ADVERTISEMENT

ചേർത്തല∙ ചേർത്തല വയലാറിൽ ഇരു വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷത്തിൽ ആർഎസ്എസ് പ്രവർത്തകൻ കൊല്ലപ്പെട്ടു. വയലാർ ത‌ട്ടാംപറമ്പ് നന്ദു കൃഷ്ണ(22)യെയാണ് വെട്ടിക്കൊലപ്പെടുത്തിയത്. പ്രദേശത്ത് ആർഎസ്എസ്– എസ്ഡിപിഐ സംഘർഷത്തിനിടെയാണു നന്ദു മരിച്ചത്. മൂന്ന് ആർഎസ്എസ് പ്രവർത്തകർക്കും മൂന്ന് എസ്ഡിപിഐ പ്രവർത്തകർക്കും പരുക്കേറ്റു.

കൊലപാതകത്തിൽ നേരിട്ടു പങ്കെടുത്തുവെന്നു സംശയിക്കുന്ന 8 എസ്ഡിപിഐ പ്രവർത്തകർ പിടിയിലായി. ഇവരുടെ അറസ്റ്റ് വൈകാതെ രേഖപ്പെടുത്തും. കണ്ടാൽ അറിയാവുന്ന 16 എസ്ഡിപിഐ പ്രവർത്തകർക്കെതിരെ കേസെടുക്കുമെന്നു പൊലീസ് വ്യക്തമാക്കി.

വയലാറിലെ ആർഎസ്എസ് മുഖ്യശിക്ഷകാണ് നന്ദുകൃഷ്ണൻ. ഇടതു കൈക്കു വെ‌‌ട്ടേറ്റ് ഗുരുതരാവസ്ഥയിലായ ആർഎസ്എസ് പ്രവർത്തകനും സുഹൃത്തുമായ കെ.എസ്. നന്ദുവിനെ (22) എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വയലാര്‍ മേഖലയില്‍ പൊലിസ് സുരക്ഷ വർധിപ്പിച്ചു. പ്രതിഷേധസൂചകമായി വ്യാഴാഴ്ച ആലപ്പുഴയിൽ ബിജെപി പ്രഖ്യാപിച്ച ഹർത്താൽ ആരംഭിച്ചു. രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെയാണ് ഹർത്താൽ. ഇന്നലെ രാത്രി എട്ടോടെ വയലാർ നാഗംകുളങ്ങര കവലയിലായിരുന്നു സംഭവം. ഉച്ചയ്ക്ക് എസ്ഡിപിഐ പ്രചാരണ ജാഥ നടത്തിയിരുന്നു. ഇതിലെ പ്രസംഗത്തിലെ പരാമർശങ്ങളുടെ പേരിൽ ഇരുവിഭാഗവും തമ്മിൽ തർക്കമുണ്ടായി. വൈകിട്ട് എസ്ഡിപിഐയും ആർഎസ്എസും പ്രകടനം നടത്തി.പിരിഞ്ഞു പോയ പ്രവർത്തകർ തമ്മിൽ കല്ലേറും സംഘർഷവുമുണ്ടായി. ഇതാണ് കൊലപാതകത്തിൽ കലാശിച്ചത്.

ഞെട്ടലിൽ വയലാർ ഗ്രാമം

സംഘർഷ സാധ്യത പോലും പ്രതീക്ഷിക്കാത്ത സാഹചര്യത്തിലുണ്ടായ രാഷ്ട്രീയ കൊലപാതകത്തിന്റെ ‍ഞെട്ടലിലാണ് വയലാർ ഗ്രാമം. ആർഎസ്എസ് പ്രവർത്തകൻ നന്ദു കൃഷ്ണന്റെ കൊലപാതകത്തെ തുടർന്ന് പ്രദേശമാകെ പൊലീസ് കാവലിലായി.

ഉച്ചയ്ക്ക് എസ്ഡിപിഐ പ്രചാരണ ജാഥയിലെ പ്രസംഗത്തിലെ പരാമർശങ്ങളുടെ പേരിൽ ഇരുവിഭാഗവും തമ്മിൽ ആദ്യം തർക്കവും പ്രകോപനവുമുണ്ടായി. ഇത് അറിഞ്ഞതിനെ തുടർന്നാണ്, ഇരുകൂട്ടരും വെവ്വേറെ സമയത്ത് നടത്തിയ പ്രകടനത്തിൽ പൊലീസ് സാന്നിധ്യമുണ്ടായത്. പ്രകടനം ന‌‌‌ടത്തി പിരിയുമ്പോഴാണ് സംഘർഷമുണ്ടായത്. അരിവാൾ പോലുള്ള ആയുധം ഉപയോഗിച്ചാണ് ആക്രമിച്ചതെന്നാണ് പൊലീസിന് ലഭിച്ച ആദ്യ സൂചന.

നന്ദു കൃഷ്ണനെ ആശുപത്രിയിലെത്തിക്കുന്നതിനിടെ ആണ് മരണമെന്ന് ബിജെപി നേതാക്കൾ പറയുന്നു. പരുക്കേറ്റ കെ.എസ്.നന്ദുവിന് അടിയന്തര ശസ്ത്രക്രിയ വേണ്ടിവരും. അതിനാൽ കെ.എസ്.നന്ദുവിനെ എറണാകുളത്തെ സ്പെഷലിസ്റ്റ് ആശുപത്രിയിലേക്കാണ് മാറ്റിയത്. ജില്ലാ പൊലീസ് മേധാവി ജി.ജയ്ദേവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം രാത്രി വൈകിയും വയലാറിൽ ക്യാംപ് ചെയ്യുകയാണ്.

രാത്രി വൈകിയും കേസ് എടുക്കാത്തതിൽ പ്രതിഷേധമുണ്ടെന്നും പൊലീസ് സ്ഥലത്തുള്ളപ്പോഴാണ് അക്രമം നടന്നതെന്നും ബിജെപി ചേർത്തല നിയോജക മണ്ഡലം പ്രസിഡന്റ് അഭിലാഷ് മാപ്പറമ്പിൽ ആരോപിച്ചു. 

English Summary: RSS worker murdered at Alappuzha, Harthal on Thursday

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com