ADVERTISEMENT

കോട്ടയം∙ കുന്നത്തുനാട് എംഎൽഎയും കെപിസിസി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായ വി.പി. സജീന്ദ്രൻ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മണ്ഡലം മാറി മത്സരിക്കാൻ ആലോചിക്കുന്നു. കുന്നത്തുനാട് സീറ്റിൽ ജനകീയ കൂട്ടായ്മയായ കിഴക്കമ്പലം ട്വന്റി20 സ്ഥാനാർഥിയെ നിർത്തുന്ന സാഹചര്യത്തിലാണു മണ്ഡലം മാറുന്ന കാര്യം ഗൗരവമായി ആലോചിക്കുന്നത്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുമായി ഞായറാഴ്ച കോട്ടയത്തു നടത്തിയ കൂടിക്കാഴ്ചയിൽ സജീന്ദ്രൻ മണ്ഡലം മാറി മത്സരിക്കാനുള്ള സന്നദ്ധത അറിയിച്ചു.

കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ കുന്നത്തുനാട് മണ്ഡലത്തിലെ നാല് പഞ്ചായത്തുകളിൽ യുഡിഎഫിനെയും എൽഡിഎഫിനെയും എൻഡിഎയെയും കീഴടക്കി ട്വന്റി20 ഭരണം പിടിച്ചിരുന്നു. നാലു പഞ്ചായത്തുകളിലും കോൺഗ്രസിനു ലഭിച്ച വോട്ടിൽ കാര്യമായ കുറവുണ്ടായി. കുന്നത്തുനാട് താലൂക്കിൽ ഉൾപ്പെടുന്ന വെങ്ങോല ജില്ലാ പഞ്ചായത്ത് ഡിവിഷനിലും ട്വന്റി20 സ്ഥാനാർഥിയാണു ജയിച്ചത്. കുറച്ചുകൂടി ജയസാധ്യതയുള്ള സീറ്റ് മുൻകൂട്ടി ഉറപ്പാക്കാനാണു സജീന്ദ്രന്റെ നീക്കം.

പട്ടികജാതി സംവരണ മണ്ഡലമാണു കുന്നത്തുനാട്. സംവരണ മണ്ഡലങ്ങളായ വൈക്കത്തോ മാവേലിക്കരയിലോ മത്സരിക്കാൻ സജീന്ദ്രൻ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട് എന്നാണ് അറിയുന്നത്. കോട്ടയം സ്വദേശിയായ സജീന്ദ്രൻ മുൻപു രണ്ടു തവണ നിയമസഭാ തിരഞ്ഞെടുപ്പിൽ വൈക്കത്തു സ്ഥാനാർഥിയായിട്ടുണ്ട്. എറണാകുളം ജില്ലയിൽ കുന്നത്തുനാട് ഉൾപ്പെടെ 5 സീറ്റുകളിൽ മത്സരിക്കാനാണു ട്വന്റി20യുടെ നീക്കം.

Content Highlights: Kerala Assembly Election, VP Sajeendran MLA, Kunnathunad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com