ADVERTISEMENT

ന്യൂഡൽഹി ∙ അതിർത്തി സംഘർഷം പരിഹരിക്കാൻ ലക്ഷ്യമിട്ട് ഇന്ത്യ, ചൈന സേനാ കമാൻഡർമാർ തമ്മിൽ നടത്തിയ ചർച്ചയിൽ ഗോഗ്ര, ഹോട്ട് സ്പ്രിങ്സ് എന്നിവിടങ്ങളിൽ പിന്മാറ്റത്തിനു ധാരണ. 16 മണിക്കൂർ നീണ്ടുനിന്ന പത്താംവട്ട ചർച്ചയിലാണ് തീരുമാനം. എന്നാൽ ഡെപ്സാങ്, ധംചോക് എന്നിവിടങ്ങളിലെ പിന്മാറ്റം സംബന്ധിച്ച് ധാരണയായില്ലെന്നും ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.

പാംഗോങ് തീരത്തുനിന്ന് ഇരു സേനകളുടെയും പിൻമാറ്റം പൂർത്തിയായതോടെയാണു ഡെപ്സാങ് അടക്കമുള്ള സ്ഥലങ്ങളിലെ സംഘർഷം ചർച്ചയ്ക്കെടുത്തത്. ഈ മേഖലകളിൽനിന്നു ചൈനീസ് സേന പൂർണമായി പിൻമാറണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. അതിർത്തിയിൽ ചൈനയുടെ ഭാഗത്തെ മോൾഡോയിൽ നടന്ന ചർച്ചയിൽ ഇന്ത്യൻ സംഘത്തെ ലേ ആസ്ഥാനമായ പതിനാലാം സേനാ കോർ മേധാവിയും മലയാളിയുമായ ലഫ്. ജനറൽ പി.ജി.കെ. മേനോൻ നയിച്ചു. ചൈനീസ് സംഘത്തിനു മേജർ ജനറൽ ലിയു ലിൻ നേതൃത്വം നൽകി.

പൂർണമായ സേനാ പിന്മാറ്റത്തിനുള്ള നിർദേശങ്ങൾ ഇരുവിഭാഗങ്ങളും മുന്നോട്ടുവച്ചെന്നും ഇനി ഇന്ത്യയുടെയും ചൈനയുടെയും ഉയർന്ന നേതാക്കൾ ഇതു പരിശോധിക്കേണ്ടതുണ്ടെന്നും സൈനിക വക്താവ് വ്യക്തമാക്കി. ഡെപ്സാങ് മേഖല സംബന്ധിച്ച് ആദ്യമായാണ് ചൈന ചർച്ചയ്ക്കു തയാറാകുന്നത്. 2013 മുതൽ ഡെപ്സാങ്ങിലെ 10, 11, 11എ, 12, 13 പോയിന്റുകളിൽ ഇന്ത്യയുടെ പട്രോളിങ് ചൈന തടഞ്ഞിരുന്നു.

മോൾഡോയിൽ ചർച്ചയ്ക്കെടുത്ത നാലു പ്രദേങ്ങളിൽ ഡെപ്സാങ് സംബന്ധിച്ചാണ് ഏറ്റവും തർക്കം നിലനിൽക്കുന്നത്. ഗോഗ്ര, ഹോട്ട് സ്പ്രിങ്സ്, ഗൽവാൻ എന്നിവിടങ്ങളിലെ സംഘർഷം എളുപ്പത്തിൽ പരിഹരിക്കാൻ സാധിക്കുമെന്ന് സൈന്യം കരുതുന്നു. കഴിഞ്ഞ വർഷം ജൂണിൽ ഗൽവാനിൽ നടന്ന ഏറ്റുമുട്ടിലാണ് 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചത്. ചൈനയുടെ 4 സൈനികരും കൊല്ലപ്പെട്ടതായി കഴിഞ്ഞ ദിവസം അവർ സ്ഥിരീകരിച്ചിരുന്നു.

English Summary: India, China Agree to Disengage in Gogra & Hot Springs After Talks But No Consensus Yet on Depsang, Demchok

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com