ADVERTISEMENT

തിരുവനന്തപുരം ∙ കോവിഡ് 19 വൈറസിന്‍റെ പുത്തന്‍ വകഭേദങ്ങള്‍ സ്വാഭാവികമാണെന്നും അവ പലതരത്തില്‍ പ്രതികരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നതാണെന്നും ലോകാരോഗ്യസംഘടനയുടെ കോവിഡ് 19 ടെക്നിക്കല്‍ ലീഡ് ഡോ. മറിയ വാന്‍കെര്‍കോവ്. ‘ആരോഗ്യകേരളം: സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ യാഥാര്‍ഥ്യവല്‍കരണം’ എന്ന പ്രമേയത്തില്‍ സംസ്ഥാന ആരോഗ്യകുടുംബക്ഷേമവകുപ്പ് സംഘടിപ്പിക്കുന്ന രാജ്യാന്തര സമ്മേളനത്തില്‍ ‘കോവിഡ്-19 നോടുള്ള ആഗോള  പ്രതികരണം’ എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന  സെഷനില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു  ഡോ. മറിയ.

വൈറസ് വകഭേദങ്ങളില്‍ പലതും നിര്‍വീര്യമാണ്. ചില വകഭേദങ്ങള്‍ ഇപ്പോഴത്തെ വൈറസിന് ഹാനികരമാകുമ്പോള്‍ ചില്ലറ വകഭേദങ്ങള്‍ കൊറോണ വൈറസിന് ശക്തി പകരുന്നതാണെന്നും ഡോ.മറിയ പറഞ്ഞു. ആശങ്ക ജനിപ്പിക്കുന്ന കാര്യം പല രാജ്യങ്ങളിലും സൃഷ്ടിക്കപ്പെടുന്ന വൈറസ് വകഭേദങ്ങളെ നിര്‍ണയിക്കാനുള്ള ശേഷി അവിടങ്ങളിലില്ല എന്നതാണ്. രൂപാന്തരം സംഭവിച്ച വൈറസുകളെ നിര്‍ണയിക്കുന്നത് വളരെ പ്രധാനമാണ്. ഇതിലൂടെ ലഭിക്കുന്ന വിവരങ്ങളുടെ കൈമാറ്റത്തിനും  തുടര്‍ന്ന് സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിനും ഇനിയും വളരെ പ്രാധാന്യം നല്‍കേണ്ടതുണ്ടെന്ന് അവര്‍ ചൂണ്ടിക്കാട്ടി.

  ഇത്തരം വൈറസ് സൃഷ്ടിക്കുന്ന രോഗവ്യാപനവും രോഗത്തിന്‍റെ കാഠിന്യവും രോഗനിര്‍ണയത്തിലും വാക്സീന്‍ വികസനത്തിലും ചികിത്സയിലുമെല്ലാം പുലര്‍ത്തേണ്ട ജാഗ്രതയും ലോകത്തിലെ പ്രമുഖ ലബോറട്ടറികളില്‍ പരീക്ഷണവിധേയമാക്കിക്കൊണ്ടിരിക്കുകയാണെന്ന് അവര്‍ പറഞ്ഞു. ശാസ്ത്രത്തിന്‍റെ സഹായത്തോടെ കൊവിഡിനെക്കുറിച്ച് ഏറെ മനസിലാക്കാന്‍ കഴിഞ്ഞു. ഒരു വര്‍ഷം മുമ്പുള്ള സ്ഥിതിയല്ല ഇപ്പോഴുള്ളത്. പക്ഷേ ലഭിച്ച അറിവുകള്‍ എല്ലാം പ്രവൃത്തിപഥത്തില്‍ കൊണ്ടുവരാന്‍ കഴിഞ്ഞിട്ടില്ല. പരിഹാരമാര്‍ഗങ്ങള്‍ സമ്പൂര്‍ണമായി എല്ലായിടത്തും പ്രാവര്‍ത്തികമാക്കിയിട്ടുമില്ല.

  പൊതുവില്‍ ലോകത്ത് രോഗവ്യാപനം കുറഞ്ഞിട്ടുണ്ടെങ്കിലും രോഗസാധ്യതയുള്ള ജനവിഭാഗങ്ങളെ സംരക്ഷിക്കുന്നതിലും രോഗവ്യാപനം തടയുന്നതിലും മരണം ഒഴിവാക്കുന്നതിലും ഇക്കൊല്ലം കൂടുതല്‍ സന്തുലിതവും സമ്പൂര്‍ണവുമായ പ്രവര്‍ത്തനം വേണ്ടിവരുമെന്ന് ഡോ. മറിയ ചൂണ്ടിക്കാട്ടി.

  കേരളത്തിന്‍റെ ജനസംഖ്യാപരമായ പ്രത്യേകതകളും രോഗങ്ങളുടെ സാംക്രമിക സ്വഭാവവും കോവിഡ് 19 പ്രതിരോധത്തില്‍ പ്രധാനമാണെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ആരോഗ്യ മന്ത്രി കെ.കെ ശൈലജ പറഞ്ഞു. ഇന്ത്യയുടെ പ്രമേഹ തലസ്ഥാനമാണ് കേരളം, ജീവിതശൈലീ രോഗങ്ങള്‍ ഇവിടെ വളരെ കൂടുതലാണ്. ഇത് കോവിഡ്-19 ന്‍റെ വ്യാപനസാധ്യത വര്‍ധിപ്പിക്കുന്നു. എങ്കിലും മരണനിരക്ക് കുറയ്ക്കുന്നതില്‍ കേരളം വന്‍നേട്ടമാണ് കൈവരിച്ചിരിക്കുന്നത്. കോവിഡ് പൂര്‍വകാലത്ത് പല വികസിത രാജ്യങ്ങളിലുമുള്ള മരണനിരക്കിനെക്കാള്‍ കൂടുതലാണ് കോവിഡ് കാലത്ത് അവിടങ്ങളിലുള്ളത്. അതേസമയം കേരളത്തില്‍ ഇത് പത്തു ശതമാനം കുറവാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

  രോഗത്തിന്‍റെ മൂർധന്യാവസ്ഥ വൈകിപ്പിച്ച് പ്രതിരോധമാര്‍ഗങ്ങള്‍ ഊര്‍ജിതപ്പെടുത്തുന്നതിലും മരണം കുറയ്ക്കുന്നതിലും കേരളം വിജയിച്ചു. പ്രതിദിനം ശരാശരി അയ്യായിരത്തില്‍ പരം  കേസുകളെന്ന ഇപ്പോഴത്തെ സ്ഥിതി ആശങ്കാജനകമല്ലെന്നും നിയന്ത്രണ വിധേയമാണെന്നും മന്ത്രി പറഞ്ഞു. ജാഗ്രതയില്‍ ഒരു കുറവും വരുത്തിയിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി. ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ.ആര്‍.എല്‍.സരിത സ്വാഗതവും കേരള മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. റംല ബീവി നന്ദിയും പറഞ്ഞു.

ഫെബ്രുവരി 17 ആരംഭിച്ച കേരളഹെല്‍ത്ത് വെബിനാറില്‍ ആരോഗ്യരംഗത്തെ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനായുള്ള അഞ്ച് പ്രധാന വിഷയങ്ങളിലാണ് ചര്‍ച്ച നടക്കുന്നത്. സമ്മേളനം മാര്‍ച്ച് നാലിന് അവസാനിക്കും.

English Summary: Risk-monitoring should be established to evaluate the novel coronavirus new variants: WHO COVID-19 Technical Lead Dr Maria Van Kerkhove

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com