ADVERTISEMENT

ന്യൂഡൽഹി ∙ തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ സുരക്ഷയ്ക്കും മറ്റുമായി സംസ്ഥാന സർക്കാർ ചെലവാക്കിയ 11.7 കോടി രൂപ മടക്കിനൽകാൻ സാവകാശം വേണമെന്ന് ഭരണസമിതി സുപ്രീം കോടതിയോടു വ്യക്തമാക്കി. ഇക്കാര്യത്തിൽ തങ്ങൾ ഉത്തരവു നൽകുന്നില്ലെന്നും സമിതി സർക്കാരുമായി കൂടിയാലോചിക്കുന്നതാണ് ഉചിതമെന്നും ജസ്റ്റിസ് യു.യു.ലളിത് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

സമിതിയുടെ റിപ്പോർട്ട് കോടതി ഫയലിൽ സ്വീകരിച്ചു. ഒാഡിറ്റ് റിപ്പോർട്ട് മറ്റും സെപ്റ്റംബർ 2ാം വാരം കോടതി പരിഗണിക്കും. കഴിഞ്ഞ 25 വർഷത്തെ വരവു ചെലവു കണക്കുകൾ ചാർട്ടേഡ് അക്കൗണ്ടന്റ് ഒാഡിറ്റ് ചെയ്യണമെന്ന് കഴിഞ്ഞ ജുലൈയിലെ വിധിയിൽ കോടതി നിർദ്ദേശിച്ചിരുന്നു. ഒാഡിറ്റ് ചെയ്ത കണക്കും ബാലൻസ് ഷീറ്റും എല്ലാ വർഷവും സംസ്ഥാന അക്കൗണ്ടന്റ് ജനറലിനു നൽകണമെന്നും നിർദ്ദേശമുണ്ടായി.

കോവിഡ് നിയന്ത്രണങ്ങളുണ്ടായിരുന്നതിനാൽ ക്ഷേത്രത്തിലെ വരുമാനം കുറഞ്ഞു. അതിനാൽ സർക്കാരിന്റെ പണം തിരികെ നൽകാൻ കോടതിയോടു സാവകാശം ചോദിക്കണമെന്ന് സമിതി തീരുമാനിച്ചതായി റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ഇത് എടുത്തു പറഞ്ഞശേഷമാണ്, ഇക്കാര്യത്തിൽ തങ്ങൾ ഉത്തരവു നൽകുന്നില്ലെന്നു ബെഞ്ച് വ്യക്തമാക്കിയത്.

നിലവിൽ സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയിട്ടുള്ള സുരക്ഷാ സംവിധാനങ്ങൾ തുടരുമെന്നും ഇനിയുള്ള ചെലവ് ക്ഷേത്രം വഹിക്കണമെന്നുമാണ് കഴിഞ്ഞ ജുലൈയിൽ കോടതി നിർദ്ദേശിച്ചത്. സമിതിക്കുവേണ്ടി ഉത്തര ബബ്ബറും മൂലം തിരുനാൾ രാമവർമ്മയ്ക്കുവേണ്ടി വി.ശ്യാം മോഹനും സംസ്ഥാന സർക്കാരിനുവേണ്ടി ജി.പ്രകാശും ഹാജരായി.

English Summary: Padmanabhaswamy Temple Cites Covid, Says Can't Pay 11.7 Crores To State

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com