ADVERTISEMENT

കൊല്ലം ∙ കോവൂർ കുഞ്ഞുമോൻ എംഎൽഎയെ കുന്നത്തൂരിൽ വീണ്ടും സ്ഥാനാർഥിയാക്കരുതെന്നാവശ്യപ്പെട്ട് ആർഎസ്പി-എൽ സംസ്ഥാന സെക്രട്ടറി എസ്. ബലദേവ് എൽഡിഎഫ് കൺവീനർ എ. വിജയരാഘവനു കത്തു നൽകി. കുന്നത്തൂര്‍ സംവരണ സീറ്റിനു പകരം ജനറൽ സീറ്റ് ഇക്കുറി അനുവദിക്കണമെന്നാണ് ആവശ്യം. കത്തിന്റെ പേരിൽ ബലദേവിനെ സെക്രട്ടറി സ്ഥാനത്തു നിന്നു പുറത്താക്കി. ബലദേവ് വിഭാഗം 14 നു സംസ്ഥാന കമ്മിറ്റിയോഗം വിളിച്ചതോടെ പാർട്ടി വീണ്ടും പിളർപ്പിലേക്ക്. ഇതോടെ കുന്നത്തൂർ സീറ്റ് സിപിഎം പിടിച്ചെടുക്കുമെന്ന അഭ്യൂഹവും പരന്നു.

കുഞ്ഞുമോനും ബലദേവും തമ്മിൽ പാർട്ടിയിൽ ഏറെ നാളായി നിലനിൽക്കുന്ന തർക്കങ്ങൾക്കു പിന്നാലെ, പിഎസ്‌സി അംഗത്വത്തെച്ചൊല്ലിയുണ്ടായ വടംവലിയാണു ഇപ്പോഴത്തെ പിളർപ്പിൽ കലാശിച്ചത്. കുഞ്ഞുമോ‍ന്റെ പേരിലാണു പാർട്ടി അറിയപ്പെടുന്നതെങ്കിലും ഇടതു സ്വതന്ത്രനായി മത്സരിച്ചു ജയിച്ചതിനാൽ പാർട്ടിയിൽ അംഗത്വമെടുക്കാൻ കഴിഞ്ഞിട്ടില്ല.

സംസ്ഥാന സെക്രട്ടറി എസ്. ബലദേവ്, അസിസ്റ്റന്റ് സെക്രട്ടറി ചുങ്കം നിസാം, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് അഡ്വ. സജയൻ എന്നിവരെയാണു കുഞ്ഞുമോൻ വിഭാഗം പുറത്താക്കിയത്.  സെക്രട്ടറി പദവി വ്യക്തിപരമായ ആവശ്യങ്ങൾക്കായി ഉപയോഗിക്കുകയും സ്ഥാനമാനങ്ങൾക്കു വേണ്ടി പാർട്ടിയിൽ ചേരിതിരിവു സൃഷ്ടിക്കുകയും ചെയ്തതിനാണു ബലദേവിനെ പുറത്താക്കിയതെന്നു കുഞ്ഞുമോൻ വിഭാഗം പറയുന്നു.

ബലദേവ് വിഭാഗത്തിനെതിരെ കൂടുതൽ ആരോപണങ്ങൾ ഉന്നയിക്കാൻ കുഞ്ഞുമോൻ വിഭാഗം ഇന്നു വൈകിട്ടു കുന്നത്തൂരിൽ മാധ്യമസമ്മേളനം വിളിച്ചു. കുഞ്ഞുമോൻ വിഭാഗം, പുതിയ സംസ്ഥാന സെക്രട്ടറിയായി ഷാജി ഫിലിപ്പിനെ (കോട്ടയം)യും അസിസ്റ്റന്റ് സെക്രട്ടറിമാരായി എച്ചോം ഗോപി (വയനാട്), ഷാജാ ജി.എസ്. പണിക്കർ (തിരുവനന്തപുരം) എന്നിവരെ പ്രഖ്യാപിച്ചെങ്കിലും ഇത് അംഗീകരിക്കില്ലെന്ന നിലപാടിലാണു ബലദേവ് വിഭാഗം. ഷാജി ഫിലിപ്പിനെ മാസങ്ങൾക്കു മുൻപ് പാർട്ടിയിൽ നിന്നു പുറത്താക്കിയിരുന്നതായി ബലദേവ് പറഞ്ഞു. കുന്നത്തൂർ മണ്ഡലത്തിലെ പാർട്ടിയുടെ പ്രധാന നേതാക്കളിൽ ഭൂരിഭാഗവും രാജിവച്ചു ആർഎസ്പി യിലേക്കു മടങ്ങിയതു കുഞ്ഞുമോന്റെ നിലപാടുകൾ മൂലമാണെന്നും ബലദേവ് വിഭാഗം ആരോപിക്കുന്നു.

1200-kovoor-kunjumon-kunnathur
കോവൂർ കുഞ്ഞുമോൻ എംഎൽഎ (ഫയൽ ചിത്രം∙ മനോരമ)

കുഞ്ഞുമോനും ബലദേവും തമ്മിൽ ഏറെക്കാലമായി തുടരുന്ന തർക്കങ്ങളാണു പിഎസ്‌സി അംഗത്വത്തെച്ചൊല്ലി മൂർധന്യത്തിലെത്തിയത്. പിഎസ്‌സി അംഗത്വം പാർട്ടിക്കു വേണ്ടെന്നു കാണിച്ച ബലദേവ് നേരത്തെ എൽഡിഎഫ് കൺവീനർക്കു കത്തു നൽകിയിരുന്നു. ഇതാണു കുഞ്ഞുമോൻ വിഭാഗത്തെ ചൊടിപ്പിച്ചത്.

ഷാജാ ജി.എസ് പണിക്കർ ഉൾപ്പെടെ 2 പേരുകൾ പിഎസ്‌സി യിലേക്കു കുഞ്ഞുമോൻ നിർദേശിച്ചതോടെ തർക്കം മൂത്തു. ഒടുവിൽ ആർക്കും കൊടുക്കേണ്ടെന്നു സിപിഎം തീരുമാനിച്ചതോടെ ആർഎസ്പി-എൽ വെട്ടിലായി. 2016 ൽ രൂപീകരിക്കപ്പെട്ട പാർട്ടിയിൽ തൊട്ടടുത്ത വർഷം പിളർപ്പുണ്ടായിരുന്നു. സ്ഥാപക സെക്രട്ടറി അമ്പലത്തറ ശ്രീധരൻ നായരുടെ നേതൃത്വത്തിൽ ഒരു വിഭാഗം പിളർന്നുമാറി.

ആർഎസ്പി- എല്ലിനെ ഇതുവരെ എൽഡിഎഫിൽ ഉൾപ്പെടുത്തിയിട്ടില്ല. ഇക്കുറി കുഞ്ഞുമോൻ വീണ്ടും കുന്നത്തൂരിൽ സ്ഥാനാർഥിയാകുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ്, കുന്നത്തൂർ സീറ്റ് വേണ്ടെന്നും ജനറൽ സീറ്റു വേണമെന്നും പറഞ്ഞു ബലദേവ് എൽഡിഎഫ് നേതൃത്വത്തിനു കത്തു നൽകിയത്. പാർട്ടി വീണ്ടും പിളർന്നതോടെ കുന്നത്തൂര്‍ സീറ്റ് സിപിഎം പിടിച്ചെടുക്കാനും സാധ്യത തെളിഞ്ഞു.

English Summary: RSP(L) split over Kovoor Kunjumon and Kunnathur seat 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com