ADVERTISEMENT

വി.എസ്. അച്യുതാനന്ദൻ എന്നാൽ സമര നായകനാണ്. മുഖ്യമന്ത്രിയോ പ്രതിപക്ഷ നേതാവോ ആയിരിക്കുമ്പോഴും, ഉൾപാർട്ടി കലഹത്തിലാണെങ്കിലും പോരാട്ടത്തിന്റെ പര്യായമായിരുന്നു വിഎസ് എന്ന പേര്. ആ വിഎസിന്റെ, തിരഞ്ഞെടുപ്പു ഗോദയിൽനിന്നുള്ള പിന്മാറ്റമാണ് ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിനെ വ്യത്യസ്തമാക്കുന്നത്. പാർട്ടിയുടെ ജനകീയ മുഖമായി, ജനങ്ങളും പാർട്ടിയും തമ്മിലുള്ള പാലമായി വർത്തിച്ച വിഎസ് 1951 നു ശേഷം ആദ്യമായി തിരഞ്ഞെടുപ്പു രംഗത്തുനിന്നു വിട്ടുനിൽക്കുകയാണ്.

കോവിഡ് ഭീതിയും അനാരോഗ്യവും തദ്ദേശഭരണ തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്യുന്നതിൽനിന്നു പോലും വിഎസിനെ വിലക്കിയിരുന്നു. അങ്ങനെ ആദ്യമായി, മത്സരരംഗത്തും പ്രചാരണരംഗത്തും വിഎസ് ഇല്ലാത്ത ഒരു തിരഞ്ഞെടുപ്പിനെയാണ് സിപിഎം നേരിടുന്നത്. സംഘടനാ സംവിധാനം കൊണ്ട് ശക്തമായ സിപിഎമ്മിനെ ജനങ്ങളിലേക്ക് അടുപ്പിച്ചു നിർത്തുന്ന വളരെ ചുരുക്കം നേതാക്കന്മാരിലൊരാളാണ് വിഎസ്. ആ പാലമില്ലാതെ, കർക്കശക്കാരനെന്നു വിശേഷണമുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലാണ് ഇടതുപക്ഷം ഈ തിരഞ്ഞെടുപ്പിനെ നേരിടുന്നത്.

വി.എസ്. അച്യുതാനന്ദൻ, പിണറായി വിജയൻ (ഫയൽ ചിത്രം)
വി.എസ്. അച്യുതാനന്ദൻ, പിണറായി വിജയൻ (ഫയൽ ചിത്രം)

വിഎസ് മാറിനിൽക്കുന്ന ഇടതുപക്ഷ കേരളം

വി.എസ്. അച്യുതാനന്ദന്റെ ജീവിതചരിത്രം ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാർട്ടികളുടെ ചരിത്രം കൂടിയാണ്. പ്രത്യേകിച്ച് സിപിഎമ്മിന്റെ. അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയിൽനിന്ന് കലഹിച്ചിറങ്ങി കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) രൂപീകരിക്കാൻ നേതൃത്വം നൽകിയ വിഎസ്, അതേ പാർട്ടിക്കോ അതിന്റെ നേതാക്കൾക്കോ വഴിമാറ്റമുണ്ടാകുന്നു എന്നു തോന്നിയപ്പോഴൊക്കെ അരയും തലയും മുറുക്കി രംഗത്തിറങ്ങി. കാതലായ പ്രശ്നങ്ങളിൽ പാർട്ടി നിലപാട് എടുക്കാൻ മടിച്ചപ്പോൾ അദ്ദേഹം പാർട്ടിക്കകത്ത് ശബ്ദമുയർത്തി. താനുന്നയിച്ച പ്രശ്നങ്ങളോടു മുഖം തിരിച്ചുനിന്ന നേതൃത്വത്തോട് ഒറ്റയാനെപ്പോലെ പോരാടി. രാഷ്ട്രീയ എതിരാളികൾക്കൊപ്പം പാർട്ടിയിലെ എതിരാളികളും വളഞ്ഞിട്ട് ആക്രമിച്ചു. പാർട്ടിയുടെ പല റിപ്പോർട്ടുകളിലും പതിവായി വിഎസിനെതിരെ ഒളിയമ്പുണ്ടായിട്ടുണ്ട്. പാർട്ടിയുടെ ശാസനയേയോ അച്ചടക്ക നടപടികളെയോ കൂസാതെ അത്തരം യുദ്ധങ്ങളിൽ വെട്ടിക്കയറിയപ്പോഴും, താനുയർത്തിയ ചെങ്കൊടിയെ വിഎസ് തള്ളിപ്പറഞ്ഞിട്ടില്ല.

ഗൗരിയമ്മയെപ്പോലെ, പാർട്ടിവിട്ട് സ്വന്തം അഭിപ്രായങ്ങൾക്കും നിലപാടുകൾക്കും സ്വാതന്ത്ര്യം കൊടുക്കാൻ വിഎസിനു കഴിയുമായിരുന്നു. ഇറങ്ങിപ്പോന്നാൽ കമ്യൂണിസത്തെ സ്നേഹിക്കുന്ന ഒരു ജനസമൂഹം ഒപ്പം നിൽക്കുകയും ചെയ്തേനേ. ഒറ്റപ്പെട്ടുപോയ പല അവസരങ്ങളിലും പക്ഷേ അങ്ങനെയൊരു നിലപാട് അദ്ദേഹത്തിന്റെ സ്വപ്നങ്ങളിൽ പോലും ഇല്ലായിരുന്നിരിക്കണം. അത്രത്തോളം ആ ചെങ്കൊടിയെ അദ്ദേഹം സ്നേഹിച്ചു, നിശ്വസിച്ചു. ആ ചെങ്കൊടിയിലാണ് അദ്ദേഹം ജീവിച്ചതും!

വി.എസ്. അച്യുതാനന്ദൻ (ഫയൽ ചിത്രം)
വി.എസ്. അച്യുതാനന്ദൻ (ഫയൽ ചിത്രം)

ആ വിഎസിന്റെ രാഷ്ട്രീയം ഇപ്പോഴും പ്രസക്തമാണ്. ഐസ്ക്രീം പാർലർ കേസ്, കോവളം കൊട്ടാരം, മൂന്നാർ, പാമോയിൽ കേസ്, ഇടമലയാർ തുടങ്ങിയ സംഭവങ്ങൾ കേൾക്കുമ്പോഴേ ഓർമയിൽ വരുന്ന പേരുകളിലൊന്ന് തീർച്ചയായും വിഎസിന്റേതാണ്. പല വിഷയങ്ങളിലും പാർട്ടി നിലപാട് വ്യത്യസ്തമായിരുന്നെങ്കിലും ഒറ്റയാനായി വിഎസ് പോരാടി. കഴിഞ്ഞ കുറേ വർഷങ്ങളിലെ കേരളത്തിന്റെ സമര ചരിത്രമെടുത്താൽ വിഎസിന്റെ പേരിലല്ലാതെ പാർട്ടി നയിച്ചവ വളരെക്കുറവു മാത്രം. പാർട്ടിക്ക് ആവശ്യമായ എല്ലാ വേദികളിലും വിഎസ് എത്തി. തന്നെ വ്യക്തിപരമായി എതിർത്തവർക്കു വേണ്ടിപ്പോലും പ്രചാരണത്തിനിറങ്ങി, പാർട്ടിക്കു വിധേയനായി പ്രവർത്തിച്ചു.

തിരഞ്ഞെടുപ്പ് ഗോദയിൽനിന്ന് വിഎസ് മാറുമ്പോൾ ഇനി കേരളത്തിലെ ഇടതുപക്ഷ രാഷ്ടീയം എങ്ങനെയാകുമെന്ന വിലയിരുത്തൽ വരാനിരിക്കുന്നതേയുള്ളൂ. ജനങ്ങളുമായി ഇത്രയേറെ അടുത്തുനിൽക്കുന്ന നേതാക്കന്മാർ ഇനിയുമേറെ ഉയർന്നുവരണം. വിഎസിന്റെ സൗമ്യ മുഖത്തിന്റെ അഭാവം രാഷ്ട്രീയ കേരളത്തിൽ ഇനിയും പ്രതിഫലിക്കും, തീർച്ച!

വി.എസ്. അച്യുതാനന്ദൻ ജിഷ്ണു പ്രണോയിയുടെ അമ്മയ്‌ക്കൊപ്പം (ഫയൽ ചിത്രം)
വി.എസ്. അച്യുതാനന്ദൻ ജിഷ്ണു പ്രണോയിയുടെ അമ്മയ്‌ക്കൊപ്പം (ഫയൽ ചിത്രം)

കേരളത്തിന്റെ കാസ്ട്രോ

വിഎസിനെ കേരളത്തിന്റെ ഫിഡൽ കാസ്ട്രോ എന്നു വിളിച്ചത് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയാണ്. ക്യൂബയ്ക്ക് കാസ്ട്രോ എന്താണോ അതുപോലെ കേരളത്തെ നയിക്കുകയും ആവേശം ജനിപ്പിക്കുകയും ചെയ്യുന്നയാളാണ് വിഎസ് എന്നും അദ്ദേഹം അതു മുന്നോട്ടുകൊണ്ടുപോകുമെന്നും അഞ്ചു വർഷം മുൻപാണ് യച്ചൂരി പറഞ്ഞത്.

5 വർഷം പ്രതിപക്ഷ നേതാവായിനിന്ന് പാർട്ടിക്കുവേണ്ടി എല്ലാ സമരങ്ങളുടെയും ചുക്കാൻ പിടിച്ച്, യുഡിഎഫ് സർക്കാരിനെതിരായി ജനവികാരം ഉയർത്തി ഇടതുപക്ഷത്തെ അധികാരത്തിലെത്തിക്കാൻ യത്നിച്ച വിഎസിനു പകരം, കർക്കശക്കാരനായ ശിഷ്യൻ കൂടിയായ പിണറായി വിജയനെ മുഖ്യമന്ത്രിയാക്കാൻ തീരുമാനിച്ച വേളയിലാണ് യച്ചൂരി വിഎസിനെ കാസ്ട്രോയോട് ഉപമിച്ചത്. രണ്ടാം വട്ടം വിഎസിന് മുഖ്യമന്ത്രിസ്ഥാനം വേണമെന്ന ആഗ്രഹം ഉണ്ടായിരുന്നോയെന്ന് അദ്ദേഹം പരസ്യമായി പറഞ്ഞിരുന്നില്ല. എന്നാൽ അദ്ദേഹത്തിനു സീറ്റ് നിഷേധിക്കപ്പെട്ടപ്പോൾ പ്രവർത്തകരുടെ വികാരം അണപൊട്ടിയൊഴുകിയത് അദ്ദേഹത്തിന്റെ ജനസ്വാധീനത്തിന്റെ തെളിവായിരുന്നു.

വി.എസ്. അച്യുതാനന്ദൻ (ഫയൽ ചിത്രം)
വി.എസ്. അച്യുതാനന്ദൻ (ഫയൽ ചിത്രം)

‘തലകുനിക്കാത്തതാണെന്റെ യൗവനം’

‘തല നരയ്ക്കുകയല്ല എന്റെ വൃദ്ധത്വം
തല നരയ്ക്കാത്തതല്ല എന്റെ യുവത്വവും
പുതിയ ദുഷ്പ്രഭുത്വത്തിൻ തിരുമുൻപിൻ
തലകുനിക്കാത്തതാണെന്റെ യൗവനം
തലകുനിക്കാത്തതാണെന്റെ യൗവനം’ –

സ്വതസിദ്ധമായ, നീട്ടിക്കുറുക്കിയുള്ള ശൈലിയിൽ ഒരിക്കൽ വിഎസ് മാധ്യമങ്ങളോടു പറഞ്ഞു. 97 ാം വയസ്സിൽ കോവിഡ് പ്രോട്ടോക്കോളും അനാരോഗ്യവും കാരണം വീടിനു പുറത്തിറങ്ങാൻ പോലും കഴിയാതെ വിശ്രമ ജീവിതം നയിക്കുന്ന വി.എസ്. അച്യുതാനന്ദന്റെയുള്ളിൽ ഇപ്പോഴും തിളയ്ക്കുന്നുണ്ട് അന്നു കലഹിച്ചിറങ്ങിപ്പോന്ന ആ യുവാവിന്റെ രക്തം; ചെങ്കൊടിയുടെ കനൽച്ചുവപ്പുള്ളത്.

നവകേരള യാത്രയുടെ സമാപന വേദിയിൽ വി.എസ്. അച്യുതാനന്ദൻ (ഫയൽ ചിത്രം)
നവകേരള യാത്രയുടെ സമാപന വേദിയിൽ വി.എസ്. അച്യുതാനന്ദൻ (ഫയൽ ചിത്രം)

English Summary: When VS Achuthanandan is not in the scene, what will be the fate of Left politics in Kerala?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com