ADVERTISEMENT

കോഴിക്കോട്∙ ഫണ്ട് പിരിവാണ് ഇപ്പോൾ കോഴിക്കോട്ടെ പ്രധാന സംസാര വിഷയം. കത്വ ഫണ്ട് പിരിവിന്റെ പേരിൽ യൂത്ത് ലീഗിനെതിരെ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തപ്പോൾ എതിർവിഭാഗവും വെറുതെയിരിക്കുന്നില്ല. അഭിമന്യു ഫണ്ട് പിരിവിന്റെ പേരിൽ സിപിഎമ്മിനെതിരെ യൂത്ത് ലീഗും പൊലീസിൽ പരാതി നൽകി. യൂത്ത് ലീഗിനെതിരായ പരാതിയിൽ പൊലീസ് കേസെടുത്തെങ്കിലും സിപിഎമ്മിനെതിരായ പരാതിയിൽ ഇതുവരെ കേസെടുത്തിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പി.കെ.ഫിറോസ് നിയമസഭാ തിരഞ്ഞെടുപ്പിൽ ഏതാണ്ട് സീറ്റ് ഉറപ്പാക്കിയിരിക്കെയാണ് കത്വ ഫണ്ട് പിരിവ് കേസ് ഉയർന്നു‍ വ‍ന്നത്. ലീഗിൽ നിന്നു പുറത്താക്കപ്പെട്ട മുൻ നേതാവ് യൂസഫ് പടനിലമാണു പരാതിക്കാരൻ. കത്വവിയിൽ പീഡനത്തിനിരയായി മരിച്ച പെൺകുട്ടിയുടെ കുടുംബത്തെ സഹായിക്കാനായി പിരിച്ചെടുത്ത തുക യൂത്ത് ലീഗ് പ്രസിഡന്റ് പി.കെ.ഫിറോസിന്റെ നേതൃത്വത്തിൽ വകമാറ്റിയെന്നായിരുന്നു പരാതി.  പരാതിയിൽ കുന്നമംഗലം പൊലീസ് പി.കെ.ഫിറോസിനെതിരെ കേസെടുത്തിട്ടുണ്ട്. സിപിഎമ്മാണു പരാതിക്കു പുറകിലെന്നാണ് പി.കെ.ഫിറോസിന്റെ ആരോപണം.

ഇതിനിടെയാണ് മഹാരാജാസ് കോളജ് വിദ്യാർഥിയായിരിക്കെ കൊല്ലപ്പെട്ട അഭിമന്യുവിന്റെ പേരിൽ നടത്തിയ ഫണ്ട് പിരിവിനെ ചൊല്ലി അതേ പൊലീസ് സ്റ്റേഷനിൽ തന്നെ പരാതിയുമായി യൂത്ത് ലീഗ് എത്തിയത്. മുഖ്യമന്ത്രി പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും എതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ടു കുന്നമംഗംലം യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് ഒ.എം.നൗഷാദ് ആണ് പരാതി നൽകിയത്. അഭിമന്യു കുടുംബസഹായ ഫണ്ടിലും ഡൽഹി കലാപബാധിതർക്കു വേണ്ടി നടത്തിയ പണപ്പിരിവിലും സുതാര്യമായ രീതിയിൽ അല്ല പണവിനിയോഗം നടന്നതെന്നു പരാതിയിൽ പറയുന്നു. ജനങ്ങളെ കബളിപ്പിക്കുയും വഞ്ചിക്കുകയും ചെയ്തുവെന്ന് ആരോപിച്ച് ഐപിസി 420 പ്രകാരം കേസ് എടുക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

അഭിമന്യു കുടുംബസഹായ ഫണ്ടിലേക്ക് ഇടുക്കി ജില്ലാ കമ്മിറ്റി മുഖേന 71 ലക്ഷം രൂപയും എറണാകുളം ജില്ലാ കമ്മിറ്റി ഫെഡറൽ ബാങ്ക് അക്കൗണ്ട് മുഖേന 2.39 കോടി രൂപയും എസ്എഫ്ഐ മുഖേന 33 ലക്ഷം രൂപയും സമാഹരിച്ചെന്നാണ് സിപിഎം പറഞ്ഞിരുന്നത്. ദില്ലി കലാപ ഇരകളെ സഹായിക്കാനെന്ന പേരിൽ നടത്തിയ പണപ്പിരിവിലും 5.30 കോടി രൂപ സിപിഎം സമാഹരിച്ചെന്നും ഈ ഫണ്ടും സുതാര്യമായ രീതിയിൽ അല്ല വിനിയോഗിക്കപ്പെട്ടതെന്നും പരാതിയിൽ പറയുന്നു.

Content Highlights: Youth league allegations on Abhimanyu's family aid fund

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com