ADVERTISEMENT

പച്ചസാരിയുമുടുത്തു അമ്മയുടേതു പോലുള്ള മേക്കോവറുമായി ശശികല കൈകൂപ്പാൻ തയ്യാറെടുത്തു നിന്നപ്പോഴാണ് ഒ.പനീർ സെൽവം എന്ന കാവൽ മുഖ്യമന്ത്രി അന്ന് അമ്മ സമാധിയിൽ ഒരു ധ്യാനമങ്ങിരുന്നത്. 

2017 ഫെബ്രുവരി 7, രാത്രി ഒൻപത്:

നേതാക്കളുടെ അകമ്പടിയില്ലാതെ, സുരക്ഷാ ഉദ്യോഗസ്ഥരുമായി പനീർ സെൽവം മറീന ബീച്ചിലെ ജയലളിത സമാധിയിലെത്തി. കണ്ണടച്ചു ധ്യാനം. അരമണിക്കൂറോളം പിന്നിട്ടു. സമയമേറുന്തോറും സമൂഹമാധ്യമങ്ങളിലൂടെയുൾപ്പെടെ വാർത്ത അതിവേഗം പ്രചരിച്ചു. മാധ്യമങ്ങൾ തിക്കിതിരക്കി. 

40 മിനിറ്റോളം നീണ്ട ധ്യാനത്തിനു ശേഷമാണ് അദ്ദേഹം കണ്ണു തുറന്നത്. ഇരുന്നിടത്തുനിന്ന് എഴുന്നേറ്റ് കണ്ണുതുടച്ചു. സാഷ്ടാംഗം പ്രണമിച്ചു. തീരുമാനിച്ചുറപ്പിച്ചതുപോലെ തലകുടഞ്ഞു ചാനൽ മൈക്കുകളുടെ മുന്നിലേക്ക്. ‘‘ചില സത്യങ്ങൾ വെളിപ്പെടുത്താനുണ്ട്’’ - ഡയലോഗിന്റെ തുടക്കംതന്നെ ഞെ‌ട്ടിച്ചു. തുടർന്നു നടത്തിയ ഓരോ വെളിപ്പടുത്തലുകളും വിസ്ഫോടനങ്ങൾ സൃഷ്ടിച്ചു. അധികാരമേൽക്കാന്‍ കാത്തിരുന്ന ശശികലയുടെ അടിവേരിളക്കിയ വികാര പ്രകടനം. 

1200-vk-sasikala-tamil-nadu
വി.കെ.ശശികല (ഫയൽ ചിത്രം)

വർഷങ്ങൾക്കിപ്പുറം അമ്മയുടേതുപോലുള്ള കാറിൽ, അതേപോലെ ലൈറ്റിട്ടു മുൻവശത്തിരുന്നു. ആരാധക വൃന്ദങ്ങളുടെ ആര്‍പ്പു വിളിയോടെ തോഴി തിരിച്ചെത്തിയിരിക്കുന്നു. ജയ സ്മാരകം ശൂന്യമാണ്, പൊതുജനങ്ങൾക്കു പ്രവേശനം വിലക്കിയിരിക്കുന്നു. എന്നാല്‍ ജയലളിതയുടെ ജന്മദിനമായ ഫെബ്രുവരി 24 നു തുറന്നേക്കും, ശശികല അവിടേക്കെത്തിയാൽ തമിഴ്നാട് രാഷ്‌ട്രീയത്തിൽ സുപ്രധാന കോളിളക്കങ്ങളിൽ ഒന്നായിരിക്കും  ആ സന്ദർശനം സൃഷ്ടിക്കുക. അണ്ണാഡിഎംകെ മുൻ ജനറൽ സെക്രട്ടറി വി.കെ. ശശികല ജയിൽമോചിതയായതിനു പിന്നാലെ മറീനയിലെ ജയലളിത സ്മാരകം സർക്കാർ അടച്ചിരുന്നു. 

ശശികല സ്മാരകം സന്ദർശിക്കുമെന്നും വികാരഭരിതമായ മുഹൂര്‍ത്തം സൃഷ്ടിച്ചു ശ്രദ്ധാകേന്ദ്രമാകുമെന്നും ഒപിഎസ്– ഇപിഎസ് ക്യാംപ് കരുതുന്നു. അമ്മയുടെ പ്രതിച്ഛായയാണ് നിലവിൽ അണ്ണാ ഡിഎംകെയുടെ  മേൽകോയ്മ, അതുവച്ചു മറ്റാരും മുതലെടുക്കുന്നത് അനുവദിക്കാൻ അവര്‍ക്കു കഴിയില്ല.  അതിനാൽത്തന്നെ സംസ്ഥാനത്തുടനീളം പൊതുപരിപാടികൾ നടത്താനും അണികളോടെല്ലാം പാർട്ടിയെ സംരക്ഷിക്കുമെന്ന പ്രതി‍ജ്ഞ ചൊല്ലാൻ നേതാക്കൾ ആവശ്യപ്പെട്ടു കഴിഞ്ഞു.  

മാത്രമല്ല ജന്മദിവസത്തിൽ 123 വിവാഹങ്ങളും നടത്താൻ പദ്ധതിയുണ്ട്. ജന്മദിനമായ 24 നു സംസ്ഥാനത്തുടനീളം പൊതുപരിപാടികൾ സംഘടിപ്പിക്കാൻ ഇരുപാർട്ടികളും അണികൾക്കു നിർദേശം നൽകിരിക്കുകയാണ്.

VK-Sasikala
വി.കെ.ശശികല (ഫയൽ ചിത്രം)

രാജമാത ചിന്നമ്മ

കാറിനു മുന്നിൽ പാറിക്കളിക്കുന്ന അണ്ണാഡിഎംകെ പതാക, നൂറിലധികം വാഹനങ്ങളുടെ അകമ്പടി, ആരാധകരുടെ വാഴ്ക വിളി, പുഷ്പവൃഷ്ടി... തിരൈപടത്തെ ഓർമിപ്പിക്കുന്ന ഗ്രാൻഡ് എൻട്രിയാണ് തമിഴ്നാട് രാഷ്ടീയത്തിലേക്കു ചിന്നമ്മ എന്ന വി.കെ. ശശികല അടുത്തിടെ നടത്തിയത്. ബെംഗളുരുവിൽ നാലു വർഷത്തെ ജയിൽ ശിക്ഷയും രണ്ടാഴ്ചത്തെ കോവിഡ് ചികിത്സയും കഴിഞ്ഞായിരുന്നു അണ്ണാഡിഎംകെ മുൻ ജനറൽ സെക്രട്ടറിയുടെ തമിഴ്നാട് റിലീസ്. 

ശശികലയെ ‘രാജ മാതാ’ ആയി വിശേഷിപ്പിക്കുന്ന പോസ്റ്ററുകൾ ചെന്നൈയിൽ നിറച്ചു ഏവരും ശ്രദ്ധിക്കുന്ന രീതിയിൽ ഓപ്പണിങ് കളക്‌ഷൻ നേടിക്കഴിഞ്ഞു. എന്നാൽ രാഷ്ട്രീയാന്തരീക്ഷം മാറിയ തമിഴ്നാട്ടിൽ ശശികലയുടെ സ്ഥാനം എവിടെയായിരിക്കുമെന്നാണ് ഏവരും ഉറ്റു നോക്കുന്നത്.

ജയലളിതയുടെ മരണ ശേഷം, പാർട്ടി ജനറൽ കൗൺസിൽ യോഗം ഒറ്റക്കെട്ടായാണു തോഴി ശശികലയെ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുത്തത്. പിന്നീട് ഒപിഎസ് കലാപക്കൊടി ഉയർത്തി. എടപ്പാടി മുഖ്യമന്ത്രിയായി. ശശികല ജയിലിലുമായി. 2017 സെപ്റ്റംബറിൽ വിളിച്ചു ചേർത്ത ജനറൽ കൗൺസിൽ യോഗം ശശികലയെ ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്നു നീക്കി. ജനറൽ സെക്രട്ടറി പദവി ജയലളിതയ്ക്കുള്ള ആദരമായി നീക്കിവച്ചു.

അണ്ണാഡിഎംകെയിൽ നിന്നു പുറത്താക്കപ്പെട്ട ടി.ടി.വി.ദിനകരൻ അമ്മ മക്കൾ മുന്നേറ്റ കഴകം എന്ന പാർട്ടി രൂപീകരിച്ചപ്പോൾ  അതിന്റെ ജനറൽ സെക്രട്ടറി വി.കെ.ശശികലയായിരുന്നു. എന്നാൽ ദിനകരൻ തന്നെ ജനറൽ സെക്രട്ടറി സ്ഥാനം ഏറ്റെടുത്തു.  ലോക്സഭാ തിര‍ഞ്ഞെടുപ്പിലും ഇടക്കാല തിരഞ്ഞെടുപ്പുകളിലും അവകാശവാദമുയർത്തിയതുപോലൊരു നേട്ടമുണ്ടാക്കാനാവാതെ അമ്മ മക്കൾ മുന്നേറ്റ കഴകം തകർന്നടിഞ്ഞു.

PTI5_19_2016_000158B
ജയലളിത (ഫയൽ ചിത്രം)

ജയ സമാധിയിൽ കൈകൊണ്ടടിച്ചു ചെയ്ത ശപഥം

‘‘മുഖ്യമന്ത്രിയായി ചുമതലയേറ്റിട്ട് മറീനയിലെ അക്കയുടെ സ്മാരകത്തിൽ വരും. എല്ലാവർക്കുമൊപ്പം ഫോട്ടോയെടുക്കും.’’ – ശിക്ഷ ഏറ്റുവാങ്ങാനായി പോകുന്നതിനു മുൻപ്  ചെന്നൈ മറീനയിലെ ജയ സമാധി സന്ദർശിച്ചു ശശികല  ശപഥം ചെയ്തതിങ്ങനെ. എന്നാൽ ആറു വര്‍ഷത്തേക്കു തിരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നതു വിലക്കിയതു ശശികലയ്ക്കു തിരിച്ചടിയായി. എന്നാൽ അധികാരകേന്ദ്രമായ പാർട്ടി ജനറൽ സെക്രട്ടറി സ്ഥാനം പിടിച്ചെടുത്താൽ ഇന്നല്ലെങ്കിൽ നാളെ ശശികലയുടെ ആഗ്രഹം സാധിക്കും.

എന്നാൽ പാർട്ടിയും സർക്കാരും പളനിസാമി– പനീർസെൽവം ഇരട്ട നേതൃത്വത്തിന്റെ പിടിയിലാണ്. മുഖ്യമന്ത്രി എടപ്പാടി കെ. പളനിസാമിയുൾപ്പെടെ അണ്ണാഡിഎംകെ മന്ത്രിസഭയിലെ ഭൂരിഭാഗം പേരെയും കൈപിടിച്ചുയർത്തിയതു ശശികലയാണെന്നതിനാൽ ആ കൂറ് അവർ കാണിച്ചേക്കാനിടയുണ്ടെന്നു പലരും കരുതുന്നു. ഒത്തുതീർപ്പിനില്ലെന്ന ഉറച്ച നിലപാട് അണ്ണാഡിഎംകെ ഔദ്യോഗികപക്ഷം മയപ്പെടുത്തിയേക്കാമെന്നും ചില രാഷ്ട്രീയ നിരീക്ഷകർ കരുതുന്നു. ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്നു നീക്കം ചെയ്ത ജനറൽ കൗൺസിൽ യോഗം റദ്ദാക്കണമെന്നാവശ്യപ്പെട്ടു ശശികല നൽകിയ ഹർജിയും കോടതി പരിഗണനയിലാണ്.‌

English Summary: EPS-OPS vs Sasikala: The battle for Jaya Legacy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com