ADVERTISEMENT

ഉമ്മൻചാണ്ടി സർക്കാർ വനിതാ കമ്മിഷൻ അധ്യക്ഷയായി നിയോഗിച്ച കാലത്ത് നടത്തേണ്ടി വന്ന രണ്ട് ഡിഎൻഎ പരിശോധനകളുടെ ഓർമകളുണ്ട് മുൻ എംഎൽഎ കെ.സി. റോസക്കുട്ടിക്ക്. പ്ലസ്ടുവിനു പഠിക്കുന്ന ഒരാൺകുട്ടി മുന്നിൽ വന്നുനിന്നു കരയുന്നു. ആ മുഖം ഇപ്പോഴും മനസ്സിലുണ്ട്. അപമാനഭാരവും സങ്കടവും കൊണ്ട് തല കുനിഞ്ഞ കുട്ടി. തന്റെ പിതൃത്വം സ്ഥാപിച്ചു കിട്ടാൻ കോടതികൾ കയറിയിറങ്ങിയിട്ടും നടക്കാതെ വന്നതോടെ അതിനുള്ള പണം തന്നു സഹായിക്കുമോ എന്നറിയാനാണു വന്നിരിക്കുന്നത്. താനും അമ്മയും സമൂഹത്തിനു മുന്നിൽ അപമാനിക്കപ്പെട്ടു കഴിയുന്നത് കണ്ണീരോടെ അവൻ വിവരിച്ചു. സഹിച്ചു മടുത്തതുകൊണ്ടാണ് ടീച്ചറേ എന്നവൻ കരഞ്ഞു പറഞ്ഞു. കമ്മിഷനു പണം നൽകാൻ വകുപ്പില്ലെങ്കിലും ഡിഎൻഎ പരിശോധ നടത്തിക്കൊടുക്കാനുള്ള പ്രൊവിഷനുണ്ടായിരുന്നു. ഈ കുട്ടിയെ എങ്ങനെയെങ്കിലും സഹായിക്കണമെന്നു തീരുമാനിച്ചു.

കുട്ടി പിതാവെന്ന് ആരോപിക്കുന്ന ആളോടു കമ്മിഷനു മുന്നിൽ ഹാജരാകാൻ പലപ്രാവശ്യം ആവശ്യപ്പെട്ടിട്ടും വരുന്നില്ല. അവർ പലടത്തു കൂടി പോയിട്ട് ഉണ്ടായ കുട്ടി എന്റേതാണെന്നു പറഞ്ഞാൽ സമ്മതിക്കാനാവില്ലെന്നായിരുന്നു അയാളുടെ നിലപാട്. കേരളത്തിൽ ഇത്രയും പുരുഷൻമാരുണ്ടായിട്ട് നിങ്ങളെ മാത്രം പറയാൻ എന്താ കാരണമെന്നു തിരിച്ചു ചോദിച്ചു. നിങ്ങളുടെ തീയതി ചോദിച്ചു വച്ച സിറ്റിങ്ങാണ്, നിർബന്ധമായും വരണമെന്നും ആവശ്യപ്പെട്ടു. ഒരു ബന്ധുവിനെ അഭിമുഖത്തിനു കൊണ്ടു പോകണമെന്നു പറഞ്ഞാണ് അവസാന തവണ അദ്ദേഹം രക്ഷപ്പെട്ടത്. നിങ്ങൾ വന്നില്ലെങ്കിൽ കൊണ്ടുവരാൻ അധികാരമുള്ള കസേരയിലാണ് ഇരിക്കുന്നതെന്ന് അയാളോടു പറയേണ്ടിവന്നു. തൊട്ടു പിന്നാലെ സമീപത്തെ പൊലീസ് സ്റ്റേഷനിൽ വിളിച്ചറിയിച്ചു, ഒരു പൊലീസ് സമൻസ് അയയ്ക്കുന്നുണ്ട്, ഇയാളെ ഹാജരാക്കണം എന്നു പറഞ്ഞു.

പിന്നെയുണ്ടായ സംഭവം മനസ്സ് തകർത്തു കളയുന്നതായിരുന്നു. അടുത്തൊരു ദിവസം അമ്മയും മകനും വീണ്ടും കാണാനെത്തി. സാധാരണ അവർക്കു വരാനുള്ള ടിക്കറ്റ് എടുത്തു കൊടുത്തിട്ടാണ് വരാറുള്ളത്. ചിലപ്പോൾ ഒരു ഭാഗത്തേക്കു ടിക്കറ്റെടുത്തു വരും, തിരിച്ചു പോകാനുള്ള ടിക്കറ്റ് എടുത്തു കൊടുക്കും. അത്ര വരുമാനമില്ലാത്തവരാണ് ഈ അമ്മയും മകനും. പക്ഷേ ഇപ്പോൾ ഒന്നും പറയാതെ മുന്നിൽ വന്നുനിന്ന് ആ മകൻ പൊട്ടിക്കരയുകയാണ്. എന്താ മോനേ പറ്റിയതെന്നു ചോദിച്ചപ്പോൾ അച്ഛൻ തൂങ്ങി മരിച്ചെന്നായിരുന്നു മറുപടി. ഡിഎൻഎ പരിശോധനയ്ക്കു നിൽക്കാതെ ജീവിതത്തിൽനിന്നു തന്നെ അയാൾ ഒളിച്ചോടുകയായിരുന്നു.

KC-Rosakutty-6

അന്ന് അനുഭവിച്ച വിഷമത്തിന് ഒരു കണക്കില്ലെന്നു ടീച്ചർ പറയുന്നു. പെട്ടെന്ന് എന്തു ചെയ്യാമെന്ന് ആലോചിച്ചു. ഉടൻതന്നെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു വിളിച്ചു. ഡോക്ടർ രവീന്ദ്രനാണു പ്രിൻസിപ്പൽ. ഇപ്പോൾ ഒരു മൃതദേഹം പോസ്റ്റുമോർട്ടത്തിനു കൊണ്ടുവരും, അല്ലെങ്കിൽ കൊണ്ടു വന്നിട്ടുണ്ടാകും. അതിന്റെ ഡിഎൻഎ പരിശോധനയ്ക്കുള്ള സാംപിൾ കുന്നമംഗലം പൊലീസ് സ്റ്റേഷൻ വഴി എത്തിച്ചു തരണം എന്നാവശ്യപ്പെട്ടു. എന്തെങ്കിലും പ്രശ്നമുണ്ടായാൽ സംരക്ഷണം ഏർപ്പാടാക്കാൻ കമ്മിഷണറെ അറിയിക്കാം, ഓർഡർ ഉടനെ ഫാക്സ് ചെയ്യാമെന്നും പറഞ്ഞു.

ബോഡി വിട്ടു കൊടുത്തെങ്കിൽ രണ്ടാമതും സാംപിളെടുക്കേണ്ടി വന്നാൽ കുടുംബത്തെ അപമാനിക്കുന്ന സാഹചര്യമുണ്ടാകരുതെന്ന് പ്രത്യേകം പറഞ്ഞിരുന്നു. സംശയം പരിഹരിക്കാൻ കുറച്ചു കൂടി സാംപിൾ എടുക്കാനാണ് എന്നേ പറയാവൂ എന്നും ചട്ടം കെട്ടി. ഈ സമയം മൃതദേഹം പോസ്റ്റുമോർട്ടം കഴിഞ്ഞു പോയിരുന്നു. പക്ഷേ വീണ്ടും മൃതദേഹം കൊണ്ടുവരേണ്ടി വന്നില്ല, കുട്ടികൾക്കു പഠിക്കാൻ ആ ശരീരത്തിൽനിന്ന് ഹൃദയത്തിന്റെ മസിൽസ് എടുത്തു സൂക്ഷിച്ചിട്ടുണ്ട് എന്നറിയിച്ചു. അതിൽനിന്ന് ഡിഎൻഎ പരിശോധനയ്ക്കു വേണ്ട ഭാഗം ശേഖരിച്ച് പരിശോധന നടത്തി. അതിലൂടെ കുട്ടിയുടെ പിതൃത്വം തെളിഞ്ഞു.

കാര്യങ്ങൾ കൂടുതൽ കുരുക്കിലേക്കു പോകുകയായിരുന്നു. പിതാവിന്റെ സ്വത്തിൽ മകൻ അവകാശമുന്നയിച്ചതോടെ സഹോദരങ്ങൾ വനിതാ കമ്മിഷനെതിരെ പരാതിയുമായി രംഗത്തെത്തി. കമ്മിഷന്റെ അമിതമായ താൽപര്യമാണ് ഡിഎൻഎ പരിശോധനയ്ക്കിടയാക്കിയത് എന്നായിരുന്നു വാദം. ഇതോടെ സാക്ഷിവിസ്താരത്തിന് ഹാജരാകാമോ എന്ന് കോടതി ചോദിച്ചു. കമ്മിഷനു വേണ്ടി അഭിഭാഷകനെ അയച്ചാലും മതിയെന്നിരിക്കെ നേരിട്ടു ഹാജരാകാൻ തന്നെ തീരുമാനിച്ചു. വിസ്താരത്തിനിടെ എതിർഭാഗം കാര്യമായി ക്രോസ് ചെയ്തു. നിങ്ങൾക്കു ലഭിച്ച പരാതിയിൽ ഡിഎൻഎ ടെസ്റ്റ് നടത്തണമെന്ന് ഇവർ ആവശ്യപ്പെട്ടിരുന്നോ എന്നായിരുന്നു പ്രധാന ചോദ്യം. ഇല്ല എന്നു മറുപടി. ഇതു കേട്ട് മജിസ്ട്രേറ്റ് ചോദ്യം ശരിക്കു മനസ്സിലാക്കിയാണോ മറുപടി എന്നു ചോദിച്ചു. അതേ എന്ന് ജഡ്ജിയോടും പറഞ്ഞു. ഇതോടെ, അധികാരമില്ലാത്ത കമ്മിഷൻ പരിശോധന നടത്തിക്കൊടുത്തു എന്നെല്ലാം വാദിച്ചു.

മറുപടി പറയാനുള്ള അവസരം വന്നപ്പോൾ തിരിച്ചു ചോദിച്ചു, ‘ഞാനിരിക്കുന്ന കസേര ഏതാണെന്ന് അറിയുമോ? കേരളത്തിലെ സ്ത്രീകൾക്ക്, ശബ്ദമില്ലാത്തവർക്ക് ശബ്ദമാകേണ്ട ഉത്തരവാദിത്തമുണ്ട് കമ്മിഷന്. അതുകൊണ്ട് ടെസ്റ്റ് നടത്തിക്കൊടുക്കാൻ ആരുടെയും നിർദേശം ആവശ്യമില്ല’. ഡിഎൻഎ പരിശോധന നടത്തണമെന്നു കോടതി വിധിക്കുന്നവർക്ക് അതു നടത്തിക്കൊടുക്കാനുള്ള സംവിധാനം വനിതാ കമ്മിഷനുണ്ട്. അത് പ്രയോജനപ്പെടുത്താൻ ഇതൊരു ഉദാഹരണം കൂടിയാവണം. ഒരു സ്ത്രീയെ ചതിച്ച്, പരാതി വരുമ്പോൾ ആത്മഹത്യ ചെയ്തു രക്ഷപ്പെടാം എന്നു വിചാരിച്ചാൽ നടക്കില്ല എന്നു കൂടി മനസ്സിലാക്കിക്കൊടുക്കുന്ന സംഭവമാണിത്.

കാസർകോട്ടു നിന്നാണ് മറ്റൊരു സംഭവം. മാനസിക വൈകല്യമുള്ള മാതാവിനൊപ്പമാണ് മകൾ പരാതിയുമായി വരുന്നത്. മാതാവിന്റെ സഹോദരിക്കൊപ്പമാണ് ഇവർ താമസിക്കുന്നത്. സമീപത്തെ വീട്ടിലെ പുരുഷനാണ് കുട്ടിയുടെ അച്ഛൻ. ഇയാൾ വിവാഹം കഴിച്ചെങ്കിലും കുട്ടികളില്ല. അദ്ദേഹത്തിന്റെ സഹോദരിയും കുടുംബവും ഇതേ വീട്ടിൽ തന്നെ താമസിക്കുന്നുണ്ട്. അവർ ഈ പെൺകുട്ടിയെ ജാരസന്തതിയെന്നു വിളിച്ച് അപമാനിക്കുന്നു എന്നതാണ് കുട്ടിക്ക് വിഷമമുണ്ടാക്കിയത്. ഇവൾ എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് പരാതി നൽകുന്നത്. കേസ് ഡിഎൻഎ പരിശോധനയിലൂടെ തെളിയിക്കാൻ വിധിയായെങ്കിലും ഇതിന് 25000 രൂപ വേണം. അതിനു സഹായമാവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ സമീപിച്ചപ്പോഴാണ് വനിതാ കമ്മിഷനെ കാണാൻ നിർദേശിച്ചത്.

KC-Rosakutty-4

കമ്മിഷനു പണം എടുത്തു തരാൻ നിവൃത്തിയില്ല, ടെസ്റ്റ് നടത്തിത്തരാമെന്നു പറഞ്ഞു. കമ്മിഷൻ കേസെടുത്ത് അയാളോട് വരാൻ ആവശ്യപ്പെട്ടു. കുട്ടിക്ക് നിറംകൊണ്ടും രൂപംകൊണ്ടും അയാളുമായുള്ള സാമ്യം പ്രത്യക്ഷമാണ്. ഇരുവരെയും ഒരുമിച്ചു മുന്നിൽ കിട്ടിയപ്പോൾ കുട്ടിയോട് അച്ഛന്റെ കാലിൽ തൊട്ട് വന്ദിക്കാൻ ആവശ്യപ്പെട്ടു. അദ്ദേഹത്തിന് എന്തെങ്കിലും മനസ്സലിവുണ്ടായാലോ എന്നു കരുതിയാണ് പറഞ്ഞത്. അദ്ദേഹം സ്തംഭിച്ചു പോയി. അവരെ മാറ്റി നിർത്തിയ ശേഷം അയാളോട് കുട്ടിയെ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. അവർ വഴിപിഴച്ചു നടന്ന് ഉണ്ടായതാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. ഡിഎൻഎ പരിശോധനയ്ക്ക് ആവശ്യപ്പെട്ടപ്പോൾ അദ്ദേഹം തയാറായി. പരിശോധനയിൽ പിതാവാണെന്നു തെളിഞ്ഞു. പൊലീസ് കേസിൽ ഇത് വലിയ ഗുണമായെന്നു മാത്രമല്ല, ഇയാളുടെ സ്വത്തിൽ ഒരു പങ്ക് കുട്ടിക്കു ലഭിച്ചു. വലിയ സന്തോഷത്തിലായ അവർ പിന്നീടു തന്നെ കാണാൻ വന്നത് മറക്കാനാവാത്ത അനുഭവമാണെന്നു റോസക്കുട്ടി പറയുന്നു.

യാത്രകളുടെ കാലമായിരുന്നു വനിതാ കമ്മിഷൻ അധ്യക്ഷയുടെ പദവി വഹിച്ച അഞ്ചു വർഷവുമെന്ന് കെ.സി. റോസക്കുട്ടി പറയുന്നു. വീട്ടിൽ നിന്ന് ബാഗുമായി ഇറങ്ങിയാൽ തിരുവനന്തപുരം മുതൽ കാസർകോട് വരെയും തിരിച്ചും നീളുന്ന യാത്രകൾ. സംസ്ഥാനത്ത് ആയിരക്കണക്കിനു കേസുകളാണ് ചുമതലയേൽക്കുമ്പോൾ കെട്ടിക്കിടന്നിരുന്നത്. കലക്ടറേറ്റുകളിൽ പന്തൽ കെട്ടി കേസുകൾ തീർത്തു. അദാലത്തുകളിൽ നിരവധിപ്പേരുടെ പരാതികൾ പരിഹരിച്ചു. പത്ത് അഭിഭാഷകരെ നിയോഗിക്കാൻ അനുവാദമുണ്ടായിരുന്നു. അത് ഉപയോഗിച്ചു. ലഭ്യമായ എല്ലാ സൗകര്യങ്ങളും ഉപയോഗിച്ചു. ഡിവൈഎസ്പി, എസ്പി, വനിതാ സിഐ, എസ്ഐ തുടങ്ങി എല്ലാവരും ഒപ്പമുണ്ടാകും. ഒപ്പമുണ്ടായിരുന്ന സിഐക്ക് പൊടി ശല്യം മൂലം ഇക്കാലത്ത് ആസ്മ പിടിച്ചു.

‘ഇതെല്ലാം ഓരോ ജീവനുകളാണെന്ന് ഞാനവരെ ഓർമിപ്പിക്കും. ക്ഷമ ചോദിച്ചു വേണം നിങ്ങളുടെ കേസ് തീർന്നോ എന്നു ചോദിക്കാൻ. കാരണം പ്രശ്നം അവർ തന്നെ പരിഹരിച്ചിട്ടുണ്ടാകും, അല്ലെങ്കിൽ അവർ ഇപ്പോഴും ഉപദ്രവിക്കപ്പെടുന്നുണ്ടാകും. സീനിയർ സിറ്റിസൻസ് ആക്ട് പ്രകാരം മുതിർന്ന പൗരൻമാരുടെ പ്രശ്നങ്ങൾ പരിഹരിക്കേണ്ടത് ആർഡിഒയാണ്. അവരും ഒപ്പമുണ്ടാകും. അടുത്ത വനിതാ കമ്മിഷൻ വരുമ്പോൾ ഒറ്റ കേസുപോലും കെട്ടിക്കിടക്കാതെയാണ് 2012 മുതൽ 2017 വരെയുള്ള കാലത്ത് പ്രവർത്തിച്ചത്’– കെ.സി. റോസക്കുട്ടി പറയുന്നു.

English Summary: Memories of Ex MLA KC Rosakutty, Part 3

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com