ADVERTISEMENT

പനജി ∙ കോൺഗ്രസ് നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ ക്യാപ്റ്റൻ സതീഷ് ശർമ(73) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ബുധനാഴ്ച രാത്രി 8.16 ന് ഗോവയിലായിരുന്നു അന്ത്യം. സംസ്കാരം വെള്ളിയാഴ്ച ഡൽഹിയിൽ നടത്തുമെന്ന് മകൻ സമീർ അറിയിച്ചു. 1993 മുതൽ 96 വരെ പി.വി.നരസിംഹറാവു മന്ത്രിസഭയിൽ പെട്രോളിയം പ്രകൃതിവാതക മന്ത്രിയായിരുന്നു. മൂന്നു തവണ  ലോക്സഭയിൽ നിന്നും മൂന്നു തവണ രാജ്യസഭയിൽ നിന്നുമായി ആറു തവണ പാർലമെന്റംഗമായി.  

1947 ഒക്ടോബർ 11 ന് ആന്ധ്രയിലെ സെക്കന്ദരാബാദിലായിരുന്നു സതീഷ് ശർമയുടെ ജനനം. എയർലൈൻ പൈലറ്റായിരുന്ന അദ്ദേഹം രാജീവ് ഗാന്ധിയുടെ അടുത്ത സുഹൃത്തായിരുന്നു. 1983 ൽ രാജീവ് ഗാന്ധി രാഷ്ട്രീയത്തിലേക്കിറങ്ങിയതിനൊപ്പം സതീഷ് ശർമയും രാഷ്ട്രീയത്തിലെത്തി. ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനായി അറിയപ്പെട്ട അദ്ദേഹം റായ്ബറേലി, അമേഠി എന്നിവിടങ്ങളിൽ നിന്നാണ് ലോക്സഭാ എംപിയായത്. 

1984 ൽ രാജീവ് പ്രധാനമന്ത്രിയായതോടെ രാഷ്ട്രീയരംഗത്ത് ശക്തമായി നിലയുറപ്പിച്ച സതീഷ് ശർമ കുറച്ചു വർഷം മുൻപ് വരെ രാഷ്ട്രീയത്തിൽ സജീവമായിരുന്നു. 1986 ൽ രാജ്യസഭാംഗമായ സതീഷ് ശർമയ്ക്കായിരുന്നു രാജീവ് ലോക്സഭയിൽ പ്രതിനിധീകരിച്ച അമേഠി മണ്ഡലത്തിന്റെ ചുമതല. റേസ് കോഴ്സ് റോഡിലെ ഓഫിസിൽ അമേഠിയിലെ പ്രവർത്തനങ്ങൾക്കു ചുക്കാൻ പിടിച്ച സതീഷിനെ രാജീവ് ഗാന്ധിയുടെ അകാല നിര്യാണത്തെത്തുടർന്ന് അമേഠി ഉപതിരഞ്ഞെടുപ്പിൽ മത്സരരംഗത്തിറക്കുകയായിരുന്നു.

1993 മുതൽ 96 വരെ നരസിംഹറാവു സർക്കാരിൽ പെട്രോളിയം മന്ത്രിയായി പ്രവർത്തിക്കവേ പെട്രോൾ പമ്പുകളും പാചകവാതക എജൻസികളും അനുവദിക്കുന്നത് സംബന്ധിച്ച ആരോപണങ്ങൾ സതീഷിനെതിരെ ഉയർന്നിരുന്നു. 1997 ൽ ശർമ അനുവദിച്ച പെട്രോൾ പമ്പുകളുടെ അംഗീകാരം സുപ്രീംകോടതി റദ്ദാക്കുകയും പിഴ ചുമത്തുകയും ചെയ്തിരുന്നു. പിന്നീട് പിഴ ഒഴിവാക്കിയെങ്കിലും ‘സ്വകാര്യ സ്വത്ത്’ ഉപയോഗിക്കുന്ന തരത്തിൽ ഒരു ‘രാജാവി’നെപ്പോലെയാണ് ശർമ പെട്രോൾ പമ്പുകൾ അനുവദിച്ചതെന്ന സുപ്രീംകോടതിയുടെ പരാമർശം ചർച്ചയായി. 1996 ൽ സതീഷ് ശർമ വീണ്ടും അമേഠിയിൽ നിന്ന് ലോക്സഭാംഗമായി. എന്നാൽ 1998 ലെ തിരഞ്ഞെടുപ്പിൽ സതീഷ് ശർമയെ തോൽപ്പിച്ച് സഞ്ജയ് സിങ് ആദ്യമായി മണ്ഡലത്തിൽ ബിജെപി കൊടി നാട്ടി.

തുടർന്ന് 1999 ൽ സോണിയാ ഗാന്ധി അമേഠി സീറ്റിൽ മത്സരിച്ച് വൻ ഭൂരിപക്ഷത്തോടെ ലോക്സഭയിലേക്ക് ജയിച്ചപ്പോൾ പകരം ലഭിച്ച റായ് ബറേലി സീറ്റിലൂടെ ശർമ വീണ്ടും ലോക്സഭയിലെത്തി. 2004 ൽ രാഹുലിനായി അമേഠി കൈമാറി സോണിയ റായ്ബറേലിയിൽ മത്സരിച്ചപ്പോൾ സതീഷ് ശർമ പ്രചാരണങ്ങൾക്ക് ചുക്കാൻ പിടിച്ച് ഒപ്പം നിന്നു. ഇതിനു പിന്നാലെ രാജ്യസഭയിലേക്ക് വീണ്ടും സതീഷ് ശർമയ്ക്ക് അവസരം ലഭിച്ചു.  2010 – 2016 കാലയളവിൽ വീണ്ടും ഒരിക്കൽ കൂടി സതീഷ് ശർമ രാജ്യസഭാംഗമായി. 2016 ൽ വീണ്ടും രാജ്യസഭയിലേക്ക് എത്താമെന്ന പ്രതീക്ഷ സതീഷ് ശർമയ്ക്കുണ്ടായിരുന്നെങ്കിലും കപിൽ സിബലിനെ രാജ്യസഭയിലെത്തിക്കാനായിരുന്നു കോൺഗ്രസ് തീരുമാനം.

English Summary: Satish Sharma, veteran Congress leader and former Union Minister passed away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com