ADVERTISEMENT

ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ നയിക്കുന്ന ‘വിജയയാത്ര’ കാസർകോട്ടുനിന്ന് ഞായറാഴ്ച തുടങ്ങിയപ്പോൾ‌ പ്രധാനമന്ത്രി നരേന്ദ്രമോദി നൽകിയ നിർദേശമായിരുന്നിരിക്കണം നേതാക്കളുടെ മനസ്സിലുണ്ടായിരുന്നത്. ജനവിശ്വാസമാർജിക്കാൻ പാർട്ടിയിൽ ഐക്യം വേണമെന്നും സീറ്റുകൾ വർധിപ്പിക്കണമെന്നുമായിരുന്നു ആ നിർദേശം. കേന്ദ്രത്തിൽ അധികാരത്തിലെത്തിയ നാൾ മുതൽ കേരളത്തിൽ നേട്ടമുണ്ടാക്കാനുള്ള ശ്രമത്തിലാണ് ബിജെപി.

ത്രിപുരയിൽ നീണ്ട നാളത്തെ ഇടതുഭരണം അവസാനിപ്പിച്ച് അധികാരത്തിലെത്തിയപ്പോൾ ആത്മവിശ്വാസം വർധിച്ചെങ്കിലും കേരളത്തിലെ വിജയം ഒ.രാജഗോപാലിന്റെ ഒറ്റ സീറ്റിലൊതുങ്ങി നിൽക്കുന്നു. സംസ്ഥാന പ്രസിഡന്റുമാരെ മാറ്റിയും ശബരിമല വിഷയത്തിൽ പ്രക്ഷോഭങ്ങൾക്കു നേതൃത്വം കൊടുത്തും വിവിധ പരീക്ഷണങ്ങൾ നടത്തിയെങ്കിലും കാര്യമായ നേട്ടമുണ്ടാക്കാനാകുന്നില്ലെന്ന അതൃപ്തി കേന്ദ്ര നേതൃത്വത്തിനുണ്ട്. ഈ സാഹചര്യത്തിൽ വിജയത്തിന്റെ മാറ്റുകൂട്ടേണ്ടത് സംസ്ഥാന നേതൃത്വത്തിന് അനിവാര്യം.

കേരളത്തിൽ ബിജെപി രൂപീകരിച്ചിട്ട് ഏപ്രിലിൽ 40 വർഷം പൂർത്തിയാകും. 1980 ഏപ്രിൽ 6 ന് എൽ.കെ.അദ്വാനിയുടെ നേതൃത്വത്തിൽ എറണാകുളത്തു നടന്ന യോഗത്തിലാണ് സംസ്ഥാന പ്രസിഡന്റായി ഒ.രാജഗോപാലിനെയും ജന.സെക്രട്ടറിമാരായി കെ.ജി.മാരാരെയും രാമൻപിള്ളയെയും തിരഞ്ഞെടുത്തത്. 

1200-bjp-k-surendran
വിജയയാത്ര രണ്ടാം ദിനം കാസർകോടിൽ നിന്ന് ആരംഭിക്കുന്നു∙ twitter.com/BJP4Keralam

മുൻ ജനസംഘം പ്രവർത്തകർ ജനതാപാർട്ടിയിൽനിന്നു വേർപിരിഞ്ഞ് ഭാരതീയ ജനതാപാർട്ടി രൂപീകരിക്കാൻ തീരുമാനിച്ച സമ്മേളനത്തിൽ പങ്കെടുത്ത ഒ.രാജഗോപാലിനോട്, 10 ദിവസത്തിനകം കേരളത്തിൽ സംഘടന കെട്ടിപ്പടുക്കാനായിരുന്നു കേന്ദ്ര നേതാക്കളുടെ നിർദേശം. ജനതാപാർട്ടിയുടെ ജനറൽ സെക്രട്ടറിയും ജനസംഘത്തിന്റെ സംസ്ഥാന സെക്രട്ടറിയുമായിരുന്നു രാജഗോപാൽ. 

ശ്യാമപ്രസാദ് മുഖർജി അധ്യക്ഷനും ദീൻദയാൽ ഉപാധ്യായ ജന.സെക്രട്ടറിയുമായി 1951 ഒക്ടോബർ 21ന് ആണ് ജനസംഘം രൂപീകരിക്കുന്നത്. അടൽ ബിഹാരി വാജ്പേയി ആയിരുന്നു സെക്രട്ടറി. അടിയന്തരാവസ്ഥക്കാലത്ത് ജയപ്രകാശ് നാരായണന്റെ നിർദേശ പ്രകാരം ജനസംഘം ഉൾപ്പെടെ 4 പാർട്ടികൾ ഒന്നിച്ചു ജനതാപാർട്ടിയായി. ജനതാപാർട്ടിയിൽ പ്രവർത്തിക്കുന്നവർ ആർഎസ്എസിലും പ്രവർത്തിക്കുന്നുവെന്ന ‘ഇരട്ട അംഗത്വ’ തർക്കമാണ് 1980 ൽ ബിജെപിയുടെ രൂപീകരണത്തിന് ഇടയാക്കിയത്.

ജനതാപാർട്ടിയിൽനിന്നു വേർപിരിഞ്ഞ മുൻ ജനസംഘം പ്രവർത്തകരുടെ ദ്വിദിന ദേശീയ സമ്മേളനം പുതിയ പാര്‍ട്ടി രൂപീകരിക്കാൻ തീരുമാനിച്ചു. എ.ബി. വാജ്പേയി ഭാരതീയ ജനതാ പാർട്ടി പ്രസിഡന്റായി.  ജനതാപാർട്ടിയും ആർഎസ്എസും തമ്മിലുള്ള ബന്ധം വിച്ഛേദിച്ചുകൊണ്ട് ജനതാപാർട്ടി നാഷനൽ എക്സിക്യൂട്ടിവ് കൈക്കൊണ്ട തീരുമാനത്തെ കൺവൻഷൻ അപലപിച്ചു. പാർട്ടി രൂപീകരണ യോഗത്തിൽ എം.സി. ചഗ്ല പറഞ്ഞു: ‘ഈ പാർട്ടിയിൽനിന്ന് പ്രധാനമന്ത്രിയുണ്ടാകും.’ പുതുതായി രൂപം കൊണ്ട ഭാരതീയ ജനതാപാർട്ടിയുടെ കേരളത്തിലെ കൺവീനറായി ഒ.രാജഗോപാലിനെ വാജ്പേയി നിയമിച്ചു. 

1200-k-surendran-state-president
ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ

ബിജെപി രൂപീകരിക്കപ്പെട്ടതിനുശേഷം നടന്ന 1982ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ ചുരുക്കം സീറ്റുകളിലാണ് പാർട്ടി മത്സരിച്ചത്. കാസർകോട്, കണ്ണൂർ, പാലക്കാട് ജില്ലകളിലാണ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചത്. കാസർകോട് ജില്ലയിൽ ബിജെപി സ്ഥാനാർഥികൾ 15,000 വോട്ടോളം നേടി. പാലക്കാട്ട് മത്സരിച്ച ഒ.രാജഗോപാലിന് 9554 വോട്ടുകൾ ലഭിച്ചു. 

തോറ്റിട്ടും ബിജെപി സ്ഥാനാർഥി ‘നിയമസഭയിലെത്തിയ’ ചരിത്രവുമുണ്ട്. ആ കഥ മാധ്യമപ്രവർത്തകനായ കെ.കുഞ്ഞിക്കണ്ണൻ പറയുന്നതിങ്ങനെ: 1987 ലെ തിരഞ്ഞെടുപ്പിൽ പി.ഭാസ്കരനാണ് കോൺഗ്രസ് ഐ സ്ഥാനാർഥിയായി കണ്ണൂരിൽ വിജയിച്ചത്. ബിജെപി സ്ഥാനാർഥിയായി മത്സരിച്ച കെ.കുഞ്ഞിക്കണ്ണന് 7330 വോട്ടുകൾ ലഭിച്ചു. വിജയിച്ച പി.ഭാസ്കരനും തോറ്റ കുഞ്ഞിക്കണ്ണനും തലസ്ഥാനത്തേക്കു യാത്ര തിരിച്ചത് കണ്ണൂർ ഡീലക്സ് ബസിലാണ്. പഴയ അസംബ്ലി മന്ദിരത്തിലെത്തിയപ്പോൾ ഭാസ്കരൻ എംഎൽഎ സീറ്റിലും കുഞ്ഞിക്കണ്ണൻ തൊട്ടുപുറകിലുള്ള മാധ്യമപ്രവർത്തകരുടെ സീറ്റിലേക്കുമിരുന്നു. ‘കുഞ്ഞിക്കണ്ണനും സഭയിലെത്തി’യെന്ന പ്രയോഗത്തിന് അതോടെ തുടക്കമായി. 

ബിജെപിക്ക് 2011 വരെ വോട്ടുനിലയിൽ കാര്യമായ മുന്നേറ്റമുണ്ടായില്ല. 2011ൽ 138 സീറ്റുകളിൽ മത്സരിച്ചെങ്കിലും മൂന്നിടങ്ങളിലാണ് കെട്ടിവച്ച കാശ് തിരികെ ലഭിച്ചത്. 2014 ൽ കേന്ദ്രത്തിൽ ബിജെപി അധികാരത്തിലെത്തിയതോടെ പാർട്ടിയുടെ പ്രതീക്ഷകളും വർധിച്ചു. 2011 ൽ 138 സീറ്റുകളിൽ മൽസരിച്ചപ്പോൾ നേടിയ വോട്ട്: 10,53,654. വോട്ട് ശതമാനം: 6.03%. 2016 ൽ 98 സീറ്റുകളിൽ മത്സരിച്ചു. നേടിയ വോട്ട്: 21,29,726. വോട്ട് ശതമാനം: 10.53%. ഏഴിടങ്ങളിൽ പാർട്ടി രണ്ടാമതെത്തി. നേമത്ത് വിജയിച്ചു. മഞ്ചേശ്വരത്ത് കെ.സുരേന്ദ്രൻ 89 വോട്ടിനു പരാജയപ്പെട്ടു. 

1200-kerala-bjp-vijay-yathra
വിജയയാത്രയുടെ ഉദ്ഘാടന ദിനത്തിൽ കാസർകോട് എത്തിയ ജനാവലി∙ twitter.com/BJP4Keralam

ഈ വർഷം നടക്കുന്ന തിരഞ്ഞെടുപ്പിനു മുന്നോടിയായി മെട്രോമാൻ ഇ. ശ്രീധരൻ പാർട്ടിയിലേക്കു വന്നത് നേട്ടമാകുമെന്നു നേതൃത്വം അഭിപ്രായപ്പെടുന്നു. കൂടുതൽ പ്രമുഖർ പാര്‍ട്ടിയിലേക്കു വരുമെന്നും പ്രതീക്ഷിക്കുന്നു. എം.സി. ചഗ്ല ബിജെപി രൂപീകരണ യോഗത്തിൽ പറഞ്ഞതുപോലെ, നാളെ കേരളത്തിൽ ബിജെപി മുഖ്യമന്ത്രിയുണ്ടാകുമെന്ന് കേന്ദ്ര നേതൃത്വവും സംസ്ഥാന നേതൃത്വവും പറയുന്നുണ്ട്. അതിന്റെ ഫലമെന്തായാലും അറിയാൻ കാലതാമസമുണ്ടാകില്ല.

English Summary: BJP'S Big Kerala Push: Kerala Vote Charitham Part 5

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com