കൊറോനിൽ കോവിഡ് പ്രതിരോധിക്കും; ഗവേഷണ പ്രബന്ധവുമായി പതഞ്ജലി
Mail This Article
ന്യൂഡൽഹി ∙ പതഞ്ജലി അവതരിപ്പിച്ച ആയുർവേദ മരുന്ന് കൊറോനിലിന് കോവിഡിനെ പ്രതിരോധിക്കാൻ കഴിയുമെന്ന് സ്ഥാപിക്കുന്ന ഗവേഷണ പ്രബന്ധം പതഞ്ജലി സ്ഥാപകൻ രാംദേവ് പുറത്തിറക്കി. കേന്ദ്രമന്ത്രിമാരായ ഹർഷ് വർധന്റെയും നിതിൻ ഗഡ്കരിയുടെയും സാന്നിധ്യത്തിലാണ് പ്രബന്ധം പ്രകാശനം ചെയ്തത്. കൊറോനിലുമായി ബന്ധപ്പെട്ട എല്ലാ സംശയങ്ങളും ഗവേഷണ പ്രബന്ധം മാറ്റുമെന്ന് രാംദേവ് പറഞ്ഞു.
‘ഞങ്ങൾ കൊറോനിൽ അവതരിപ്പിച്ചപ്പോൾ ആളുകൾ അതിന്റെ സാധുതയെക്കുറിച്ച് ചോദ്യങ്ങൾ ഉന്നയിക്കുകയും ശാസ്ത്രീയ രീതികളാണോ പിന്തുടരുന്നതെന്നു ചോദിക്കുകയും ചെയ്തു. ഗവേഷണം വിദേശ രാജ്യങ്ങളിൽ മാത്രമേ നടക്കൂ എന്ന് ആളുകൾ കരുതുന്നു. ഈ ഗവേഷണത്തിലൂടെ കൊറോനിലിനെക്കുറിച്ചുള്ള എല്ലാ സംശയങ്ങളും ഞങ്ങൾ നീക്കി.
രാജ്യാന്തര മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയുള്ള ശാസ്ത്രീയ ഗവേഷണ തെളിവുകൾ മുഴുവൻ പൂർത്തിയാക്കിയ ശേഷം സർക്കാർ പച്ച സിഗ്നൽ നൽകിയിട്ടുണ്ട്. രാജ്യവും ലോകവും സമ്മതിച്ചു. ലോകാരോഗ്യ സംഘടനയും സമ്മതിച്ചു. ഇപ്പോൾ ഞങ്ങൾക്ക് ശാസ്ത്രീയ തെളിവുകളോടെ 150 രാജ്യങ്ങളിൽ കൊറോനിൽ വിൽക്കാൻ അവസരമുണ്ട്’– അദ്ദേഹം കൂട്ടിച്ചേർത്തു.
ആയുർവേദത്തിലുള്ള ആളുകളുടെ വിശ്വാസം വർധിച്ചുവെന്നു കേന്ദ്രമന്ത്രി ഹർഷ് വർധൻ പറഞ്ഞു. കൊറോനിലിന് ആവശ്യമായ ശാസ്ത്രീയ സാധൂകരണം ലഭിച്ചതിനാൽ മരുന്ന് ഇറക്കുമതി ചെയ്യാൻ കമ്പനി തയാറാണെന്ന് പതഞ്ജലി റിസർച് ഇൻസ്റ്റിറ്റ്യൂട്ട് മേധാവി അനുരാഗ് വർഷ്നി പറഞ്ഞു.
കഴിഞ്ഞ വർഷം കൊറോനിലിന് ഇമ്യൂണിറ്റി ബൂസ്റ്റർ എന്ന നിലയ്ക്ക് ലൈസൻസ് ലഭിച്ചു. മരുന്നിന്റെ ക്ലിനിക്കൽ പരീക്ഷണങ്ങളെക്കുറിച്ചും തെളിവുകളെക്കുറിച്ചുമുള്ള കമ്പനിയുടെ അവകാശവാദങ്ങൾ ചോദ്യം ചെയ്യപ്പെട്ടിരുന്നു. ഇതേത്തുടർന്ന് കോവിഡ് പ്രതിരോധ മരുന്നായി ഇതിനെ പരസ്യം ചെയ്യുന്നത് നിർത്താൻ കേന്ദ്ര ആയുഷ് മന്ത്രാലയം ഉത്തരവിട്ടിരുന്നു.
English Summary: Ramdev Claims Patanjali's 'Coronil' For Covid Cleared, Can Be Exported