ADVERTISEMENT

വാഷിങ്ടൻ∙ യുഎസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെ ഇംപീച്മെന്റിന് ആവശ്യമായ തെളിവുകൾ ഇല്ലെന്ന് യുഎസ് സെനറ്റിൽ അദ്ദേഹത്തിന്റെ അഭിഭാഷക സംഘം. ക്രമസമാധാന ചുമതലയുള്ള പ്രസിഡന്റായിരുന്നു അദ്ദേഹമെന്നും കാപിറ്റൽ മന്ദിരത്തില്‍ ജനുവരി ആറിനു നടന്ന അക്രമങ്ങൾ അദ്ദേഹത്തിന്റെ പ്രസംഗം കാരണമല്ലെന്നും അഭിഭാഷകർ വാദിച്ചു.

‘ഇംപീച്മെന്റ് രാഷ്ട്രീയപ്രേരിതമാണ്. കേസ് തെളിയിക്കാൻ ആവശ്യമായ തെളിവുകൾ ഇല്ല’, ട്രംപിന്റെ അഭിഭാഷകൻ ബ്രൂസ് കാസ്റ്റർ സെനറ്റിൽ പറഞ്ഞു. ‘ഒരു രാഷ്ട്രീയ എതിരാളിയെ ഇല്ലാതാക്കാനുള്ള നീക്കമാണിത്. വോട്ടർമാരുടെ ആഗ്രഹമാണെന്ന തരത്തിൽ അവരുടെ വിധിയെ അവതരിപ്പിക്കുന്നു. ട്രംപ് വിപ്ലവത്തിന് ആഹ്വാനം ചെയ്തുവെന്നാണ് പറയുന്നത്. എന്നാൽ വിപ്ലവം ഉണ്ടായിട്ടില്ലെന്ന് വ്യക്തമാണ്.

വിപ്ലവമെന്നാൽ നിയമത്തിൽ പറയുന്നത് – ഒരു രാജ്യത്തെയോ സർക്കാരിനെയോ അട്ടിമറിച്ച് അധികാരം പിടിക്കുന്നതാണ്. ഇവിടെ അങ്ങനെ നടന്നിട്ടില്ല. ജനുവരി 6ലെ അക്രമം തീർച്ചയായും മുൻകൂട്ടി നിശ്ചയിച്ചതാണ്. ഇതു ഡോണൾഡ് ട്രംപിന്റെ പ്രസംഗത്തെത്തുടർന്നാണെന്ന് ആരെങ്കിലും കരുതുമോ? എല്ലാ യാഥാർഥ്യങ്ങളും വ്യക്തമാക്കുന്നത് ജനുവരി 6ലെ പ്രസംഗമല്ല അക്രമങ്ങൾക്കു കാരണമെന്നാണ്. പ്രസിഡന്റല്ല അക്രമങ്ങൾക്കു കാരണം. അക്രമത്തിനോ നിയമപരമല്ലാത്ത കാര്യങ്ങൾക്കോ അറിഞ്ഞോ അറിയാതെയോ അദ്ദേഹം കാരണക്കാരനായിട്ടില്ല. സമാധാനപരമായ കാര്യങ്ങൾക്കുവേണ്ടിയായിരുന്നു അദ്ദേഹത്തിന്റെ ആഹ്വാനം.

നാലു മണിക്കൂറോളമെടുത്താണ് ട്രംപിന്റെ അഭിഭാഷകർ പ്രതിവാദം അവതരിപ്പിച്ചത്. ഇതിനുപിന്നാലെ ഇംപീച്മെന്റ് വിചാരണയുടെ ജൂറി ആയിരിക്കുന്ന സെനറ്റർ ഇരു വിഭാഗത്തോടും ചോദ്യങ്ങൾ ചോദിച്ചു. ഇരുവിഭാഗത്തിൽനിന്നും അന്തിമവാദം കേട്ടശേഷം 100 അംഗ സെനറ്റ് വോട്ടെടുപ്പിലൂടെ വിധി പ്രസ്താവിക്കും. ട്രംപിനെ ഇംപീച്ച് ചെയ്യണമെങ്കിൽ സെനറ്റിൽ 67 വോട്ടുകൾ വേണം. ഇരു കൂട്ടർക്കും തുല്യ അംഗബലമാണ് സെനറ്റിൽ. അതിൽ 17 റിപ്പബ്ലിക്കൻമാരുടെ പിന്തുണ കൂടിയുണ്ടെങ്കിലേ ഇംപീച്മെന്റ് വിജയിക്കൂ.

English Summary: Trump was law-&-order president and he did not cause Jan 6 riots, his lawyers tell Senate

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com