ADVERTISEMENT

ബംഗാളിൽ നിർണായക രാഷ്ട്രീയ യുദ്ധത്തിനായി ആയുധങ്ങൾക്കു മൂർച്ച കൂട്ടുകയാണ് മമത ബാനർജിയും തൃണമൂൽ കോൺഗ്രസും. തിരഞ്ഞെടുപ്പു തന്ത്രജ്ഞൻ പ്രശാന്ത് കിഷോറിന്റെ ഐ–പാക് (ഇന്ത്യൻ പൊളിറ്റിക്കൽ ആക്‌ഷൻ കമ്മിറ്റി) മമതയ്ക്കായി യുദ്ധതന്ത്രങ്ങൾ മെനയുന്ന  തിരക്കിലാണ്. സ്ഥാനാർഥികളെ തിരഞ്ഞെടുക്കുന്നതിലും ഐ–പാക് ഇടപടലുണ്ടെന്നാണ് അഭ്യൂഹം.

സംസ്ഥാനത്തെ ആദിവാസി മേഖലകളിൽ ബിജെപിയുടെ സ്വാധീനം അതിവേഗം പടരുന്നുണ്ട്. പടിഞ്ഞാറൻ, വടക്കൻ ഭാഗങ്ങളിലെ ദലിത്, ആദിവാസി വോട്ടുകളുടെ ഒരു ഭാഗം 2019 ൽ ബിജെപിയിലേക്ക് ഒഴുകിയിരുന്നു. ഈ വിഭാഗങ്ങളിൽ തൃണമൂലിന്റെ സാന്നിധ്യം ഉറപ്പാക്കുകയാണ് ഐ–പാക്കിന്റെ പ്രധാന ജോലി.

പാർട്ടിയുടെ ആദിവാസി, ദലിത് നേതാക്കളിലേക്ക് എത്തിച്ചേരാൻ ഐ–പാക് സംഘടിപ്പിച്ച പരിപാടിയിൽ മമത പറഞ്ഞു– ‘ദലിത്, ആദിവാസി സമുദായങ്ങളിൽനിന്നുള്ള എന്റെ സഹോദരങ്ങളോടു ഞാൻ ചോദിക്കുന്നു, ബിജെപി നിങ്ങളുടെ സീറ്റുകളിൽ ധാരാളം വിജയിച്ചു. അവർ ജംഗിൾമഹലിലും ഉത്തര ബംഗാളിലും വിജയിച്ചു. അവർ നിരവധി എംപിമാരെ നേടിയിട്ടുണ്ട്. അവർ നിങ്ങൾക്ക് എന്തെങ്കിലും തന്നിട്ടുണ്ടോ?’.

മമതയുടെ പ്രധാന പദ്ധതിയായ ‘ഡുവാരി സർക്കാർ’ ഒരു മാസത്തിനുള്ളിൽ പട്ടികജാതി-ഗോത്രവർഗക്കാർക്കായി 10 ലക്ഷത്തിലധികം ജാതി സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തിരുന്നു. ബിജെപി ഉന്നമിടുന്ന ദലിത് വോട്ടുകൾ തൃണമൂൽ അക്കൗണ്ടിലേക്കു തിരിച്ചെത്തിക്കാൻ പാർട്ടിയുടെ എസ്‌സി / എസ്ടി സെൽ നേതാക്കളുമായും ഐ–പാക് ചേർന്നു പ്രവർത്തിക്കുന്നു.

‘ഒരു ജനപ്രതിനിധി ജനങ്ങളുടെ അടുത്തേക്ക് പോകുമ്പോൾ അദ്ദേഹത്തിന് അവരിൽനിന്നു മുഴുവൻ വിവരവും ലഭിച്ചേക്കില്ല. എന്നാൽ ഒരു സ്വതന്ത്ര ഏജൻസി ജനങ്ങളിലേക്കു പോകുമ്പോൾ പക്ഷഭേദമില്ലാത്ത വിവരങ്ങൾ ലഭിക്കും’– തൃണമൂലിന്റെ ദലിത് സെൽ പ്രസിഡന്റ് ഡോ. തപസ് മണ്ഡൽ പറഞ്ഞു. സമൂഹമാധ്യമങ്ങളിൽ ബിജെപിയുടെ പരസ്യങ്ങള്‍ക്കും വിഡിയോകള്‍ക്കുമെതിരെ പ്രതിരോധമുയർത്താനും ഐ–പാക് തൃണമൂലിനെ സഹായിക്കുന്നു.

സമൂഹമാധ്യമങ്ങളിലെ തിരഞ്ഞെടുപ്പു തന്ത്രങ്ങൾ പരിചയിക്കാൻ ബൂത്തുതല പ്രവർത്തകരോട് വാരാന്ത്യങ്ങളിൽ പരിശീലന സെഷനുകളിൽ പങ്കെടുക്കാൻ നിർദേശിക്കുന്നു. പ്രശാന്ത് കിഷോറിനെ വിമർശിക്കുന്നവരുമുണ്ട്. പ്രശാന്തിന് അദ്ദേഹം ഉദ്ദേശിച്ച കാര്യങ്ങൾ ചെയ്യാൻ കഴിഞ്ഞിട്ടില്ലെന്ന് പാർട്ടിയിൽനിന്നു പുറത്താക്കപ്പെട്ട ബൈശാലി ദാൽമിയ പറയുന്നു.

English Summary: Role Of Prashant Kishor In Helping Trinamool Counter BJP In Bengal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com