ADVERTISEMENT

ബെംഗളൂരു∙ കർണാടകയിലെ ചിക്കബല്ലാപൂർ ജില്ലയിലെ ക്വാറിയിൽ ഉണ്ടായ സ്ഫോടനത്തിൽ ആറ് മരണം. ഇന്ന് പുലർച്ചെ ക്വാറിയിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന ജലാറ്റിന്‍ സ്റ്റിക്കുകൾ പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായതെന്ന് അധികൃതർ അറിയിച്ചു. അപകടത്തിൽ പരുക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. 

അനിയന്ത്രിതമായ തോതില്‍ ജലാറ്റിന്‍ സ്റ്റിക്കുകള്‍ ഉപയോഗിക്കുന്നുവെന്ന പ്രദേശവാസികളുടെ പരാതിയെ തുടർന്ന് ഫെബ്രുവരി ഏഴിന് അധികൃതർ ഈ ക്വാറിയുടെ പ്രവർത്തനം വിലക്കിയിരുന്നു. ജലാറ്റിന്‍ സ്റ്റിക്കുകളുടെ ഉപയോഗത്തിൽ നിയന്ത്രണം വേണമെന്ന് പലവട്ടം താക്കീത് നൽകിയിരുന്നതായും ജില്ലാ ഭരണകൂടം അറിയിച്ചു.

സ്ഫോടനത്തിനു ഉപയോഗിക്കുന്നതിനായി ജലാറ്റിന്‍ സ്റ്റിക്കുകൾ ട്രക്കിലേക്കു മാറ്റുന്നതിനിടെയാണ് അപകടം ഉണ്ടായതെന്നു ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അപകടത്തിൽപെട്ടവരുടെ ശരീരങ്ങൾ പൊട്ടിത്തെറിയുടെ ആഘാതത്തിൽ ചിതറിപ്പോയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വാഹനവും പൂർണമായി തകർന്നു. 

ആഭ്യന്തര മന്ത്രി ബസവരാജ് ബൊമ്മൈ, ചിക്കബല്ലാപൂർ എംഎൽഎയും  സംസ്ഥാന ആരോഗ്യമന്ത്രിയുമായ കെ. സുധാകര്‍ തുടങ്ങിയവർ സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. അപകടകരമായ രീതിയില്‍  ജലാറ്റിന്‍ സ്റ്റിക്കുകള്‍ ശേഖരിച്ച ക്വാറി ഉടമകൾക്കെതിരെ നടപടി സ്വീകരിക്കുമെന്നു മന്ത്രിമാർ  ഉറപ്പു നൽകി. സംഭവത്തിൽ രണ്ടു പേരെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ജനുവരി 22 ന് കര്‍ണാടകയിലെ ശിവമോഗയിലെ ക്വാറിയിൽ സമാനമായ സ്ഫോടനം നടന്നിരുന്നു. പത്തോളം പേരാണ് അന്ന് സ്ഫോടനത്തിൽ കൊല്ലപ്പെട്ടത്.

English Summary: Six dead after gelatin sticks explode in Chikkaballapur

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com