ADVERTISEMENT

കൊച്ചി∙ പെട്രോൾ, ഡീസൽ വിലകൾ ദിവസവും കൂട്ടുമ്പോഴും ഡീലർമാരുടെ കമ്മിഷൻ 4 വർഷമായി വർധിപ്പിക്കാതെ രാജ്യത്തെ എണ്ണക്കമ്പനികൾ. പ്രവർത്തനച്ചെലവു കൂടുമ്പോൾ കമ്മിഷനിൽ വർധനയില്ലാത്തതുമൂലം പമ്പുടമകൾ പ്രതിസന്ധിയിലാണ്. പെട്രോൾ വില കൂട്ടി എണ്ണക്കമ്പനികളും സർക്കാരും നേട്ടമുണ്ടാക്കുമ്പോൾ പ്രതിസന്ധിയിലാകുന്നത്, ഉപയോക്താക്കളും ഡീലർമാരുമാണ്. എണ്ണക്കമ്പനികൾ ഡീലർമാരിൽനിന്ന് ഈടാക്കുന്ന വിവിധ ചാർജുകൾ വർധിപ്പിച്ചിട്ടുമുണ്ട്.

∙കമ്മിഷൻ കൂട്ടാത്ത 4 വർഷങ്ങൾ

ഇന്ധനവില നിർണയിക്കാനുള്ള അധികാരം കേന്ദ്ര സർക്കാർ എണ്ണക്കമ്പനികൾക്കു നൽകുന്നത് 2017 ജൂണിലാണ്. ഇതിനോട് അനുബന്ധിച്ചാണ് അവസാനമായി ഡീലർമാരുടെ കമ്മിഷനിൽ എണ്ണക്കമ്പനികൾ വർധന വരുത്തിയത്. എ സൈറ്റ് പമ്പുകൾക്ക് പെട്രോളിന് 3.12 രൂപയും ഡീസലിന് 1.98 രൂപയുമാണ് കേരളത്തിൽ ലഭിക്കുന്ന കമ്മിഷൻ. ബി സൈറ്റ് പമ്പുടമകൾക്ക് പെട്രോളിന് 3.31 രൂപയും ഡീസലിന് 2.14 രൂപയുമാണ് കമ്മിഷൻ. വില നിർണയാധികാരം കേന്ദ്ര സർക്കാരിന്റെ പക്കലായിരുന്നപ്പോൾ ആറു മാസം കൂടുമ്പോഴോ പ്രതിവർഷമോ കമ്മിഷനിൽ ആനുപാതിക വർധന വരുത്തിയിരുന്നു.

∙വരുമാനം കുറഞ്ഞു, ചെലവു കൂടി

പമ്പുകളിലെ വൈദ്യുത ചാർജ്, പ്രവർത്തന ചെലവ് എന്നിവ 4 വർഷം കൊണ്ടു വളരെയേറെ ഉയർന്നു. ഇക്കാലയളവിൽ ജീവനക്കാർക്കു വേതന വർധനയും നൽകി. എന്നാൽ ഡീലർ കമ്മിഷനിൽ ചെറിയ വർധന പോലുമില്ലാത്തതു വലിയ പ്രതിസന്ധിയുണ്ടാക്കുന്നെന്ന് പമ്പുടമകൾ പറയുന്നു. ലൈസൻസ് ഫീസുകളും ഇക്കാലയളവിൽ കൂടി.

∙കൂടുതൽ ബാധിക്കുക കേരളത്തിലെ ഡീലർമാരെ

കേരളത്തിൽ പമ്പുകളുടെ എണ്ണം മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു വളരെ കൂടുതലാണ്. ഇക്കാരണത്താൽ കേരളത്തിലെ പമ്പുകളിലെ ശരാശരി വിൽപനയും താരതമ്യേന കുറവാണ്. എന്നാൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വലിയ വിൽപന നടക്കുന്നുണ്ട്. പ്രതിദിനം ലക്ഷം ലീറ്റർ ഇന്ധനം വിറ്റുപോകുന്ന പമ്പുകളുമുണ്ട്.

വിൽപന കൂടുതലുള്ള ഈ സംസ്ഥാനങ്ങളിലെ പമ്പുകളെ കമ്മിഷനിൽ വർധനയില്ലാത്തതു കാര്യമായി ബാധിച്ചിട്ടില്ല. വിൽപന കൂടുന്നതുകൊണ്ടു പ്രവർത്തനച്ചെലവിൽ കാര്യമായ വർധനയും വരുന്നില്ല. എന്നാൽ കേരളം പോലുള്ള സംസ്ഥാനങ്ങളിലെ ഡീലർമാരുടെ ആവശ്യം എണ്ണക്കമ്പനികൾ പരിഗണിക്കുന്നുമില്ല.

∙കൂടുതൽ ചാർജുകൾ

വില നിർണയാധികാരം എണ്ണക്കമ്പനികളുടെ കൈകളിലെത്തിയശേഷം ഡീലർമാരിൽനിന്ന് ഈടാക്കുന്ന ചാർജുകളും കൂട്ടി. കണക്ടിവിറ്റി ചാർജും ഇപ്പോൾ ഡീലർമാരിൽനിന്ന് കമ്പനികൾ ഈടാക്കുന്നുണ്ട്. ഡീലർമാരുടെ അക്കൗണ്ടിൽനിന്ന് നേരിട്ടു പണമെടുക്കുകയാണ് എണ്ണക്കമ്പനികൾ ചെയ്യുന്നത്. പമ്പുകളിൽ നടത്തുന്ന ഇൻവെസ്റ്റ്മെന്റുകളുടെ നിശ്ചിത ശതമാനം മാസംതോറും പമ്പുടമകളുടെ അക്കൗണ്ടുകളിൽനിന്ന് ഈടാക്കാറുണ്ട്. ഈ തുകയിലും കമ്പനികൾ വർധന വരുത്തി.

English Summary : Petrol pump owners in trouble amid petrol price hike

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com