ADVERTISEMENT

ന്യൂഡൽഹി∙ കോവിഡ് വാക്സിനേഷനിൽ സ്വകാര്യമേഖലയുടെ പങ്കാളിത്തം സംബന്ധിച്ച വിവരങ്ങൾ ഏതാനും ദിവസങ്ങൾക്കുള്ളിൽ ലഭ്യമാകുമെന്ന് നിതി ആയോഗ് അംഗം ഡോ. വി.കെ.പോൾ. ആരോഗ്യപ്രവർത്തകർക്കും മുൻനിര കോവിഡ് പോരാളികൾക്കും പ്രതിരോധ കുത്തിവയ്പ് നൽകുന്നതിൽ സ്വകാര്യമേഖല പങ്കാളികളാണ്. ദിവസത്തിൽ 10,000 വാക്സിനേഷൻ സെഷനുകളിൽ 2,000 എണ്ണം സ്വകാര്യമേഖലയിലെ പങ്കാളികളാണ് നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇതുവരെ 1.07 കോടിയിലധികം വാക്സീൻ ഡോസുകൾ ആരോഗ്യപ്രവർത്തകർക്കും മുൻനിര കോവിഡ് പോരാളികൾക്കും നൽകി. 

‘വളരെ വേഗതയുള്ള ഒരു പ്രോഗ്രാമിലേക്ക് നീങ്ങുമ്പോൾ, സ്വകാര്യമേഖലയുടെ ഇടപെടൽ കൂടുതൽ ആഴമേറിയതായിത്തീരും. വിവരങ്ങൾ ഏതാനും ദിവസങ്ങൾക്കുള്ളിൽ ലഭ്യമാകും, കുറച്ച് കാത്തിരിക്കുക. കോവിഡ് പ്രതിരോധ കുത്തിവയ്പ്പിൽ സ്വകാര്യമേഖലയുടെ മുഴുവൻ പങ്കാളിത്തവും ആവശ്യമാണ്. ഇപ്പോൾ ആരോഗ്യപ്രവർത്തകർക്കും മുൻ‌നിര കോവിഡ് പോരാളികൾക്കും മാത്രമാണ് വാക്സിനേഷൻ നൽകുന്നത്. വാക്സീനുകൾ സുരക്ഷിതമാണെന്ന് കേന്ദ്രം ആവർത്തിച്ച് പറഞ്ഞിട്ടും അവരിൽ പലരും വാക്സിനേഷൻ ഒഴിവാക്കുമെന്ന ആശങ്കയുണ്ട്’– അദ്ദേഹം പറഞ്ഞു. 

വാക്സിനേഷൻ ഡ്രൈവിൽ സ്വകാര്യമേഖലയുടെ കൂടുതൽ പങ്കാളിത്തം അനുവദിക്കണമെന്ന് കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി (സിഐഐ) അടുത്തിടെ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. 

ഇന്ത്യയിൽ അടിയന്തര ഉപയോഗത്തിനായി റഷ്യൻ നിർമിത വാക്സീൻ സ്പുട്നിക് അപേക്ഷിച്ചതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലാൻസെറ്റ് മെഡിക്കൽ ജേണൽ സമഗ്രമായി അവലോകനം ചെയ്ത സ്പുട്നിക് വാക്സീൻ ഇന്ത്യയിൽ പരീക്ഷണത്തിലാണ്. 36,000 പേരിലാണ് സ്പുട്നിക്കിന്റെ പരീക്ഷണം നടന്നത്. അതിൽ 33,000 പേർ റഷ്യൻ പൗരന്മാരാണ്. കൂടാതെ, ഇന്ത്യയിലും യുഎഇയിലും ബ്രിഡ്ജിങ് പഠനങ്ങൾ നടക്കുന്നു. ഇന്ത്യയിൽ 1,600 പേരിൽ പരീക്ഷണം നടക്കുന്നു. നിലവിൽ സീറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ കോവിഷീൽഡ്, ഭാരത് ബയോടെക്കിന്റെ കോവാക്സീൻ എന്നിവയാണ് ആരോഗ്യ പ്രവർത്തകർക്കും മുൻ‌നിര കോവിഡ് പോരാളികൾക്കും നൽകുന്നത്.

English Summary: Bigger Private Sector Role In Covid Vaccination Soon: NITI Aayog Member

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com