ADVERTISEMENT

അഹമ്മദാബാദ്∙ ഗുജറാത്തിലെ ആറ് മുനിസിപ്പൽ കോർപറേഷനുകളിലും ബിജെപി അധികാരം നിലനിർത്തുമെന്ന് ഉറപ്പായി. ആദ്യമായി മത്സരിച്ച ആം ആദ്മി പാർട്ടി (എഎപി) 27 സീറ്റുകൾ നേടി. എല്ലാം സൂറത്ത് മുനിസിപ്പൽ കോർപറേഷനിൽ. നഗരത്തിലെ 120 സീറ്റുകളിൽ ഒരെണ്ണം പോലും കോൺഗ്രസിന് ലഭിച്ചില്ല. അഹമ്മദാബാദ് മുനിസിപ്പൽ കോർപറേഷനിൽ 21 സീറ്റുകളിലേക്ക് മത്സരിച്ച അഖിലേന്ത്യാ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ (എഐഎംഐഎം) ഏഴ് സീറ്റുകളിൽ ജയിച്ചു. 

അഹമ്മദാബാദ്, സൂറത്ത്, വഡോദര, രാജ്കോട്ട്, ജാംനഗർ, ഭാവ് നഗർ എന്നീ മുനിസിപ്പൽ കോർപറേഷനുകളിലെ 144 വാർഡുകളിലെ 575 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. ഫെബ്രുവരി 21നായിരുന്നു തിരഞ്ഞെടുപ്പ്. ആം ആദ്മിയും എഐഎംഐഎമ്മും ആദ്യമായാണ് മത്സരിച്ചത്. ആറിടങ്ങളിലും കോൺഗ്രസിന് സീറ്റുകൾ കുറഞ്ഞു. സൂറത്തിൽ ആം ആദ്മി പാർട്ടി പ്രധാന പ്രതിപക്ഷമായി. ചൊവ്വാഴ്ച രാത്രി 7 മണിവരെയുള്ള കണക്കനുസരിച്ച 575 സീറ്റുകളിൽ 463 എണ്ണം ബിജെപി നേടി. കോൺഗ്രസ് 44, ആം ആദ്മി 27. ബഹുജൻ സമാജ് പാർട്ടി 3.

ആറ് മുനിസിപ്പൽ കോർപറേഷനുകളിൽ ശരാശരി 46 ശതമാനം വോട്ടിങ് രേഖപ്പെടുത്തിയിരുന്നു. ജാംനഗറിലാണ് പരമാവധി പോളിങ് രേഖപ്പെടുത്തിയത്. 53.38 ശതമാനം. ഏറ്റവും കുറഞ്ഞ പോളിങ് അഹമ്മദാബാദിലായിരുന്നു, 42.51 ശതമാനം.

ബിജെപിയുടെ വികസനത്തിന്റെയും പുരോഗതിയുടെയും പ്രതീകമായ വിശ്വാസം പുനഃസ്ഥാപിച്ചതിന് കേന്ദ്രമന്ത്രി അമിത് ഷാ ഗുജറാത്തിലെ ജനങ്ങളെ അഭിനന്ദിച്ചു. ആം ആദ്മിയുടെ വിജയത്തിനു പിന്നാലെ, ഗുജറാത്തിലെ ജനങ്ങൾക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളറിയിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളും ട്വീറ്റ് ചെയ്തു.

2015ൽ അഹമ്മദാബാദ് മുനിസിപ്പൽ കോർപറേഷന്റെ (എഎംസി) 192 സീറ്റുകളിൽ 142 എണ്ണം ബിജെപി നേടിയിരുന്നു. 49 സീറ്റുകൾ കോൺഗ്രസ് നേടി. സൂറത്തിൽ 116 ൽ 80 സീറ്റ് ബിജെപി നേടി. കോൺഗ്രസ് 22. 36 സീറ്റുകളുമായി കോൺഗ്രസായിരുന്നു പ്രതിപക്ഷത്ത്. വഡോദരയിൽ 76 സീറ്റുകളിൽ ബിജെപി 58 സീറ്റുകളും കോൺഗ്രസ് 14 സീറ്റുകളും നേടി.

രാജ്കോട്ടിൽ 72 സീറ്റുകളിൽ 34 ലും ബിജെപി വിജയിച്ചു. ജാംനഗർ മുനിസിപ്പൽ കോർപറേഷനിൽ മൊത്തം 64 സീറ്റുകളിൽ 38 സീറ്റുകളുമായി ബിജെപിക്ക് അധികാരം ലഭിച്ചു. കോൺഗ്രസിന് രണ്ട് സീറ്റുകൾ ലഭിച്ചു. ഭാവ് നഗർ മുനിസിപ്പൽ കോർപറേഷനിലും മൊത്തം 52 സീറ്റുകളിൽ 34 എണ്ണത്തിലും ബിജെപിക്ക് അധികാരം ലഭിച്ചു. കോൺഗ്രസിന് 18 സീറ്റ് ലഭിച്ചു.

English Summary: Gujarat civic polls: AAP shines in Surat, AIMIM toehold in Ahmedabad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com