ADVERTISEMENT

ഭൂപടത്തിലും ഭാഷയിലും സംസ്കാരത്തിലും ഒറ്റ മനസ്സും രണ്ടു ശരീരവുമെന്ന പോലെയാണു പുതുച്ചേരിയും തമിഴ്നാടും. രാഷ്ട്രീയത്തിലേക്കു വരുമ്പോൾ പക്ഷേ, ഇരുസംസ്ഥാനങ്ങളും തമ്മിൽ കടലും കടലാടിയും തമ്മിലുള്ള അന്തരം. ദ്രാവിഡ പാർട്ടികളുടെ പടയോട്ടത്തിൽ പകച്ചുപോയ കോൺഗ്രസ് തമിഴ്നാട്ടിൽ അധികാരത്തിനു പുറത്തായി അര നൂറ്റാണ്ടു കഴിഞ്ഞു. പുതുച്ചേരിയിലാകട്ടെ, രണ്ടു പതിറ്റാണ്ടിനിടെ അഞ്ചു വർഷം മാത്രമാണു കോൺഗ്രസ് ഭരണത്തിനു പുറത്തായത്. അന്നു ഭരിച്ചതാകട്ടെ, കോൺഗ്രസിൽ നിന്നു പിണങ്ങിപ്പിരിഞ്ഞ എൻ.രംഗസ്വാമി രൂപീകരിച്ച എൻ.ആർ.കോൺഗ്രസ്.

കാൽ നൂറ്റാണ്ടിനിടെ 4 തവണ പിളർന്നിട്ടും പുതുച്ചേരിയിലെ കോൺഗ്രസിനു വലിയ പരുക്കൊന്നും പറ്റിയിട്ടില്ല. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 30ൽ 15 സീറ്റു നേടി കോൺഗ്രസായിരുന്നു വലിയ കക്ഷി. ഡിഎംകെ, ഇടതു സ്വതന്ത്രൻ എന്നിവരുടെ പിന്തുണയോടെ നാലര വർഷമായി ഭരണത്തിൽ തുടരുന്നു. എന്നാൽ, നാമനിർദേശത്തിലൂടെ പാർട്ടിക്കു നിയമസഭാ പ്രാതിനിധ്യമുണ്ടാക്കിയും കോൺഗ്രസ് എംഎൽഎമാരെ ചാക്കിട്ടു പിടിച്ചും ബിജെപി പുതുച്ചേരിയിലും ‘ഓപ്പറേഷൻ കമല’ നടപ്പാക്കാനൊരുങ്ങുകയാണ്.

1963ൽ സംസ്ഥാനം നിലവിൽ വന്ന ശേഷം ഒറ്റ ബിജെപി എംഎൽഎ മാത്രമാണു പുതുച്ചേരിയിൽ തിരഞ്ഞെടുപ്പിലൂടെ നിയമസഭ കണ്ടത് - 2001 ൽ എ.എം.കൃഷ്ണമൂർത്തി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്കു മത്സരിച്ച പാർട്ടിക്കു ലഭിച്ചതു 2.4% വോട്ടുമാത്രം. ശൂന്യതയിൽ നിന്നു ഭരണം പിടിക്കാനുള്ള ബിജെപിയുടെ പരീക്ഷണം കോൺഗ്രസിനെ ഉലച്ചിട്ടുണ്ട്. വീഴുമോയെന്നറിയാൻ നിയമസഭാ തിരഞ്ഞെടുപ്പു ഫലംവരെ കാത്തിരിക്കണം. തമിഴ്നാട്, കേരളം, ബംഗാൾ, അസം സംസ്ഥാനങ്ങൾക്കൊപ്പമാണു പുതുച്ചേരിയിലും തിരഞ്ഞെടുപ്പ്.

നെഹ്റുവിലേക്കു നീളുന്ന കോൺഗ്രസ് ബന്ധം

പ്രതിഷേധ സ്ഥലത്ത് ഉറങ്ങുന്ന മുഖ്യമന്ത്രി വി. നാരായണസ്വാമി, കിരൺ ബേദിക്കെതിരെ ‘ഗോ ബാക്ക് ബേദി’ ബോർഡുമായി നാരായണ സ്വാമി
കിരൺ ബേദിക്കെതിരെ നാരായണസ്വാമിയുടെ നേതൃത്വത്തിൽ നടത്തിയ സമരത്തിൽനിന്ന്

തമിഴ്നാട്ടിലെ ദ്രാവിഡ വിപ്ലവത്തിനു കീഴടങ്ങാത്ത പുതുച്ചേരി, എപ്പോഴും ദേശീയ പാർട്ടിക്കാണു വോട്ടു ചെയ്തത്. ദ്രാവിഡ പാർട്ടികൾ പല തവണ അധികാരത്തിലെത്തിയെങ്കിലും കാലാവധി തികയ്ക്കാനായില്ല. ജവഹർലാൽ നെഹ്റുവിലേക്കു നീളുന്ന ഒരാത്മ ബന്ധം കോൺഗ്രസും പുതുച്ചേരിയും തമ്മിലുണ്ട്. ഫ്രഞ്ച് കോളനിയായിരുന്ന പുതുച്ചേരി 1963-ലാണ് ഇന്ത്യയോടു ചേർന്നത്. കേരളത്തോടു ചേർന്നു മാഹി, ആന്ധ്രാപ്രദേശിൽ യാനം, തമിഴ്നാട്ടിൽ കാരയ്ക്കൽ എന്നിവ കൂടി ചേർന്നതാണു പുതുച്ചേരി. ഇന്ത്യയോടു കൂട്ടിച്ചേർക്കുമ്പോൾ നെഹ്റു പുതുച്ചേരി ജനതയ്ക്ക് ഒരു വാക്കു നൽകിയിരുന്നു - പുതുച്ചേരിയുടെ അപൂർവ്വ ഘടനയെ ഏകപക്ഷീയമായി ഇല്ലാതാക്കില്ല. അത്തരമൊരു തീരുമാനം നടപ്പാക്കുക സർക്കാരും ജനങ്ങളും തമ്മിലുള്ള അഭിപ്രായ സമന്വയത്തിലൂടെ മാത്രമായിരിക്കും.

കേന്ദ്രത്തിൽ അധികാരത്തിലെത്തിയ ആദ്യ കോൺഗ്രസിതര ഭരണകൂടമായ മൊറാർജി ദേശായി സർക്കാരിന്റെ കാലത്ത് ഈ വാഗ്ദാനം ലംഘിക്കുന്ന നീക്കമുണ്ടായി. പുതുച്ചേരിയെ ഭൂമിശാസ്ത്രപരമായ ഘടനയ്ക്കനുസരിച്ച് തമിഴ്നാടും ആന്ധ്രപ്രദേശും കേരളവുമായി ലയിപ്പിക്കാനായിരുന്നു നീക്കം. ജനം പ്രതിഷേധിച്ചു. അടുത്ത തിരഞ്ഞെടുപ്പിൽ അതു ജനവിധിയിലും പ്രതിഫലിച്ചു. കേന്ദ്ര പദ്ധതിയെ പിന്തുണച്ച അണ്ണാഡിഎംകെയ്ക്ക് ഒറ്റ സീറ്റു പോലും ജയിക്കാനായില്ല.

ബിജെപി ‘ഗെയിം പ്ലാൻ’

പുതുച്ചേരിയിലെ രാഷ്ട്രീയ കളത്തിൽ ബിജെപി ഒരിക്കലും ഒരു ഘടകമേയായിട്ടില്ല. 2001ൽ ജയിച്ച ഒറ്റ എംഎൽഎയിലൊതുങ്ങുന്നു അവരുടെ രാഷ്ട്രീയ ചരിത്രം. സാന്നിധ്യമറിയിക്കാനാകാത്ത സംസ്ഥാനങ്ങളും പ്രദേശങ്ങളും പിടിച്ചടക്കുകയെന്ന ബിജെപി പദ്ധതിയിൽ പുതുച്ചേരിയും ഉൾപ്പെട്ടതു 2016-ലാണ്. അക്കൊല്ലം നടന്ന നിയമസഭ തിരഞ്ഞെടുപ്പിൽ പാർട്ടി 2.4% വോട്ടിലൊതുങ്ങി. പിന്നാലെ, കിരൺ ബേദിയെ ലഫ്.ഗവർണറായി കേന്ദ്രം നിയമിച്ചു.

വി.നാരായണ സാമിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാരും കിരൺ ബേദിയും തമ്മിൽ അധികാര വടംവലി നിത്യസംഭവമായി. ഉദ്യോഗസ്ഥരെ നിയമിക്കുന്നതു മുതൽ സർക്കാർ പദ്ധതികൾക്ക് അനുമതി നൽകുന്നതുവരെ തർക്കത്തിനു വിഷയമായി. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ശുപാർശ പ്രകാരം ലഫ്.ഗവർണർക്കു മൂന്ന് എംഎൽഎമാരെ നാമനിർദേശം ചെയ്യാൻ പുതുച്ചേരിയിൽ ചട്ടമുണ്ട്. ഇതുപ്രകാരം മൂന്ന് ബിജെപി നേതാക്കളെ എംഎൽഎമായി നിയമിച്ചത് 2017-ലാണ്. ഇതിനെച്ചൊല്ലിയും സംസ്ഥാന സർക്കാരും ലഫ്.ഗവർണറും നീണ്ടകാലം ഏറ്റുമുട്ടി.

പാരയായതു ‘നൂലിൽ കെട്ടിയിറക്കലും’

congress-flag-elections-1

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കോൺഗ്രസ് നേരിട്ടതു പിസിസി പ്രസിഡന്റ് എ.നമശിവായത്തിന്റെ നേതൃത്വത്തിലാണ്. എന്നാൽ, തിരഞ്ഞെടുപ്പിനു പിന്നാലെ ‘ഡൽഹിയിലെ’ സ്വാധീനം ഉപയോഗിച്ചു വി.നാരായണ സാമി മുഖ്യമന്ത്രിക്കസേര സ്വന്തമാക്കി. കോൺഗ്രസിലെ കല്ലുകടി അവിടെ തുടങ്ങി. ജനപിന്തുണയുള്ള നേതാക്കളെ വലവീശിപ്പിടിക്കാൻ രംഗത്തിറങ്ങിയ ബിജെപിക്കു കോൺഗ്രസിലെ അടി അനുഗ്രഹമായി. മുഖ്യമന്ത്രിക്കസേര കൈവിട്ടതിൽ ഖിന്നനായിരുന്ന മന്ത്രിസഭയിലെ രണ്ടാമൻ എ.നമശിവായമാണ് ആദ്യം കൂറുമാറിയത്. നമശിവായത്തിന്റെ വിശ്വസ്തൻ ദീപൈന്തയ്യനും കോൺഗ്രസ് വിട്ടു ബിജെപിയിലേക്കു മാറി.

ആരോഗ്യമന്ത്രി മല്ലടി കൃഷ്ണ റാവു, കാമരാജ് നഗർ എംഎൽഎ ജോൺ കുമാർ എന്നിവരും കൂടാരം വിട്ടു. മുഖ്യമന്ത്രി വി.നാരായണ സ്വാമിയെ പരസ്യമായി വിമർശിച്ച എംഎൽഎ എൻ.ധനവേലുവിനെ നേരത്തേ അയോഗ്യനാക്കിയിരുന്നു. നമശിവായത്തിന്റെയും ദീപൈന്തയ്യന്റെയും പാത പിന്തുടർന്നു ജോൺ കുമാറും ബിജെപിയിലേക്കു പോകും. നിയമസഭയിൽ 25 വർഷം പൂർത്തിയാക്കിയ മല്ലടി കൃഷ്ണ റാവു ഇതുവരെ ഭാവി പരിപാടി പ്രഖ്യാപിച്ചിട്ടില്ല. 15 എംഎൽഎമാരുണ്ടായിരുന്ന കോൺഗ്രസിൽ ഇപ്പോഴുള്ളതു 10 പേർ. ഡിഎംകെയുടെ മൂന്നും ഒരു ഇടതു സ്വതന്ത്രനും ചേർന്നാലും 14. പ്രതിപക്ഷത്തും 14 അംഗങ്ങൾ.

വിടരുമോ താമര?

കോൺഗ്രസിൽ നിന്നു കൂറുമാറിയവരിൽ നമശിവായവും ജോൺ കുമാറും ജനങ്ങൾക്കിടയിൽ സ്വാധീനമുള്ളവരാണ്. നമശിവായം സംസ്ഥാനത്ത് നിർണായക സ്വാധീനമുള്ള വണ്ണിയർ വിഭാഗത്തിൽ നിന്നുള്ളയാൾ. 20,000 മുതൽ 30,000 വരെയാണു പുതുച്ചേരിയിലെ ഒരു നിയമസഭാ മണ്ഡലത്തിലെ ആകെ വോട്ട്. അതിനാൽ, നേതാക്കളെ ചാക്കിടുന്നതിലൂടെ മണ്ഡലം പിടിച്ചെടുക്കാനാകുമെന്നാണു ബിജെപിയുടെ പ്രതീക്ഷ. ദേശീയ പാർട്ടികളോട് കൂറു കാട്ടുന്ന പുതുച്ചേരിയിലെ വോട്ടർമാർ, കേന്ദ്രത്തിലെ ഭരണ കക്ഷിയെന്ന നിലയിൽ ബിജെപിയോടു ചേർന്നു നിൽക്കുമെന്നും അവർ കണക്കുകൂട്ടുന്നു.

പാർട്ടിയിൽനിന്നുള്ള കൊഴിഞ്ഞുപോക്കിനൊപ്പം സഖ്യകക്ഷിയായ ഡിഎംകെ ഇടഞ്ഞുനിൽക്കുന്നതും കോൺഗ്രസിനു തലവേദനയാണ്. 30 സീറ്റിലും ഒറ്റയ്ക്കു മത്സരിക്കാനുള്ള നീക്കം ഡിഎംകെ തുടങ്ങിക്കഴിഞ്ഞു. പുതുച്ചേരിയിൽ സ്വന്തം സർക്കാർ എന്നതാണു ബിജെപിയുടെ ലക്ഷ്യം. എന്നാൽ, നിലവിൽ തിരഞ്ഞെടുക്കപ്പെട്ട ഒരു എംഎൽഎ പോലുമില്ലാത്ത, 2.4% വോട്ടുമാത്രമുള്ള പാർട്ടിയുടെ മേധാവിത്വം അംഗീകരിക്കാൻ സഖ്യ കക്ഷിയായ എൻആർ കോൺഗ്രസും അണ്ണാഡിഎംകെയും തയാറാകുമോയെന്നതാണു ചോദ്യം. എൻആർ കോൺഗ്രസിനു ഏഴും അണ്ണാഡിഎംകെയ്ക്കു നാലും എംഎൽഎമാരുണ്ട്.

English Summary: What's next in Puducherry as Assembly Election nears? Explained

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com