ADVERTISEMENT

തിരുവനന്തപുരം ∙ ആഴക്കടല്‍ മത്സ്യബന്ധന കരാര്‍ വിവാദത്തില്‍ കേരള ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപറേഷൻ (കെഎസ്ഐഎൻസി) എംഡി എൻ.പ്രശാന്തിനെതിരെ നടപടിക്ക് സാധ്യത. സര്‍ക്കാരിന്റെ നയത്തിന് വിരുദ്ധമായി, അമേരിക്കന്‍ കമ്പനി ഇഎംസിസിക്ക് ആഴക്കടല്‍ മത്സ്യബന്ധനത്തിനുള്ള ട്രോളറുകളുടെ നിര്‍മാണക്കരാര്‍ ഷിപ്പിങ് കോര്‍പറേഷന്‍ ഏറ്റെടുത്തതില്‍ ഫിഷറീസ് വകുപ്പിന് കടുത്ത അതൃപ്തിയുണ്ട്.

ശനിയാഴ്ച മുഖ്യമന്ത്രിയെ കണ്ട ഫിഷറീസ് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ, പ്രശാന്തിന്റെ ഇടപെടലുകളെപ്പറ്റി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടതായാണ് സൂചന. ഫിഷറീസ് മന്ത്രിയും മുഖ്യമന്ത്രിയും പേരെടുത്ത് പറഞ്ഞില്ലെങ്കിലും കെഎസ്ഐഎൻസി മേധാവിയുടെ ഇടപെടലുകള്‍ പരിശോധിക്കുമെന്ന സൂചന നല്‍കി. 

പ്രതിപക്ഷ നേതാവ് ‌രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയായിരിക്കെ സെക്രട്ടറിയായിരുന്ന എന്‍.പ്രശാന്ത് ആണ് ഇപ്പോള്‍ കെഎസ്ഐഎൻസി എംഡി. സര്‍ക്കാര്‍ അറിയാതെയാണ് ഷിപ്പിങ് കോര്‍പറേഷന്‍ ഇഎംസിസിക്ക് വേണ്ടി ട്രോളര്‍ നിര്‍മാണത്തിന് പര്‍ച്ചേസ് ഓര്‍ഡര്‍ വാങ്ങിയതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. സര്‍ക്കാരിനെ വിവാദത്തിലേക്ക് വലിച്ചിഴക്കാന്‍ കാരണമായത് ഈ ട്രോളര്‍ നിര്‍മാണ ധാരണയാണെന്ന നിലപാടിലാണ് ഫിഷറീസ് മന്ത്രി.

ട്രോളര്‍ നിര്‍മാണം ആഴക്കടല്‍ തൂത്തുവാരാനാണെന്ന് പ്രതിപക്ഷ നേതാവ് ആരോപണം ഉന്നയിച്ചപ്പോഴും കോർ‌പറേഷൻ എംഡിയായ എന്‍.പ്രശാന്തിന്റെ പേര് പരാമര്‍ശിച്ചിട്ടില്ലെന്നതാണ് സംശയം ബലപ്പെടുത്തുന്നത്. ട്രോളര്‍ നിര്‍മിക്കാനുള്ള തീരുമാനം ഷിപ്പിങ് കോര്‍പറേഷന്‍ പിആര്‍ഡി വഴി വാര്‍ത്താക്കുറിപ്പായി നല്‍കിയതും സര്‍ക്കാരിനുള്ളില്‍ അമര്‍ഷത്തിന് ഇടയാക്കിയിട്ടുണ്ട്. പ്രതിക്കൂട്ടിലാക്കാന്‍ പ്രതിപക്ഷത്തിന് പരമാവധി കിട്ടുക മന്ത്രിമാര്‍ അമേരിക്കന്‍ കമ്പനി മേധാവികളുമായി നില്‍ക്കുന്ന ഫോട്ടോകള്‍ മാത്രമാണെന്നാണ് സര്‍ക്കാരിന്റെ ആത്മവിശ്വാസം.

English Summary: Deep Sea Trawling Deal: Government may take action against KSINC MD N Prasanth

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com