ADVERTISEMENT

ആലപ്പുഴ∙ ബിജെപി വിജയ സാധ്യതയുള്ള മണ്ഡലങ്ങളുടെ പട്ടികയിൽ പെടുത്തിയിരിക്കുന്ന ചെങ്ങന്നൂരിൽ സ്ഥാനാർഥി ആരാകും എന്നതിൽ പാർട്ടിക്കുള്ളില്‍ അനിശ്ചിതത്വം. ഡൽഹി കേന്ദ്രീകരിച്ച് 30 വർഷമായി പ്രവർത്തിക്കുന്ന ബിജെപി ബൗദ്ധിക സെൽ തലവൻ ആർ.ബാലശങ്കർ ചെങ്ങന്നൂരിൽ മൽസരിക്കാനുള്ള താൽപര്യം പാർട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെങ്കിലും പ്രാദേശിക തലത്തിലെ പ്രവർത്തകർ അതുൾക്കൊണ്ടിട്ടില്ല.

താഴേത്തട്ടിലെ പ്രവർത്തകരുമായി നേരിട്ട് ബന്ധമുള്ളവർ സ്ഥാനാർഥിയാകണമെന്ന അഭിപ്രായമാണു പ്രാദേശിക നേതാക്കൾ പങ്കുവയ്ക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിലും കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പിലും ലഭിച്ച വോട്ടു കണക്ക് വിലയിരുത്തിയാണു ജയസാധ്യതയുള്ള മണ്ഡലങ്ങളുടെ പട്ടികയിൽ ചെങ്ങന്നൂരിനെ ബിജെപി നേതൃത്യം ഉൾപ്പെടുത്തിയിരിക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിൽ മാന്നാർ, ചെറിയനാട് പഞ്ചായത്തുകൾ ഒഴികെ മണ്ഡലത്തിലെ  ബാക്കിയുള്ളിടത്തെല്ലാം  സ്വാധീനമുണ്ടാക്കാൻ ബിജെപിക്ക് സാധിച്ചു. പാണ്ടനാട് പഞ്ചായത്തിൽ ബിജെപിയാണ് ഭരണം. ചെങ്ങന്നൂർ നഗരസഭ, തിരുവൻവണ്ടൂർ, ചെന്നിത്തല- തൃപ്പെരുന്തുറ, വെൺമണി പഞ്ചായത്തുകളിൽ പ്രധാന പ്രതിപക്ഷവുമാണ്.

ഈ അനുകൂല ഘടകങ്ങൾ നിയമസഭാ തിരഞ്ഞെടുപ്പിൽ സാധ്യത കൂട്ടുന്നുവെന്നാണു പാർട്ടിയുടെ കണക്കുകൂട്ടൽ. തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ സജീവമാകുന്നതിനു മുൻപു തന്നെ ചെങ്ങന്നൂരിൽ കുടുംബ വേരുകളുള്ള ആർ.ബാലശങ്കർ ഇവിടെ സ്ഥാനാർഥിയാകുമെന്ന പ്രചാരണം ശക്തമായി. മുപ്പത് വർഷത്തിലധികമായി ഡൽഹി കേന്ദ്രീകരിച്ച് ബിജെപിയുടെ ബൗദ്ധിക, ആശയ പ്രചാരണ വിഭാഗങ്ങളിൽ പ്രവർത്തിക്കുകയാണ് ബാലശങ്കർ.

ചെങ്ങന്നൂരിൽ മൽസരിക്കാനുള്ള ആഗ്രഹം ബാലശങ്കർ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ പ്രാദേശിക തലത്തിൽ ബാലശങ്കർ സ്ഥാനാർഥിയാകുമെന്ന പ്രചാരണങ്ങളോട് അത്ര അനുകൂലമായല്ല താഴേത്തട്ടിലെ പ്രവർത്തകർ പ്രതികരിക്കുന്നത്. പ്രാദേശിക നേതാക്കൾ ഇക്കാര്യം സംസ്ഥാന ഭാരവാഹികളിൽ ചിലരോടു പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്. സംസ്ഥാന, ജില്ലാ തലങ്ങളിൽ പ്രവർത്തിച്ച് അണികളുമായി നേരിട്ടു ബന്ധമുള്ള നേതാക്കളെ മൽസരിപ്പിക്കുന്നതാണു കൂടുതൽ ഗുണകരമെന്ന അഭിപ്രായവും ശക്തമാണ്. 

2011 ലെ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥി നേടിയ 6062 വോട്ട് 2016ൽ 42,682 ആയി ഉയർന്നു. എംഎൽഎയായിരുന്ന കെ.കെ.രാമചന്ദ്രൻ നായരുടെ നിര്യാണത്തെ തുടർന്ന് 2018ൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ 35,270 വോട്ട് ബിജെപിക്ക് കിട്ടി. ബാലശങ്കർ മൽസരിച്ചില്ലെങ്കിൽ ബിജെപി ആലപ്പുഴ ജില്ലാ പ്രസിഡൻ്റ് എം.വി.ഗോപകുമാർ, സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ് എന്നിവർക്കാണ് ചെങ്ങന്നൂരിൽ സാധ്യത.

English Summary: BJP candidate discussions for Chengannur seat

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com