അഞ്ച് സിപിഎം മന്ത്രിമാർ മൽസരിക്കില്ല; എം.എ.ബേബി വീണ്ടും മൽസരിച്ചേക്കും

HIGHLIGHTS
  • പി.ജയരാജൻ, മുഹമ്മദ് റിയാസ്, എ.എ.റഹീം സ്ഥാനാർഥികളാകും
ma-baby
എം.എ. ബേബി
SHARE

തിരുവനന്തപുരം ∙ സിപിഎമ്മിന്റെ പ്രമുഖരായ അഞ്ചു മന്ത്രിമാർ നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടതില്ലെന്നു ധാരണ. എ.കെ.ബാലൻ, ഇ.പി.ജയരാജൻ, തോമസ് ഐസക്, ജി.സുധാകരൻ, ടി.പി.രാമകൃഷ്ണൻ എന്നിവരാണു മത്സരത്തിൽ നിന്നു മാറുന്നത്. ഇവരിൽ ഐസക് ഉൾപ്പെടെയുള്ളവർ മത്സരത്തിൽ നിന്നു മാറിനിന്നാൽ മണ്ഡലം സംരക്ഷിക്കാനാകുമോയെന്നു വിലയിരുത്തും. മുൻ സിപിഎം എംപി കെ.എസ്.മനോജിനെ കോൺഗ്രസ് ആലപ്പുഴയിൽ മത്സരിപ്പിച്ചാലുള്ള സാഹചര്യവും സിപിഎം നേതൃത്വം പരിശോധിക്കുന്നുണ്ട്.

എം.എ.ബേബി വീണ്ടും മത്സരിച്ചേക്കും. മുൻ മണ്ഡലമായ കുണ്ടറയിൽ മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ തുടരാൻ സാധ്യതയുള്ളതിനാൽ ബേബിക്കുവേണ്ടി പുതിയ മണ്ഡലം കണ്ടെത്തേണ്ടിവരും. ബേബിക്ക് രാജ്യസഭ സീറ്റ് നൽകാത്തതും പാർട്ടിയിൽ ചർച്ചയായിരുന്നു. കെ.സോമപ്രസാദും എളമരം കരീമും രാജ്യസഭയിലേക്കു പോയപ്പോൾ ബേബിയുടെ അവസരമാണു നഷ്ടമായതെന്ന വാദമുണ്ട്. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുമായി അടുപ്പമുള്ള ബേബിയെ മത്സരിപ്പിക്കുന്നതിലൂടെ ദേശീയ നേതൃത്വവുമായി കൂടുതൽ ഐക്യപ്പെടാനാണു പിണറായി വിജയൻ ആഗ്രഹിക്കുന്നത്.

വി.എസ്.അച്യുതാനന്ദൻ ഒഴിയുന്ന സാഹചര്യത്തിൽ മലമ്പുഴയിൽ മത്സരിക്കാൻ സംസ്ഥാന ആക്ടിങ് സെക്രട്ടറി എ.വിജയരാഘവനു താൽപര്യം ഉണ്ടായിരുന്നു. എന്നാൽ എൽഡിഎഫ് കൺവീനർ കൂടിയായ വിജയരാഘവനും പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണനും പ്രചാരണത്തിൽ കേന്ദ്രീകരിക്കും. യുഡിഎഫിനെതിരായ വിജയരാഘവന്റെ ആക്രമണങ്ങൾ തിരിഞ്ഞു കുത്തിയതു സിപിഎമ്മിന്റെ അണികൾക്കിടയിൽ അസ്വാരസ്യം സൃഷ്ടിച്ചിട്ടുണ്ട്. അതിനാലാണു കഴിഞ്ഞദിവസം ഇ.ശ്രീധരൻ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ പുകഴ്ത്തിയപ്പോൾ കോടിയേരിക്കൊണ്ട് അതിനു മറുപടി പറയിച്ചത്.

മലമ്പുഴയിൽ സ്ഥാനാർഥിയാകാനുള്ള മുൻ എംപി എൻ.എൻ.കൃഷ്ണദാസിന്റെ ആഗ്രഹം സഫലമാകാനാണു സാധ്യത. കണ്ണൂരിൽ അണികൾക്കിടയിൽ സ്വാധീനമുള്ള പി.ജയരാജനെ മാറ്റിനിർത്തുന്നുവെന്ന വികാരം പൊതുവേ ശക്തമാണ്. അതിനാൽ അദ്ദേഹത്തെ മത്സരരംഗത്തിറക്കും. ഡിവൈഎഫ്ഐ ദേശീയ പ്രസിഡന്റും മുഖ്യമന്ത്രി പിണറായി വിജയന്റെ മകളുടെ ഭർത്താവുമായ മുഹമ്മദ് റിയാസും സംസ്ഥാന പ്രസിഡന്റ് എ.എ.റഹീമും മത്സരത്തിനുണ്ടാകും.

English Summary: Five CPM ministers not to contest in Kerala Assembly Elections 2021

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA