ADVERTISEMENT

മുംബൈ∙ മഹാരാഷ്ട്ര ഗവർണർ ഭഗത് സിങ് കോഷിയാരിയെ കേന്ദ്രസർക്കാർ രാഷ്ട്രീയ ചട്ടുകമായി ഉപയോഗിക്കുകയാണെന്നു ശിവസേന എംപി സഞ്ജയ് റാവുത്ത്. ബിജെപിയുടെ താളത്തിനൊത്ത് തുള്ളുന്ന കളിപ്പാവയായ ഗവർണറെ തിരികെ വിളിക്കണമെന്ന് പാർട്ടി മുഖപത്രം സാമ്ന ആവശ്യപ്പെട്ടതിനു തൊട്ടുപിന്നാലെയാണ് ഗവർണർ ഭഗത് സിങ് കോഷിയാരിക്കെതിരെ കടുത്ത വിമർശനവുമായി സഞ്ജയ് റാവുത്ത് രംഗത്തെത്തിയത്. 

മഹാരാഷ്ട്ര സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി ഗവർണറെ രാഷ്ട്രീയ ആയുധമാക്കുകയാണ്. സംസ്ഥാന സർക്കാരും ഗവർണറും തമ്മിൽ നിലനിൽക്കുന്നത് ശീതസമരമല്ല തുറന്ന യുദ്ധം തന്നെയാണെന്നും റാവുത്ത് പറഞ്ഞു. മഹാ വികാസ് അഘാഡി സർക്കാരിന്റെ അടിത്തറ ഭദ്രമാണെന്നും ഗവർണറെ മുന്നിൽ നിർത്തിയുള്ള രാഷ്ട്രീയ നാടകം ബിജെപി ഉപേക്ഷിക്കണമെന്നും സഞ്ജയ് റാവുത്ത് പറഞ്ഞു. 

ഭഗത് സിങ് കോഷിയാരിയുടെ ഉത്തരാഖണ്ഡ് യാത്രയ്ക്ക് സംസ്ഥാന സർക്കാർ ഔദ്യോഗിക വിമാനം നിഷേധിച്ചതോടെയാണ് നാളുകളായി ഗവർണറും സർക്കാരും തമ്മിൽ തുടരുന്ന ശീതസമരം പൊട്ടിത്തെറിയിലേക്കു നീങ്ങിയത്. വിവാദത്തിനിടെ ഗവർണർ ഡൽഹിയിൽ അപ്രതീക്ഷിത സന്ദർശനം നടത്തി. ഡെറാഡൂണിൽ നിന്നു മുംബൈയിൽ തിരിച്ചെത്താൻ പദ്ധതിയിട്ടിരുന്ന അദ്ദേഹം തീരുമാനം മാറ്റി ഡൽ‍ഹിക്കു പോയി. 

കഴിഞ്ഞ വ്യാഴാഴ്ച രാവിലെ ഗവർണറും സംഘവും മുംബൈ വിമാനത്താവളത്തിലെ ജനറൽ ഏവിയേഷൻ ടെർമിനലിൽ എത്തിയെങ്കിലും പ്രത്യേക വിവിഐപി വിമാനം ഗവർണർക്കു നൽകുന്നതിന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെയിൽനിന്ന് അനുമതി ലഭിച്ചില്ല. ഇതേത്തുടർന്ന് ഗവർണറും സംഘവും മറ്റൊരു വിമാനത്തിലാണ് പോയത്. ഇത് അസാധാരണ സംഭവമായി വിലയിരുത്തപ്പെടുന്നു. 

ഇതിനിടെ മഹാരാഷ്ട്ര നിയമസഭയിലേക്കു ഗവർണറുടെ പ്രതിനിധിയായി നാമനിര്‍ദേശം ചെയ്ത 12 പേരുകള്‍ ഇതുവരെ കോഷിയാരി അംഗീകരിക്കാത്തതിനെ തുടർന്നുണ്ടായ പ്രതിസന്ധി തുടരുകയാണ്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഭരണഘടനയോടും നിയമങ്ങളോട് എന്തെങ്കിലും ബഹുമാനം കാണിക്കുന്നുണ്ടെങ്കിൽ ഗവർണറെ തിരിച്ചു വിളിക്കണമെന്ന് മഹാരാഷ്ട്ര സർക്കാർ ആവശ്യപ്പെട്ടു. 

English Summary: Raut Says BJP Trying to Destabilise Uddhav Govt

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com