ADVERTISEMENT

ന്യൂഡൽഹി∙ ജമ്മു കശ്മീരിന് ‘യോജിക്കുന്ന സമയമാകുമ്പോൾ’ സംസ്ഥാന പദവി കൊടുക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. ശനിയാഴ്ച ലോക്സഭയിൽ ജെ ആൻഡ് കെ റീഓർഗനൈസേഷൻ (അമൻഡ്മെൻഡ്) ബിൽ, 2021ന്റെ ചർച്ചയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജമ്മു കശ്മീർ സംസ്ഥാനത്തെ രണ്ടു കേന്ദ്ര ഭരണ പ്രദേശങ്ങളാക്കി മാറ്റിയ 2019ലെ ബില്ലിന്റെ ഭേദഗതിയാണ് ഇപ്പോഴത്തേത്. ‘ജമ്മു കശ്മീരിന് സംസ്ഥാന പദവി ലഭിക്കില്ലെന്നാണ് പല എംപിമാരും പറയുന്നത് എന്നാൽ ഭേദഗതി കൊണ്ടുവന്നെന്ന് വച്ച് അതില്ലാതാകില്ല. ഞാനാണ് ബിൽ കൊണ്ടുവന്നത്. അതിൽ എവിടെയും സംസ്ഥാന പദവി ഇല്ലെന്ന് എഴുതിയിട്ടില്ല. പിന്നെ എവിടെനിന്നാണ് നിങ്ങൾക്ക് ഇത്തരം അനുമാനം ലഭിക്കുന്നത്’ – ഒരുവേള രോഷാകുലനായി അമിത് ഷാ പ്രതിപക്ഷത്തോടു ചോദിച്ചു.

‘ഞാൻ സഭയിൽ പറഞ്ഞിട്ടുണ്ട് ഇനിയും പറയുന്നു – ഈ ബില്ലിന് ജമ്മു കശ്മീരിന്റെ സംസ്ഥാന പദവിയുമായി ഒരു ബന്ധവുമില്ല. സംസ്ഥാന പദവി നൽകും... യോജിക്കുന്ന സമയമാകുമ്പോൾ’ – അദ്ദേഹം കൂട്ടിച്ചേർത്തു.

ആർട്ടിക്കിൾ 370 പിൻവലിച്ചപ്പോൾ മോദി നൽകിയ വാഗ്ദാനങ്ങൾ പാലിച്ചോയെന്ന കോൺഗ്രസ് അംഗങ്ങളുടെ ചോദ്യത്തെയും അമിത് ഷാ വിമർശിച്ചു. ‘17 മാസമേ ആയുള്ളൂ. ഇപ്പോഴേ നിങ്ങൾ വിവരങ്ങൾ ചോദിക്കുകയാണോ? 70 വർഷങ്ങൾ നിങ്ങൾ ചെയ്തതിന്റെ കണക്ക് കാണിക്ക്. നിങ്ങൾ ശരിയായി ചെയ്തിരുന്നേൽ ഇപ്പോൾ ഞങ്ങളോടു ചോദിക്കേണ്ട ആവശ്യമില്ലായിരുന്നു. എല്ലാത്തിന്റെയും കണക്കു കാണിക്കും. എന്നാൽ തലമുറകളായി രാജ്യം ഭരിക്കാൻ അവസരം ലഭിച്ചവർക്ക് അങ്ങനെ ചോദിക്കാനുള്ള യോഗ്യതയുണ്ടോ എന്നുകൂടി പരിശോധിക്കണം’ – അദ്ദേഹം കൂട്ടിച്ചേർത്തു.

English Summary: "J&K Will Get Statehood At Appropriate Time": Amit Shah In Lok Sabha

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com