ADVERTISEMENT

ന്യൂഡൽഹി∙ ടൂൾകിറ്റ് കേസിൽ അറസ്റ്റിലായ ദിശാ രവിക്കെതിരായ എഫ്ഐആറിനെക്കുറിച്ചോ അന്വേഷണത്തെക്കുറിച്ചോ മാധ്യമങ്ങൾക്ക് ചോർത്തിനൽകിയിട്ടില്ലെന്ന് ഡൽഹി പൊലീസ്. ഡൽഹി ഹൈക്കോടതിയിലാണ് പൊലീസ് ഇക്കാര്യം അറിയിച്ചത്. അന്വേഷണവുമായി ബന്ധപ്പെട്ട വിവരങ്ങൾ മാധ്യമങ്ങൾക്കു ചോർത്തി നൽകരുതെന്ന് പൊലീസിനോടു നിർദേശിക്കണമെന്ന ദിശയുടെ ഹർജി പരിഗണിക്കുകയായിരുന്നു കോടതി.

ഡൽഹി പൊലീസിനു വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് കേസ് പരിഗണിച്ച ജസ്റ്റിസ് പ്രതിഭ എം. സിങ്ങിനു മുൻപാകെ സബ്മിഷനായി ഇക്കാര്യം അറിയിച്ചത്. ചോർത്തി നൽകിയിട്ടില്ലെന്ന് സത്യവാങ്മൂലം നൽകണമെന്ന് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

ന്യൂസ് ബ്രോഡ്കാസ്റ്റിങ് സ്റ്റാൻഡേർഡ്സ് അതോറിറ്റിയെ (എൻബിഎസ്എ) പ്രതിനിധീകരിച്ച് ആരും ഹാജരാകാത്തതിനാൽ അവർക്കും ഹർജിയിൽ പേരു പറഞ്ഞിരിക്കുന്ന ചില മാധ്യമ സ്ഥാപനങ്ങൾക്കും കോടതി നോട്ടിസ് അയച്ചു. വെള്ളിയാഴ്ച കേസ് പരിഗണിക്കും. വാട്സാപ്പിലൂടെയും മറ്റുമുള്ള തന്റെ സ്വകാര്യ സന്ദേശങ്ങൾ പ്രസിദ്ധീകരിക്കുന്നതിൽനിന്നു മാധ്യമങ്ങളെ വിലക്കണമെന്നും ദിശ ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

പൊലീസും ചില മാധ്യമങ്ങളും തന്നെ രൂക്ഷമായി ആക്രമിക്കുകയാണെന്നും ഫെബ്രുവരി 13ന് ഡൽഹി പൊലീസിന്റെ സൈബർ സെൽ തന്നെ അറസ്റ്റ് ചെയ്തത് നിയമവിരുദ്ധമായാണെന്നും അവർ വാദിച്ചു. നിലവിലെ സാഹചര്യത്തിൽ തനിക്കെതിരെയുള്ള വാർത്തകളായിരിക്കും പ്രചരിക്കുക. അതു തന്റെ സ്വകാര്യതയെയും സൽപ്പേരിനെയും സുതാര്യമായ വിചാരണയെയും ബാധിക്കുമെന്നും ഹർജിയിൽ പറയുന്നു.

English Summary: Toolkit case: Have not leaked anything to media, cops tell Delhi HC

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com