‘ആഴക്കടലിൽ’ വിവാദമുണ്ടോ?; സർക്കാരിനെതിരെ ഗൂഢാലോചന നടത്തിയോ? ഷിജു പറയുന്നു...

HIGHLIGHTS
  • പദ്ധതിയുടെ നൻമ ആരും കാണാതെ പോയി; മന്ത്രിയുടെ പ്രതികരണം വിവാദങ്ങൾ ഭയന്നാകാം
  • 2019ൽ മുഖ്യമന്ത്രിയെ ക്ലിഫ്ഹൗസിൽ കണ്ടു; കോൺസുലേറ്റിൽ അവശ്യരേഖകൾ സർക്കാർ തേടി
shiju-varghese-new-1
ഷിജു വർഗീസ് മേത്രട്ടയിൽ
SHARE

സംസ്ഥാനത്തിന്റെ മത്സ്യത്തൊഴിലാളി മേഖലയുടെ സമഗ്ര വികസനത്തിനു വഴിയൊരുക്കുമായിരുന്ന വമ്പൻ പദ്ധതിയാണു വിവാദങ്ങളെത്തുടർന്നു ഭാഗികമായി ഉപേക്ഷിക്കേണ്ടി വന്നതെന്ന് ഇഎംസിസി ഗ്ലോബൽ കൺസോർഷ്യം സ്ഥാപക പ്രസിഡന്റും എറണാകുളം അങ്കമാലി സ്വദേശിയുമായ ഷിജു വർഗീസ് മേത്രട്ടയിൽ.

5000 കോടി മുതൽ മുടക്കിൽ 25,000 പേർക്കു തൊഴിൽ ലഭ്യമാകുമായിരുന്ന ബൃഹദ് പദ്ധതിയിൽ നിന്നു പിൻമാറുന്നതായും 100 കോടിക്കുള്ളിൽ ഒതുങ്ങുന്ന മത്സ്യ സംസ്കരണ പദ്ധതി മാത്രം നടപ്പാക്കാനാണു നിലവിൽ ശ്രമിക്കുന്നതെന്നും അദ്ദേഹം പറയുന്നു. ഇപ്പോൾ യുഎസിലുള്ള അദ്ദേഹം വിവാദങ്ങളുടെ പശ്ചാത്തലത്തിൽ പ്രധാന ആരോപണങ്ങളെപ്പറ്റി മനോരമ ഓൺലൈനിനോട് പ്രതികരിച്ചു. 

∙ നിലവിലെ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ എന്താണ് ഇംഎംസിസിയുടെ തുടർ നടപടി?

പദ്ധതിയിൽ പരാമർശിച്ചിരുന്ന മത്സ്യബന്ധനം, ഹാർബർ വികസനം, കെഎസ്ഐഎൻസിയുമായി ഒപ്പിട്ട ധാരണാപത്രത്തിലെ 2950 കോടി ചെലവിട്ടുള്ള യാനങ്ങളുടെ നിർമാണം, മത്സ്യത്തൊഴിലാളികൾക്കു തൊഴിലും സ്ഥിര വരുമാനവും കണ്ടെത്തൽ, മത്സ്യ വിപണനത്തിനായുള്ള സ്റ്റാളുകളുടെ നിർമാണം തുടങ്ങിയവയിൽ നിന്നെല്ലാം പൂർണമായി പിൻവാങ്ങുകയാണ്. പദ്ധതിയിട്ടിരുന്ന 50 സമുദ്രോൽപന്ന സംസ്കരണ ശാലകളുടെ സ്ഥാനത്ത് ഒരെണ്ണം മാത്രമേ നിർമിക്കുന്നുള്ളു. പദ്ധതിയുടെ നൻമ ആരും കാണാതെ പോയി. ഇത്രയേറെ വിവാദങ്ങൾ ഉണ്ടായ സ്ഥിതിക്ക് ഇനി മുന്നോട്ടു പോകുന്നതിൽ അർഥമുണ്ടെന്നു തോന്നുന്നില്ല. മുഖ്യമന്ത്രിയും ഫിഷറീസ് മന്ത്രിയും ഇപ്പോഴെങ്കിലും നയം വ്യക്തമാക്കിയതിനാൽ പിൻമാറുന്നു.

∙ ഇങ്ങനെയൊരു പദ്ധതിയിലേക്ക് എങ്ങനെയാണ് എത്തിയത്?

2018ലെ പ്രളയത്തിനു ശേഷം കടലിലുണ്ടായ മാറ്റങ്ങളെപ്പറ്റിയുൾപ്പെടെ ഒരു പരിസ്ഥിതി പഠനം നടന്നിരുന്നു. മത്സ്യബന്ധനം സാധ്യമായ മേഖലകളെപ്പറ്റിയും തീരത്തോടു ചേർന്നുള്ള മത്സ്യസമ്പത്തിന്റെ അമിത ചൂഷണത്തെപ്പറ്റിയുമുൾപ്പെടെയുള്ള റിപ്പോർട്ടിലെ ചില കണ്ടെത്തലുകളാണ് ആഴക്കടൽ മത്സ്യബന്ധനം, സംസ്കരണം തുടങ്ങിയവ ഉൾപ്പെടുത്തി ഒരു പദ്ധതി രൂപീകരിക്കാൻ പ്രേരണയായത്.

2019 ലെ സമുദ്രനയത്തിന്റെ ഭാഗം 2.9 ൽ ആഴക്കടൽ മത്സ്യബന്ധനം പ്രോൽസാഹിപ്പിക്കേണ്ടതിന്റെ ആവശ്യകതയും ചൂണ്ടിക്കാട്ടിയിരുന്നു. ഇതാണു പദ്ധതി രൂപീകരിക്കാൻ പ്രേരണയായത്. യുഎസിലേക്കുൾപ്പെടെ രാജ്യത്തു നിന്നു കയറ്റി അയയ്ക്കപ്പെടുന്ന സംസ്കരിച്ച മത്സ്യം രാജ്യാന്തര നിലവാര സൂചിക പ്രകാരമല്ല പലപ്പോഴും എന്ന അറിവും ഈ മേഖലയിലെ സാധ്യതകളെപ്പറ്റി ചിന്തിക്കാൻ പ്രേരിപ്പിച്ചു.

∙ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി നടത്തിയ പത്രസമ്മേളനത്തോടെ കമ്പനി സംശയ നിഴലിൽ ആയോ?

കമ്പനിയുടെ പ്രവർത്തനം സംബന്ധിച്ചു ദുരൂഹതയുണ്ടെന്നു മുഖ്യമന്ത്രി പറഞ്ഞതായി കരുതുന്നില്ല. മന്ത്രിസഭയുടെ പരിഗണനയ്ക്കായി സമർപ്പിച്ച ധാരണാപത്രം ചോർന്നതിൽ ദുരൂഹതയുണ്ടെന്നാണ് അദ്ദേഹം പറഞ്ഞതെന്നാണു ഞാൻ മനസ്സിലാക്കുന്നത്. സർക്കാരിനെതിരെ പ്രതിപക്ഷവുമായി ഒരു ഗൂഢാലോചനയും നടത്തിയിട്ടില്ല. ഞങ്ങളുടെ പ്രസ്ഥാനത്തിനെതിരെ അകാരണമായ ആരോപണങ്ങൾ ഉയർത്തുകയും പ്രവർത്തിക്കുകയും ചെയ്യുന്നവരുമായി എങ്ങനെ ഒരുമിച്ചു പ്രവർത്തിക്കാനാണ്. പദ്ധതിയുമായി ബന്ധപ്പെട്ട ആശയവിനിമയങ്ങളിലെല്ലാം സർക്കാർ പോസിറ്റീവായാണു പ്രതികരിച്ചിരുന്നത്. 

∙ മന്ത്രി മേഴ്സിക്കുട്ടിയമ്മ ആദ്യം കമ്പനി പ്രതിനിധികളെ കണ്ടില്ലെന്നു പിന്നീടു തെളിവു പുറത്തു വന്നപ്പോൾ സമ്മതിക്കുകയും ചെയ്തല്ലോ. ചർച്ച നടത്തിയ കാര്യം സമ്മതിക്കാൻ മടി കാട്ടിയത് എന്തു കൊണ്ടാണ് എന്നാണു കരുതുന്നത്?

മന്ത്രി എന്തുകൊണ്ടാണ് അങ്ങനെ പറഞ്ഞതെന്നറിയില്ല. വിവാദങ്ങളെ ഭയന്നാകാം. 2018ൽ മന്ത്രി യുഎസിൽ വന്നപ്പോഴും തൊട്ടടുത്ത വർഷം മന്ത്രിയുടെ ഔദ്യോഗിക വസതിയിൽ വച്ചു 2 തവണയും കണ്ടു സംസാരിച്ചിരുന്നു. രണ്ടാം തവണ കാണുമ്പോൾ കെ.ആർ.ജ്യോതിലാൽ ഐഎഎസ് ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.

മന്ത്രിയുടെ നിർദേശ പ്രകാരം ഉദ്യോഗസ്ഥരുടെ മുൻപിൽ പദ്ധതി വിശദീകരിച്ചു. ആഴക്കടൽ മത്സ്യബന്ധനം, സംസ്കരണം, കയറ്റുമതി, വിപണനം തുടങ്ങിയവ ഉൾപ്പെടുന്നതാണു പദ്ധതി എന്നും ബൂട്ട്(ബിൽഡ്, ഓൺ, ഓപ്പറേറ്റ്, ട്രാൻസ്ഫർ) രീതിയിലാകും പദ്ധതിയെന്നും അന്നു തന്നെ വിശദീകരിച്ചിരുന്നു. 2019ൽ തന്നെ യുഎസിൽ നിന്നു കമ്പനി സിഇഒയോടൊപ്പം എത്തി മുഖ്യമന്ത്രി പിണറായി വിജയനെയും കണ്ടു. ക്ലിഫ് ഹൗസിലായിരുന്നു കൂടിക്കാഴ്ച. 

എന്നാൽ ഈ അവസരങ്ങളിലൊന്നും സർക്കാരിന്റെ മത്സ്യനയം പദ്ധതിക്കെതിരാണെന്ന സൂചന പോലും ആരും തന്നില്ല. ആഴക്കടൽ മത്സ്യബന്ധനം അനുവദിക്കാൻ നിയമം ഇല്ലെന്നറിയിച്ചിരുന്നെങ്കിൽ അന്നേ പിൻവാങ്ങിയേനെ. പകരം വിശദമായ പഠന റിപ്പോർട്ട്(ഡിപിആർ) സമർപ്പിക്കാനാണു മുഖ്യമന്ത്രി ആവശ്യപ്പെട്ടത്.

ഇത്രയും വലിയ തുക മുടക്കുന്നതിനാൽ സാധ്യതാപഠനത്തിന് കുറഞ്ഞത് ഒരു വർഷമെങ്കിലും സമയം വേണ്ടി വരുമെന്നു മറുപടി പറഞ്ഞു. കേരളത്തിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ സ്ട്രാറ്റജിക് കൺസൽറ്റന്റിനെ ഉൾപ്പെടെ നിയമിച്ച ശേഷമാണു യുഎസിലേക്കു ഞങ്ങൾ മടങ്ങിയത്. പദ്ധതിയുടെ വിശദമായ റിപ്പോർട്ടും സംസ്കരണ പ്ലാന്റിന്റെ ഡിസൈനുമുൾപ്പെടെ ഫിഷറീസ് മന്ത്രിയുടെ ഓഫിസിൽ സമർപ്പിച്ചിരുന്നു.

∙ ഇതിനു ശേഷം സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടായ ഇടപെടലുകൾ എന്തൊക്കെയാണ്?

പദ്ധതിയുമായി സർക്കാർ മുന്നോട്ടു പോകുന്നു എന്നതിന്റെ സൂചനകൾ തന്നെയാണു ലഭിച്ചത്. പദ്ധതിക്കു വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിക്കായി സർക്കാർ അപേക്ഷിച്ചിരുന്നുവെന്നാണു കരുതെന്നത്. കാരണം കമ്പനിയുടെ ക്രെഡൻഷ്യൽ വെരിഫിക്കേഷനായി ന്യൂയോർക്കിലെ കോൺസുലേറ്റിൽ അവശ്യ രേഖകൾ എത്തിക്കാൻ ആവശ്യപ്പെട്ടു സംസ്ഥാന സർക്കാരിന്റെ കത്തു ലഭിച്ചിരുന്നു. ഇതനുസരിച്ചു രേഖകൾ എത്തിക്കുകയും ചെയ്തു. ഒരു ഘട്ടത്തിലും പദ്ധതിയെ എതിർക്കുന്നതിന്റെ ഒരു സൂചനകളും കമ്പനിക്കു ലഭിച്ചിരുന്നില്ല.

∙കമ്പനിക്കായി പള്ളിപ്പുറം ഫുഡ്പാർക്കിൽ കെഎസ്ഐഡിസി സ്ഥലം അനുവദിച്ചതും വിവാദമായല്ലോ?

100% നിയമാനുസൃതമായി നടന്ന ഒരു കാര്യം എന്തിനാണു വിവാദമാക്കുന്നത്. സ്വകാര്യ മേഖലയിൽ തൊഴിലാളി സമരവും മറ്റു പ്രശ്നങ്ങളും ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണു സർക്കാർ മേഖലയിൽ മത്സ്യ സംസ്കരണ പ്ലാന്റ് സ്ഥാപിക്കാൻ തീരുമാനിച്ചത്. ഇതിനായി സംസ്ഥാനത്തു സ്ഥലം ലഭ്യമാകുന്നത് കെഎസ്ഐഡിസിയുടെ ചേർത്തല പള്ളിപ്പുറം ഫുഡ് പാർക്കിൽ ആയിരുന്നു.

ഇതിനായി മന്ത്രിയെ കണ്ട് അപേക്ഷ നൽകി. ഏക്കറിന് 1 കോടി 37 ലക്ഷം നൽകി 4 ഏക്കർ സ്ഥലമാണു കെഎസ്ഐഡിസിയിൽ നിന്നു 30 വർഷത്തേക്കു പാട്ടത്തിനെടുക്കാൻ തീരുമാനിച്ചത്. സ്ഥലം അനുവദിച്ചുള്ള അലോട്ട്മെന്റ് ലെറ്ററും കിട്ടി. ഇനി വേണം പണമടച്ചു സ്ഥലം ഏറ്റെടുക്കാൻ. ഈ പ്രദേശം വളരെ താണിട്ടാണ്. ഇതിനാൽ മണ്ണിട്ടു നികത്തി സ്ഥലം ഒരുക്കിയെടുക്കാൻ മാത്രം 7 കോടി രൂപയോളം ചെലവിടേണ്ടി വരും. നിലവിൽ ഈ സ്ഥലത്തു മത്സ്യ സംസ്കരണ ശാല നിർമിക്കാനാണു തീരുമാനം.

∙ സാധാരണ പദ്ധതികളിൽ നിന്നു വിരുദ്ധമായി ബൂട്ട് രീതി സ്വീകരിച്ചതിനെപ്പറ്റി?

5000 കോടിയുടെ മുതൽമുടക്ക് എന്നതു ചെറിയ കാര്യമല്ല. ഇതിൽ വലിയ റിസ്ക് ഫാക്ടർ ഉണ്ട്. ഈ മുതൽമുടക്ക് തിരിച്ചു പിടിക്കുകയും അതിനു തക്ക ലാഭം ഉണ്ടാവുകയും വേണം. നിലവിലെ സാഹചര്യത്തിൽ ഇതിന് എത്രകാലം എടുക്കും എന്ന കാര്യം ഉറപ്പില്ല. അതു കൊണ്ടാണ്. ബിൽഡ്, ഓൺ, ഓപ്പറേറ്റ്, ട്രാൻസ്ഫർ രീതി അവലംബിക്കാൻ തീരുമാനിച്ചത്. 

∙ മത്സ്യബന്ധന മേഖലയിലോ യാന നിർമാണത്തിലോ ഒന്നും ഒരു മുൻപരിചയവുമില്ലാത്ത സ്ഥാപനങ്ങളുടെ കൺസോർഷ്യം ഇത്തരം പദ്ധതിയുമായി മുന്നോട്ടു വന്നതിൽ ദുരൂഹതയുണ്ടെന്ന ആരോപണം?

എന്തിനാണു മത്സ്യ ബന്ധനത്തിലോ യാന നിർമാണത്തിലോ കമ്പനിക്കു മുൻപരിചയമുണ്ടാകുന്നത്. ഞങ്ങൾ നൽകിയ കൺസെപ്റ്റ് നോട്ട് പോലും ശരിയായി പഠിക്കാതെ വിവാദമുണ്ടാക്കുന്നതിന്റെ പ്രശ്നമാണിത്. ഞങ്ങളാരും മീൻ പിടിക്കാൻ പോവുകയോ കപ്പലുണ്ടാക്കുകയോ ചെയ്യുന്നില്ലല്ലോ. കമ്പനി സമർപ്പിച്ച പദ്ധതി മത്സ്യമേഖലയിലെ അടിസ്ഥാന സൗകര്യ വികസനം മാത്രം ലക്ഷ്യമിട്ടാണ്. ഇതു കൊണ്ടു തന്നെ മത്സ്യബന്ധന മേഖലയിൽ മുൻപരിചയത്തിന്റെ ആവശ്യമില്ല.

പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും ഈ രംഗത്തു പ്രവൃത്തിപരിചയമുള്ള മത്സ്യത്തൊഴിലാളികളും മത്സ്യ സംസ്കരണ മേഖലയിലെ തൊഴിലാളികളും കുടുംബശ്രീ പോലെയുള്ള സംഘങ്ങളുടെ അംഗങ്ങളുമാണ് ചെയ്യുന്നത്. സിഫ്നെറ്റ്, സിഎംഎഫ്ആർഐ, മത്സ്യഫെഡ് എന്നിവയുടെ സഹകരണത്തോടെയാണു പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ തീരുമാനിച്ചിരുന്നത്. പദ്ധതി യാഥാർഥ്യമാക്കാൻ വേണ്ട നൂതന സംവിധാനങ്ങളും സാങ്കേതിക വിദ്യയും ലഭ്യമാക്കുകയും അതിനുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുകയും മാത്രമായിരുന്നു കമ്പനിയുടെ ധർമം. 

∙ പദ്ധതിയിലേക്ക് എങ്ങനെയാണു കെഎസ്ഐഎൻസി എത്തിയത്?

പദ്ധതി പ്രകാരം 400 പ്രോട്ടോ ടൈപ്പ് വെസലുകൾ നിർമിക്കാനായിരുന്നു പദ്ധതി. 2950 കോടി രൂപ ഇതിനായി വേണ്ടി വരുമെന്നും വിലയിരുത്തി. ഇത്തരം 20 കപ്പലുകൾക്ക് സർക്കാർ കൊച്ചി ഷിപ്‌യാഡിന് ഓർഡർ നൽകിയിരുന്നു. ഇതിൽ പത്തെണ്ണം പൂർത്തിയായെന്നാണു മനസ്സിലാക്കുന്നത്. തമിഴ്നാടിന് ഇത്തരം 20 യാനങ്ങളും കൊച്ചിയിൽ നിന്നു നൽകി. ഇത്തരത്തിൽ 400 വെസലുകൾ നിർമിക്കാൻ വേണ്ടി വരുന്ന സമയം കണക്കാക്കിയപ്പോൾ രാജ്യത്തെ എല്ലാ ഷിപ്‌യാഡുകളും ഉപയോഗപ്പെടുത്തിയാൽ മാത്രമേ ത്വരിത വേഗത്തിൽ ഇതു സാധ്യമാകൂ എന്നു മനസ്സിലായി.

ഷിപ്‌യാഡുകൾ സർക്കാർ മേഖലയിലായതിനാൽ സ്വകാര്യ കമ്പനിക്ക് ഇതിനുള്ള നടപടികൾ ഏകോപിപ്പിക്കുക എളുപ്പമല്ല എന്നും മനസ്സിലായി. അങ്ങനെയാണു സർക്കാർ ഉടമസ്ഥതയിൽ ഇതിനു കഴിയുന്ന സ്ഥാപനം ഉണ്ടോ എന്നന്വേഷിച്ചതും പൊതുമേഖലയിലുള്ള കെഎസ്ഐഎൻസിയെ കണ്ടെത്തിയതും. 

∙ ഇഎംസിസി ഗ്ലോബൽ കൺസോർഷ്യത്തിന് അനുബന്ധമായി ഇഎംസിസി ഇന്റർനാഷൽ(ഇന്ത്യ) ലിമിറ്റഡ് രൂപീകരിക്കാൻ എന്താണു കാരണം? അതും മാതാവ്, ജ്യേഷ്ഠൻ, സഹോദരി എന്നിവരെ ഡയറക്ടർമാരാക്കി?

കേരളത്തിൽ പദ്ധതി നടപ്പാക്കുന്നതിനുള്ള വിദേശകാര്യ വകുപ്പിന്റെ ക്ലിയറൻസ് എളുപ്പമാകാൻ സംസ്ഥാനത്തു തന്നെ കമ്പനി രൂപീകരിക്കുന്നതാണു നല്ലതെന്ന ഉപദേശം ലഭിച്ചതിനെത്തുടർന്നാണു ഇഎംസിസി ഇന്റർനാഷനൽ (ഇന്ത്യ) ലിമിറ്റഡ് രൂപീകരിച്ചത്. കേരളത്തിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനായി അങ്കമാലിയിൽ ഓഫിസും തുറന്നു. ഇതിൽ ദുരൂഹതയൊന്നും ഇല്ല. 2014 മുതൽ ആഗോളതലത്തിൽ സ്തുത്യർഹമായി പ്രവർത്തിക്കുന്ന കമ്പനിയാണ് ഇഎംസിസി ഗ്ലോബൽ.

∙ വൻ പദ്ധതികളുമായി സംസ്ഥാനത്തെത്തുന്ന വിദേശമലയാളികളുൾപ്പെടെയുള്ളവരുടെ പ്രധാന പരാതികളിലൊന്നാണു അനാവശ്യ കമ്മിഷനും ചുവപ്പു നാടയും. ഇത്തരത്തിൽ എന്തെങ്കിലും അനുഭവങ്ങളുണ്ടായോ?

ഇല്ല എന്നു മാത്രമല്ല, ആദ്യ ഘട്ടം മുതൽ നല്ല പിന്തുണയാണു സർക്കാരും ഉദ്യോഗസ്ഥരും തന്നതും. അതുകൊണ്ടു തന്നെയാണു രണ്ടു വർഷം കൊണ്ടു ഇത്രത്തോളം മുന്നോട്ടു പോയതും. 

∙ പദ്ധതി നടപ്പാക്കാൻ ഗ്ലോബൽ ടെൻഡർ വിളിച്ചില്ലെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണത്തെപ്പറ്റി?

ഞങ്ങളുടെ ആശയമാണ് അംഗീകാരത്തിനായി സർക്കാരിനു മുന്നിൽ സമർപ്പിച്ചതെന്നതിനാൽ അതു യാഥാർഥ്യമാക്കാൻ ഗ്ലോബൽ ടെൻഡർ വിളിക്കേണ്ട കാര്യമില്ലല്ലോ. ഞങ്ങൾ നടപ്പാക്കാനാഗ്രഹിക്കുന്ന ഒരു പദ്ധതിയെപ്പറ്റി സർക്കാരിനെ അറിയിച്ചു. പഠനറിപ്പോർട്ട് സമർപ്പിച്ചു, മുന്നോട്ടു പോയി. അതു യാഥാർഥ്യമാകുന്ന ഘട്ടത്തിലെത്തുമ്പോൾ മറ്റാരെയെങ്കിലും അതേൽപ്പിക്കണമെന്നാണോ പ്രതിപക്ഷ നേതാവു പറയുന്നത്. പദ്ധതിയിൽ അഴിമതി ഉണ്ടെന്ന് അദ്ദേഹം പല തവണ ആരോപിച്ചു കഴിഞ്ഞു. എന്നാൽ ഒരു രൂപ പോലും സർക്കാരിന്റെ കയ്യിൽ നിന്നെടുക്കേണ്ടാത്ത ഈ പദ്ധതിയിൽ എങ്ങനെയാണ് അഴിമതി നടത്തുന്നത്. സ്വന്തം ആരോപണം തെളിയിക്കാൻ അദ്ദേഹത്തെ വെല്ലുവിളിക്കുന്നു. 

English Summary: Exclusive interview with EMCC Global Consortium President Shiju Varghese

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA