ADVERTISEMENT

തിരുവനന്തപുരം തോന്നയ്ക്കലിലെ കുമാരനാശാൻ സ്മാരകത്തിൽ പ്രശസ്ത ശിൽപി കാനായി കുഞ്ഞിരാമൻ രൂപകൽപന ചെയ്ത മഹാകവിയുടെ വെങ്കല പ്രതിമ ഫെബ്രുവരി 16ന് അനാഛാദനം ചെയ്യും. വൈകിട്ട് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിമ നാടിനു സമർപ്പിക്കും. ഈ അവസരത്തിൽ സ്മാരകത്തിലൂടെ ഒരു യാത്ര. 

thonnakkal-kumaranasan-memorial-1
തോന്നയ്ക്കൽ കുമാരൻ ആശാൻ സ്മാരകത്തിലെ കാഴ്ചകൾ. ചിത്രം സുജിത്ത് ആനാവൂർ

ആശാൻ സ്മാരകത്തിലൂടെ

തിരുവനന്തപുരം കൊല്ലം ദേശീയ പാതയക്കരികിൽ ആറ്റിങ്ങലിനു സമീപമാണ് തോന്നയ്ക്കൽ കുമാരനാശാൻ സ്മാരക ദേശീയ സാംസ്കാരിക കേന്ദ്രം ,ഇവിടത്തെ പച്ചപ്പിൽ മഹാകവിയുടെ സ്മരണകൾ  കവിതയും ബിംബങ്ങളുമായി നിറയുകയും തെളിയുകയും ചെയ്യുന്നു.. 

sculpture-savitri
ദുരവസ്ഥയിലെ സാവിത്രി. ചിത്രം: സുജിത്ത് ആനാവൂർ

സംസ്ഥാന സാംസ്കാരിക വകുപ്പിന്റെ ഉടമസ്ഥതയിലാണ് ഈ സ്മാരകം. സ്വാതന്ത്ര്യത്തിന്റെ കവാടമെന്നു പേരിട്ട ഗേറ്റ് കടന്നാൽ വിശാലമായ പുൽത്തകിടിയുടെ പച്ചപ്പ്. 20 രൂപ പ്രവേശന ടിക്കറ്റെടുക്കണം നിർമിതികളുടെ കെട്ടു പൊട്ടിച്ചു പുറത്തു വരുന്ന വ്യക്തിയുടെ സ്വാതന്ത്ര്യത്തിന്റെ പ്രതീകമായ ശിൽപമാണ് ആദ്യം

‘സ്വാതന്ത്ര്യം തന്നെയമൃതം 

സ്വാതന്ത്ര്യം തന്നെ ജീവിതം ’

എന്ന വരികളെ ഓർമിപ്പിച്ചു മുന്നോട്ടു പോകാം.

sculpture-freedom
സ്വാതന്ത്ര്യത്തിന്റെ ശിൽപം. ചിത്രം: സുജിത്ത് ആനാവൂർ

രണ്ട് ഓലക്കുടിലുകൾ. ഇവിടെയാണ് ആശാന്റെ ദാമ്പത്യ ജീവിതമെന്ന കവിത തളിർത്തത്. പ്രിയ ശിഷ്യനെ കാണാൻ ശ്രീ നാരായണ ഗുരു ഇവിടെ എത്തിയിട്ടുണ്ട്. മുറ്റത്ത് കപ്പിയും കയറുമുള്ള പഴയ കിണർ.-

‘തൂമ തേടും തൻ പാള.

കിണറ്റിലിട്ടോ മൽ കയ്യാൽ

കയറുവലിച്ചു നിൽക്കുന്ന

sculpture-text-1
പുസ്തകത്തിന്റെ ശിൽപം. ചിത്രം: സുജിത്ത് ആനാവൂർ

ചണ്ഡാലഭിക്ഷുകിയുടെ  സ്മരണ. കുടിലിനോ മൺചുമരുകൾക്കോ കേടുവരാതെയും പഴമ ചോരാതെയുമാണു സംരക്ഷണം ഒരുക്കിയിരിക്കുന്നത്. ആശാൻ സ്മാരക മ്യൂസിയമാണ് രണ്ടു നിലയുള്ള കെട്ടിടം. മഹാകവിയുടെ കാവ്യ ബിംബങ്ങൾ ആലേഖനം ചെയ്ത ചുമർ ചിത്രങ്ങൾ. പഴയ കാല ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങൾ.എസ്എൻഡിപി യുടെ സ്ഥാപക യോഗം, ആശാന്റെ രക്ഷിതാവായിരുന്ന ഡോ.പൽപുവിന്റെ  ബംഗളരൂവിലെ കുടുംബ വീട്, ശ്രീനാരായണഗുരു, കായിക്കരയിലെ ജന്മഗൃഹം എന്നിവയൊക്കെ അതിലുണ്ട്. 1922 ജനുവരി 13നാണ് ഇംഗ്ലണ്ടിലെ വെയിൽസ് രാജകുമാരൻ പട്ടും വളയും നൽകി ആദരിച്ചത്.ആ പുരസ്കാരങ്ങൾ മോഷണം പോയി. അതിന്റെ രണ്ടു മാതൃകകൾ പിൽക്കാലത്തുണ്ടാക്കി.. ഒന്ന് ബാങ്ക് ലോക്കറിലാണ്. മറ്റൊന്ന് ഇവിടെ പ്രദർശനത്തിനുണ്ട്.

kavyasilpam
കാവ്യശിൽപം. ചിത്രം: സുജിത്ത് ആനാവൂർ

ഡയറിക്കുറിപ്പുകളും കയ്യെഴുത്ത് പ്രതികളും അടങ്ങുന്നതാണ് മറ്റൊരു വിഭാഗം.മഹാകവിയുടെ കവിതകളുമുണ്ടതിൽ. ഇവിടെ വച്ചാണത്രേ അദ്ദേഹം കരുണയും ശ്രീബുദ്ധചരിതവും രചിച്ചത്.പല്ലനയിലേക്കുള്ള യാത്രയിൽ ഈ കൃതികളും അനുയാത്ര ചെയ്തു. നനഞ്ഞു കുതിർന്ന പേപ്പറും നിറം മങ്ങിയ മഷിയുമുൾപ്പെടുന്ന ആ കയ്യെഴുത്തുപ്രതികൾ സംസ്ഥാന പുരാരേഖാ വകുപ്പ് രാസ പ്രക്രിയയിലൂടെ സംരക്ഷിച്ചിരിക്കുന്നു.  97 വർഷമായിട്ടും വിട്ടുമാറാത്ത ഒരു നടുക്കത്തിന്റെ സ്മാരകമായി.

കെട്ടിടത്തിന്റെ തുറസ്സിലെ പച്ചപ്പിലേക്കിറങ്ങാം.

‘ നെല്ലിന്റെ മൂട്ടിൽ മുളയ്ക്കും

വെറും പുല്ലല്ല സാധു പുലയൻ’

എന്ന ദുരവസ്ഥയിലെ വരികൾ ശിൽപ കാവ്യമായി  തെളിയുന്നു. ഇല്ലവും മറക്കുടയും മനക്കെട്ടിലുപേക്ഷിച്ച് ചാത്തന്റെയടുത്തേക്കു പോകുന്ന സാവിത്രി അന്തർജനം.കിണ്ടിയിലെ വെള്ളം ചരിഞ്ഞു കിടക്കുന്നു. ചാത്തനു ശിൽപമില്ല, പ്രകൃതിയെന്ന കാൻവാസിൽ ഒരു അരിവാളും രണ്ട് താമരമൊട്ടുകളും മാത്രം.

kumaranasan-home
ആശാൻ താമസിച്ചിരുന്ന കുടിൽ. ഇവിടെ ശ്രീനാരായണ ഗുരു സന്ദർശിച്ചിരുന്നു. ചിത്രം: സുജിത്ത് ആനാവൂർ

ഇനിയാണിവിടത്തെ ബൃഹത്തായ ശിൽപം. ഒരു പക്ഷേ കാനായിയുടെ മാസ്റ്റർ പീസായേക്കാവുന്ന കാവ്യശിൽപം ,അശാന്റെ കൃതികളിലെ സ്ത്രീ കഥാപാത്രങ്ങളെല്ലാം ഇതിൽ ഒന്നിക്കുന്നു.. കാലത്തിന്റെ കാറ്റേറ്റ വീണ പൂവുകൾ. എങ്കിലും അതിജീവിക്കുന്നവ. നളിനിയും ലീലയും വാസവദത്തയും സാവിത്രിയും സീതയുമൊക്കെ ഇതിലെ അദൃശ്യമായി സാന്നിധ്യങ്ങളാണ്.

അതിചിന്ത വഹിച്ചുസീതപോയ്

സ്ഥിതിചെയ്താനുടജാന്തവാടിയിൽ

(ചിന്താവിഷ്ടയായ സീത) യെന്ന വരികളെ അനുസ്മരിപ്പിച്ച് 'സ്ത്രീ ഭൂവിലസ്ഥിര അസംശയമെന്നു (വീണപൂവ്) പ്രഖ്യാപിച്ച് നീണ്ടു നിവർന്നു കിടക്കുന്ന മുഖമില്ലാത്ത കാവ്യകന്യക, ഭൂമി മാതാവിന്റെ മാർത്തടത്തിലേക്ക് അന്തർധാനം ചെയ്ത സീതയുടെ മുടിച്ചുരുളുകൾ മാത്രമാണല്ലോ ശ്രീരാമനു കിട്ടിയത്. ആ നീണ്ടു വളഞ്ഞ കല്ലിൽ കൊത്തിയ മുടിച്ചുരുളുകൾ അവിടെ വ്യാപിച്ചുകിടക്കുന്നു.ബൃഹത്തായ കാവ്യശിൽപത്തിന്റെ നമിർമാണം  അവസാന ഘട്ടത്തിലാണെന്ന് ശിൽപി കാനായി കുഞ്ഞിരാമൻ പറഞ്ഞു. കല്ലിൽ കൊത്തിയ ഈ മുടിച്ചുരുളുകളുടെ നീളത്തിനു പരിധിയില്ലെന്നും അദ്ദേഹം വിശദീകരിച്ചു. 

kumaranasan-well
ആശാൻ ഉപയോഗിച്ചിരുന്നുവെന്നു കരുതുന്ന കിണർ. ചിത്രം: സുജിത്ത് ആനാവൂർ

തോന്നയ്ക്കലും മഹാകവിയും 

ഈ സ്ഥലം മഹാകവി വിലയ്ക്കു വാങ്ങിയതാണ്. ആത്മീയതയിൽ നിന്ന് ദാമ്പത്യത്തിലേക്കുള്ള  പരിണാമത്തിന്റെ ബാക്കിപത്രം. വൈകി വിവാഹിതനായ മഹാകവിയുടെ ദാമ്പത്യ ജീവിതവും കവിതകളും ഇവിടെ കെട്ടുപിണഞ്ഞു കിടക്കുന്നു.

kumaranasan-home-1
ആശാൻ താമസിച്ചിരുന്ന കുടിൽ ഇവിടെ ശ്രീനാരായണ ഗുരു സന്ദർശിച്ചിരുന്നു. ചിത്രം: സുജിത്ത് ആനാവൂർ

1921ൽ ആണ് മഹാകവി തിരുവനന്തപുരത്തിന് 24 കിലോമീറ്റർ അകലെയുള്ള തോന്നയ്ക്കലിൽ സ്വന്തമായി വാങ്ങിയ ഈ ഭൂമിയിൽ താമസക്കാരനായത്.കേരള വർമ വലിയകോയിത്തമ്പുരാൻ മുൻ‌ കൈയെടുത്തു പ്രസിദ്ധീകരിച്ച ബാലരാമായണം എന്ന കൃതിയുടെ ലാഭം ഉപയോഗിച്ചായിരുന്നു അത്.കഷ്ടിച്ച് മൂന്നു കൊല്ലമേ അദ്ദേഹത്തിന് ഇവിടെ താമസിക്കാനായുള്ളൂ. പല്ലനയാറ്റിൽ ആ ജീവിതം പൊലിഞ്ഞതിനു കാരണായ റിഡീമർ ബോട്ടപകടം നടന്നിട്ട് ജനുവരി 16ന് 97 വർഷം തികഞ്ഞു..1924 ജനുവരി 16 നായിരുന്നു ആ ദുരന്തം. 

thonnakkal-kumaranasan-memorial
സ്മാരകത്തിന്റെ ഉൾവശം. ചിത്രം: സുജിത്ത് ആനാവൂർ

ആശാൻ സ്മാരകം പിറക്കുന്നു 

ഇവിടെ ഒരു സ്മാരകം പണിയാനുള്ള ശ്രമം ആരംഭിച്ചത് പ്രമുഖ സാഹിത്യ നിരൂപകൻ കൂടിയായ ആദ്യ വിദ്യാഭ്യാസ മന്ത്രി ജോസഫ് മുണ്ടശ്ശേരിയാണ്. ദേശീയ പാതയിലൂടെയുള്ള യാത്രയ്ക്കിടയിൽ യാദൃച്ഛികമായിട്ടാണദ്ദേഹം തോന്നയ്ക്കൽ ആശാൻ സ്മാരകത്തിലിറങ്ങിയത്. ആ അനുഭവങ്ങൾ മുൻനിർത്തി അദ്ദേഹം തോന്നയ്ക്കൽ കണ്ട  കാഴ്ചകൾ എന്ന പേരിൽ ലേഖനം പ്രസിദ്ധീകരിച്ചു. അതാണ് കവി ഭവനം സർക്കാർ ഏറ്റെടുക്കുന്നതിനു വഴിതെളിച്ചത്.

ഐക്യ കേരളം രൂപം കൊണ്ട ശേഷം സംസ്ഥാന സർക്കാർ ഏറ്റെടുത്ത ആദ്യ കവി ഗൃഹമാണിത്. എസ് എൻ ഡി പി യൂണിയന്റെ സാരഥി കൂടിയായിരുന്ന മുൻ മുഖ്യമന്ത്രി ആർ.ശങ്കർ അധ്യക്ഷനായ സമിതി ഇതിനായി രൂപീകരിച്ചു. ആശാന്റെ ജന്മഗൃഹമായ തിരുവനന്തപുരം കായിക്കരയിലെ ആശാൻ മെമ്മോറിയൽ അസോസിയേഷൻ വാർഷികത്തിലാണ് തോന്നയ്ക്കലിലെ സ്മാരകം സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്.. 1958ൽ ആയിരുന്നു അത്.ആർ .ശങ്കറാണ് നിർമാണത്തിനു ശിലാസ്ഥാപനം നടത്തിയത്. 

sculpture-lotus
ചാത്തന്റെ പ്രതീകമായ അരിവാളും താമരമൊട്ടും. ചിത്രം: സുജിത്ത് ആനാവൂർ

സ്മാരകത്തിന്റെ വർത്തമാനവും ഭാവിയും 

കവി വി.മധുസൂദനൻ നായർ അധ്യക്ഷനായ സമിതിയാണ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഇപ്പോഴത്തെ ഭരണ സാരഥ്യം വഹിക്കുന്നത്. വിശ്വ ചിന്ത ഉയർത്തിപ്പിടിച്ച മഹാകവിയുടെ സ്മരണ നിറയുന്ന വിധത്തിലാണ് ഈ സ്മാരകം സജ്ജീകരിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പ്രശസ്ത ശിൽപി കാനായി കുഞ്ഞിരാമന്റെ മേൽനോട്ടത്തിൽ ഒരുക്കുന്ന ശിൽപങ്ങളാണിവിടത്തെ ആകർഷണം .2005 ൽ ആണ് കാനായി ശിൽപ നിർമാണത്തിന്റെ ചുമതല ഏറ്റത്.പല കാരണങ്ങളാൽ നിർമാണം ഇടയ്ക്കു തടസ്സപ്പെട്ടു.അതു പൂർത്തിയാക്കാൻ അദ്ദേഹത്തെ ക്ഷണിച്ചു വരുത്തിയിട്ടുണ്ട്. കോവിഡ് ഉയർത്തിയ പ്രതിബന്ധങ്ങൾ കാരണം നിർമാണം തടസ്സപ്പെട്ടെങ്കിലും ഇപ്പോൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

sculpture-text
പുസ്തകത്തിന്റെ ശിൽപം. ചിത്രം: സുജിത്ത് ആനാവൂർ

കാളിദാസ തുല്യനായ മഹാകവി

കുമാരനാശാൻ കാളിദാസ തുല്യനായ കവിയാണെന്ന് ഇൻസ്റ്റിറ്റ്യൂട്ട് അധ്യക്ഷനും കവിയുമായ വി. മധുസൂദനൻ നായർ പറഞ്ഞു. ദാർശനികനിയ കവിയാണ് ആശാൻ. പ്രപഞ്ച ദാർശനികതയുടെ വിശ്വ രാഷ്ട്രീയം കവിതയിൽ കൊണ്ടുവരാൻ അദ്ദേഹത്തിനു കഴിഞ്ഞു. ആ സംഭാവനകളെ ലോകത്തിനെ അറിയിക്കുന്ന സ്മാരകമായി ഈ ഇൻസ്റ്റിറ്റ്യൂട്ടിനെ വികസിപ്പിക്കുകയാണു ലക്ഷ്യം. അതിനാവശ്യമായ നടപടികൾ സ്വീകരിക്കും -അദ്ദേഹം പറഞ്ഞു.

English Summary: Kanayi Kunhiraman's sculpture at Thonnakkal Kumaranasan Memorial

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com