ADVERTISEMENT

കൊച്ചി ∙ സംവിധായകന്‍ മേജര്‍ രവിയുടെ കോണ്‍ഗ്രസ് പ്രവേശം കേരളത്തില്‍ ബിജെപി കേന്ദ്രങ്ങളെ അമ്പരപ്പിച്ചു. ബിജെപി നേതാക്കള്‍ക്കെതിരെ കഴിഞ്ഞ മാസം മേജര്‍ രവി ശക്തമായ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു. സംഘ്പരിവാർ സഹയാത്രികയനായ സംവിധായകന്‍ ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലടക്കം പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഇറങ്ങിയിരുന്നു. തിരഞ്ഞെടുപ്പ് കഴിഞ്ഞശേഷം ഒറ്റ ഒരു നേതാവും നന്ദി പറയാന്‍ പോലും വിളിക്കാത്തത് അടക്കം അദ്ദേഹത്തെ ചൊടിപ്പിച്ചു.

കേരളത്തിലെ ബിജെപിയിലെ 90% നേതാക്കളും വിശ്വസിക്കാന്‍ കൊള്ളാത്തവരാണ്. തനിക്കെന്തു കിട്ടും എന്ന ചിന്തയാണ് എല്ലാ നേതാക്കള്‍ക്കും ഉള്ളതെന്നും അദ്ദേഹം തുറന്നടിച്ചു. വരുന്ന തിരഞ്ഞെടുപ്പില്‍ തൃപ്പുണിത്തുറയിലോ മറ്റു മണ്ഡലങ്ങളിലോ മല്‍സരിക്കുമെന്ന പ്രചാരണത്തിനെതിരെയും മേജര്‍ രവി രോഷത്തോടെ പ്രതികരിച്ചു. ഒരു രാഷ്ട്രീയക്കാരനാവാന്‍ ആഗ്രഹിക്കുന്നില്ലെന്നും ജനങ്ങള്‍ക്കുവേണ്ടി എന്തെങ്കിലും ചെയ്യണമെന്നുണ്ടെങ്കില്‍ രാഷ്ട്രീയക്കാരനാവണമെന്നുള്ള ഒരു നിര്‍ബന്ധവുമില്ലാത്ത വ്യക്തിയാണു താനെന്നുമായിരുന്നു വാദം.

കേരളത്തിലെ ബിജെപി നേതാക്കൾക്കു മസിലു പിടിച്ചു നടക്കാന്‍ മാത്രമേ കഴിയുകയുള്ളൂ. രാഷ്ട്രീയം ജീവിതമാര്‍ഗം ആക്കിയിരിക്കുന്നവരാണ് ബിജെപി നേതാക്കള്‍. താഴെത്തട്ടിലുള്ള ജനങ്ങളെ ഇവര്‍ തിരിഞ്ഞു നോക്കാറില്ല. ഗ്രൂപ്പ് പറഞ്ഞ് പാര്‍ട്ടിയെ തകര്‍ക്കാന്‍ ആണ് ഇവര്‍ ശ്രമിക്കുന്നതെന്നും മേജര്‍ രവി പറഞ്ഞു.

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ സിപിഎം വേദിയിലും മേജറെത്തി. പി.രാജീവിനെ ജയിപ്പിക്കാനായിരുന്നു അന്ന് എത്തിയത്. അന്ന് പറഞ്ഞത് ഇങ്ങനെ: ഈ വേദിയിൽ എന്നെ കാണുമ്പോൾ പലരും െനറ്റിച്ചുളിക്കുമായിരിക്കും. എന്നാലും ‍ഞാൻ ഇവിടെ നിൽക്കുന്നത് പി.രാജീവിനോടുള്ള ആത്മബന്ധം കൊണ്ട് കൂടിയാണ്. എറണാകുളത്ത് പി.രാജീവിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിലായിരുന്നു മേജർ രവിയുടെ പ്രസംഗം.

ഒരു രാജ്യസഭാ എംപിക്ക് എന്തു ചെയ്യാന്‍ സാധിക്കുമെന്ന് കാണിച്ചുതന്ന വ്യക്തിയാണ് രാജീവ്. അദ്ദേഹത്തെ വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിപ്പിക്കണമെന്നും ജനങ്ങളോട് അദ്ദേഹം അഭ്യർഥിച്ചു. പെന്‍ഷന്‍ വാങ്ങാന്‍ എംപിയായവരെ പോലെ അല്ല പി.രാജീവെന്ന മേജർ രവിയുടെ വാക്കുകൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.

‘വേദിയിലും സദസ്സിലുമിരിക്കുന്ന ബഹുമാന്യരെ, സഖാക്കളെ..’ എന്ന് സംബോധന ചെയ്താണ് അന്ന് അദ്ദേഹം പ്രസംഗം ആരംഭിച്ചത്. ഇൗ വാക്കുകൾ നിറഞ്ഞ കയ്യടിയോടെയായിരുന്നു ജനം സ്വീകരിച്ചത്. ലോക്സഭാ എംപിമാര്‍ പോലും 90 ചോദ്യങ്ങള്‍ ചോദിച്ചാല്‍ വലിയ കാര്യമാണെന്നിരിക്കെ 798 ചോദ്യങ്ങള്‍ രാജ്യസഭയില്‍ ഉന്നയിച്ച വ്യക്തിയാണ് രാജീവ്. അദ്ദേഹം ഓരോ ദിവസവും ജനങ്ങള്‍ക്ക് വേണ്ടി പാര്‍ലമെന്‍റില്‍ ഉണ്ടായിരുന്നു.

രാജീവ് ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്ന് ഉറപ്പുള്ളതുകൊണ്ടാണ് അദ്ദേഹത്തിന് വേണ്ടി താന്‍ വോട്ട് ചോദിക്കുന്നതെന്നും മേജര്‍ രവി വ്യക്തമാക്കി. സിപിഎം വേദിയിൽ മേജർ രവി എത്തിയതോടെ പുതിയ ചർച്ചകളും അന്ന് ആരംഭിച്ചിരുന്നു. ഇതിനെല്ലാം ഒടുവിലാണ് മേജര്‍ രവി കോണ്‍ഗ്രസിലേക്ക് എത്തുന്നത്. അതും നിയമസഭാ തിരഞ്ഞെടുപ്പ് പോരാട്ടം ചൂടുപിടിക്കുന്നതിനിടെ. 

Content Highlights: Major Ravi to Congress, Kerala Assembly Elections, BJP

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com