ADVERTISEMENT

കൊച്ചി∙ ആദ്യ ഘട്ടത്തിൽ 13 സീറ്റും പിന്നെ 12 എങ്കിലും വേണമെന്ന നിർബന്ധത്തിൽനിന്ന് കേരള കോൺഗ്രസ് ജോസഫ് പക്ഷം വിട്ടുവീഴ്ചയ്ക്കൊരുങ്ങുന്നു. കോട്ടയം ജില്ലയിലെ ഏതാനും സീറ്റുകൾ കോൺഗ്രസിനു വിട്ടു നൽകാമെന്നാണു പുതിയ നിലപാട്. യുഡിഎഫിനെ ശക്തിപ്പെടുത്താൻ വിട്ടുവീഴ്ച വേണ്ടി വരുമെന്നതിനാലാണു കൂടുതൽ സീറ്റുകൾക്കു നിർബന്ധം പിടിക്കാത്തതെന്നു ജോസഫ് പക്ഷം പറയുന്നു. നിലപാടുമാറ്റം യുഡിഎഫിന്റെ അടുത്ത സീറ്റ് ചർച്ചയിൽ അറിയിക്കുമെന്നാണു വിവരം.

കേരള കോൺഗ്രസിനു 9 സീറ്റ് എന്നാണ് യുഡിഎഫ് നേരത്തെ മുതൽ സ്വീകരിച്ചിട്ടുള്ള നിലപാട്. ഇതിൽ ഇരുകക്ഷികളും വിട്ടുവീഴ്ചയ്ക്കു തയാറായാൽ ഇവരുമായുള്ള വിഭജന ചർച്ചകൾ ആദ്യ ഘട്ടത്തിൽ തന്നെ പൂർത്തിയാക്കാനാകുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്. ഐശ്വര്യ കേരള യാത്ര കൊച്ചിയിലെത്തിയപ്പോൾ സീറ്റുവിഭജനം സംബന്ധിച്ച ചർച്ചയുണ്ടാകുമെന്നായിരുന്നു വിവരം. എന്നാൽ കെപിസിസി തിരഞ്ഞെടുപ്പു സമിതി മാത്രമാണ് അന്നു ചേർന്നത്. പ്രതിപക്ഷ നേതാവിന്റെ ഐശ്വര്യ കേരളയാത്ര പൂർത്തിയാകും മുമ്പു തന്നെ ഘടകകക്ഷികളുമായുള്ള സീറ്റു വിഭജനത്തിന്റെ രണ്ടാം ഘട്ട ചർച്ച നടന്നേക്കും.

കേരള കോൺഗ്രസ് മാണി ഗ്രൂപ്പ് 2016ൽ 15 സീറ്റുകളിലാണ് മൽസരിച്ചത്. മാണി ഗ്രൂപ്പ് യുഡിഎഫ് വിട്ട സാഹചര്യത്തിൽ കൂടുതൽ സീറ്റു ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഇതര കക്ഷികൾ. കോൺഗ്രസ് 50 സീറ്റുകളിലെങ്കിലും ജയിക്കുന്ന സാഹചര്യത്തിൽ മാത്രമേ യുഡിഎഫിന് സംസ്ഥാനത്ത് അധികാരത്തിൽ എത്താനാകൂ എന്നാണ് ഹൈക്കമാൻഡ് വിലയിരുത്തുന്നത്. അതുകൊണ്ടു തന്നെ കൂടുതൽ സീറ്റുകളിൽ സ്ഥാനാർഥികളെ നിർത്താനാണ് കോൺഗ്രസ് തീരുമാനം. മുസ്‍ലിം ലീഗുമായും ചർച്ച പൂർത്തിയാകുന്നതോടെ സീറ്റു വിഭജനം വേഗത്തിലാക്കാനാകുമെന്നാണ് പ്രതീക്ഷ. തിരഞ്ഞെടുപ്പു തീയതി പ്രഖ്യാപനം വരും മുമ്പു തന്നെ സീറ്റു വിഭജനവും സ്ഥാനാർഥി നിർണയവും പൂർത്തിയാക്കാനുള്ള ശ്രമമാണ് പുരോഗമിക്കുന്നത്.

English Summary: Kerala Congress Joseph faction to compromise on Kerala Assembly Election seats

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com