചൊതുക്കുന്നതും വിഡിയോയിലുണ്ട്. വിഡിയോ പുറത്തുവന്നതിലൂടെ ഇംപീച്‌മെന്റ് വാദത്തിന്റെ ഗതിയും മാറുകയാണ്. ഭരണഘടനാപരമായ പ്രശ്‌നം എന്നതില്‍നിന്നു മാറി നേതാക്കളുടെ ജീവനു വരെ ഭീഷണിയാകുംവിധം കലാപകാരികള്‍ അവര്‍ക്കു തൊട്ടടുത്തെത്തിയെന്നതിലേക്കാണ് വാദം വഴിമാറുന്നത്.

English Summary: Convict Trump or it could happen again,' trial told

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com