കണ്ണൂർ∙ പാര്‍ട്ടി പറഞ്ഞാല്‍ അഴീക്കോട് തന്നെ മത്സരിക്കുമെന്ന് കെ.എം ഷാജി എംഎല്‍എ. ജയിക്കുമെന്ന ഉറച്ച വിശ്വാസമുണ്ട്. യുഡിഎഫിന്‍റെ ഭദ്രമായ സീറ്റുകളിലൊന്നാണ് അഴീക്കോട്. മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും വിമര്‍ശിച്ചതിന് തന്നെ വേട്ടയാടുകയാണ്. പ്ലസ് ടു കോഴ ആരോപണം തെളിയിക്കാന്‍ വെല്ലുവിളിക്കുന്നു. പരിഹാസ്യമായ ആരോപണമായി മാത്രമേ അതിനെ കാണുന്നുള്ളുവെന്നും തെറ്റ് ചെയ്തിട്ടില്ലെന്നും കെ.എം ഷാജി മനോരമ ന്യൂസിനോട് പറഞ്ഞു.
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ശ്രദ്ധേയമായ മത്സരം നടന്ന മണ്ഡലമാണ് കണ്ണൂരിലെ അഴീക്കോട്. ഇടതുപക്ഷത്തിന്‍റെ ശക്തികേന്ദ്രമെന്ന് വിശേഷിപ്പിച്ചിരുന്ന അഴീക്കോട് മണ്ഡലം കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പുകളിലും യുഡിഎഫിനൊപ്പം നിന്നു. പ്ലസ് ടു കോഴ ആരോപണം നിലനില്‍ക്കെ കെ.എം. ഷാജി മത്സരരംഗത്തു നിന്ന് വിട്ടുനിൽക്കണമെന്നും ജില്ലയില്‍ നിന്നുള്ള ആള്‍ തന്നെ സ്ഥാനാര്‍ഥിയാകണമെന്നും ലീഗിലെ ഒരു വിഭാഗം ആവശ്യപ്പെടുന്നതിനിടെയാണ് മത്സര സന്നദ്ധത അറിയിച്ച് കെ.എം. ഷാജി രംഗത്തെത്തിയത്.
English Summary: IUML MLA KM Shaji to contest in Azhikode Constituency